എച്ച്ബിഒ മാക്‌സിൽ സംപ്രേഷണം ചെയ്ത മെഡിക്കൽ ഡ്രാമാ സീരീസായ ദി പിറ്റിലെ നേഴ്‌സ് ദനാ ഇവാൻസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടിയാണ് കാതറിൻ ലനാസ. വേറേയും നിരവധി ടെലിവിഷൻ ഷോകളിലും സിനിമകളിലും വേഷമിട്ട കാതറിൻ ഇപ്പോൾ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ മുൻ ഭർത്താവും ബ്ലൂ വെൽവെറ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ച നടനുമായ ഡെന്നിസ് ഹോപ്പറിന്റെ പ്രേതം തന്നെ വേട്ടയാടിയിരുന്നുവെന്നാണ് കാതറിൻ പറഞ്ഞത്. ഡബ്ല്യു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

To advertise here,

'അദ്ദേഹം എന്നെ ആദ്യം സന്ദർശിച്ചത് ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു. അക്കാദമി അവാർഡ് വേദിയിൽ വരുന്ന പോലെയാണ് ഒരിക്കൽ അദ്ദേഹം എന്റെയടുത്ത് വന്നത്. വീൽ ചെയറിയായിരുന്ന അദ്ദേഹം താഴെ വീണു. അതെന്നെ വളരെ അസ്വസ്ഥയാക്കി. കുറേക്കാലത്തേക്ക് അദ്ദേഹത്തിന്റെ പ്രേതം എന്നെ വെറുതെ വിട്ടില്ല' -കാതറിൻ പറഞ്ഞു.

1992-ൽ ഹോപ്പറുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അവസാനത്തെ ഭാര്യ താനായിരിക്കുമെന്നാണ് താൻ കരുതിയതെന്നും കാതറിൻ പറയുന്നു. എന്നാൽ 1996-ൽ ഹോപ്പർ അഞ്ചാമത്തെ ഭാര്യയായ വിക്ടോറിയ ഡഫിയെ വിവാഹം ചെയ്തു. ഹോപ്പർ മരിക്കുന്നതിന് അഞ്ച് മാസം മുമ്പായിരുന്നു ഇത്. 'വിയർത്ത് കുളിച്ച നിലയിലാണ് അദ്ദേഹം എന്റെയടുത്തേക്ക് വന്നിരുന്നത്. എന്നെ ഉപദ്രവിക്കാതെ പോകാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതുപോലെ ചെയ്തു.' -കാതറിൻ തുടർന്നു.

'വിചിത്രമായ അനുഭവമായിരുന്നു അത്. ഹോപ്പറിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഒരു ഗ്യാലറിയിലേക്ക് ഞാൻ ഓടിപ്പോയി. അവിടെ ഒരു ഫോട്ടോഗ്രാഫ് ഉണ്ടായിരുന്നു. ആ ഗ്യാലറിയുടെ ഏറ്റവും പിന്നിലായി തൊപ്പി ധരിച്ച് ക്യാമറയ്ക്ക് നേരെ കണ്ണിറുക്കിക്കാണിക്കുന്ന ഹോപ്പറിന്റെ ഒരു ചിത്രമുണ്ടായിരുന്നു. അത് കണ്ടതോടെ അദ്ദേഹം എന്നെ തനിച്ചുവിട്ടതായി എനിക്ക് തോന്നി.' -കാതറിൻ ലനാസ പറഞ്ഞു.

താൻ കണ്ട ഒരു സ്വപ്നത്തെ കുറിച്ചും അവർ പറഞ്ഞു. സ്വപ്‌നത്തിൽ താനും ഹോപ്പറും ഗ്രീസിലെ ഒരു കഫറ്റീരിയയിലായിരുന്നു. താൻ ഓകെയാണെന്ന് സ്വപ്‌നത്തിൽ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റേതായി താൻ അവസാനം കേട്ട വാക്കുകൾ അതായിരുന്നുവെന്നും കാതറിൻ പറഞ്ഞു.

1989-ലാണ് കാതറിനും ഹോപ്പറും വിവാഹിതരായത്. വിവാഹസമയത്ത് ഹോപ്പറിന് 53 വയസും കാതറിന് 22 വയസുമായിരുന്നു. ഇരുവർക്കും 1990-ൽ ഒരു മകൻ ജനിച്ചു. 2010-ലാണ് ഹോപ്പർ മരിച്ചത്. ഹോപ്പറുമായി പിരിഞ്ഞശേഷം കാതറിൻ സിറ്റ്‌കോം താരമായ ഫ്രെഞ്ച് സ്റ്റുവർട്ടിനെ വിവാഹം ചെയ്തു. 2009-ൽ ഈ ബന്ധവും കാതറിൻ വേർപിരിഞ്ഞു.