
ദീപാവലി എന്നാല്‍ പ്രകാശത്തിന്റെ ഉത്സവമാണ്. ദീപങ്ങള്‍ പൊഴിക്കുന്ന പ്രകാശം ജീവിതത്തിലും വെളിച്ചമേകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കാറ്. ഈ ദീപാവലി കൊണ്ടുതന്ന അപ്രതീക്ഷിതമായ സന്തോഷത്തിന്റെ അമ്പരപ്പിലാണ് ഒരു കുടുംബം.
ദീപാവലി പ്രമാണിച്ച് വീട് നന്നായി വൃത്തിയാക്കുന്നത് ഇന്ത്യയില്‍ പലയിടത്തും ആചാരത്തിന്റെ തന്നെ ഭാഗമാണ്. അങ്ങനെ ചെയ്താലേ ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവതയായ ലക്ഷ്മീദേവി അനുഗ്രഹിക്കൂ എന്നാണ് വിശ്വാസം. ഇതുപ്രകാരം വീട് വൃത്തിയാക്കുന്നതിനിടെ, ഒളിപ്പിച്ചുവെച്ച നിലയിലുള്ള രണ്ട് ലക്ഷം രൂപയാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.
രാഹുല്‍ കുമാര്‍ എന്ന യുവാവാണ് ഈ 'ലോട്ടറി' കഥ പങ്കുവെച്ചത്. സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് രാഹുല്‍ തന്റെ അനുഭവം പറഞ്ഞത്. ഡിടിഎച്ച് സെറ്റ്‌ടോപ്പ് ബോക്‌സിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് തങ്ങള്‍ പണം കണ്ടെത്തിയതെന്ന് രാഹുല്‍ പറയുന്നു. രണ്ടായിരം രൂപയുടെ നോട്ടുകളുടെ കെട്ടാണ് ലഭിച്ചത്. ഇതിന്റെ ചിത്രവും രാഹുല്‍ പങ്കുവെച്ചു.
'ദീപാവലി പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിനിടെ എന്റെ അമ്മ രണ്ട് ലക്ഷം രൂപയ്ക്ക് തുല്യമായ രണ്ടായിരത്തിന്റെ നോട്ടുകള്‍ കണ്ടെത്തി. പഴയൊരു ഡിടിഎച്ച് ബോക്‌സിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇത്. ചിലപ്പൊ നോട്ടുനിരോധനത്തിന്റെ കാലത്ത് എന്റെ പിതാവ് സൂക്ഷിച്ചുവെച്ചതാകും. എന്തായാലും ഇക്കാര്യം ഞങ്ങള്‍ അദ്ദേഹത്തോട് ഇതുവരെ പറഞ്ഞിട്ടില്ല.' -ഇതായിരുന്നു രാഹുലിന്റെ പോസ്റ്റ്.
രസകരമായ ഒട്ടേറെ കമന്റുകളാണ് പോസ്റ്റിനുതാഴെ പ്രത്യക്ഷപ്പെട്ടത്. 'ഇതുപോലെ മറന്നുവെക്കാന്‍ വേണ്ടിയെങ്കിലും രണ്ടുലക്ഷം രൂപ തരൂ ഭഗവാനേ' എന്നാണ് ഒരാള്‍ കമന്റിട്ടത്. 'ശരാശരി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്' എന്ന് മറ്റൊരാള്‍. 'ഉപയോഗത്തിലില്ലെങ്കിലും ഈ നോട്ടുകള്‍ ഇപ്പോഴും നിയമപരമാണ്. റിസര്‍വ് ബാങ്ക് ഓഫീസില്‍ നിന്ന് 20,000 രൂപ പരിധി പാലിച്ചുകൊണ്ട് മാറ്റിയെടുക്കാം' എന്ന അറിവാണ് ഇനിയൊരാള്‍ പകര്‍ന്നത്.
2023 മേയ് 19-നാണ് 2000-ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,884 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് ഇപ്പോഴും പ്രചാരത്തിലുള്ളത്. ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളായിരുന്നു. ഇതില്‍ 98.35 ശതമാനം നോട്ടുകളും തിരികെയെത്തിയെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക് സൂചിപ്പിക്കുന്നത്.
Content Highlights: Family Finds Rs 2 Lakh Hidden in Old DTH Box During Diwali Special Home Cleaning
Published: 13 Oct 2025, 10:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented