'എപ്പോഴാ കല്യാണം കഴിക്കുന്നത്?' -യുവാക്കള്‍ കേട്ട് സഹികെടുന്ന ചോദ്യമാണിത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ കല്യാണം നടത്തണമെന്ന് ആഗ്രഹിക്കുന്ന പഴഞ്ചന്‍ ചിന്താഗതിയുള്ളവര്‍ മാത്രമല്ല, അല്ലാതെയും ചിലര്‍ ഈ ചോദ്യം ചോദിക്കാറുണ്ട്. വിവാഹവേളകള്‍ ആഘോഷത്തിനുള്ള ഇടങ്ങളായി കാണുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് സന്തോഷമേകുന്നതാണ് ഈ വാര്‍ത്ത. 

To advertise here,

അത്തരം ആഘോഷങ്ങള്‍ക്കായി ആരുടെയെങ്കിലും വിവാഹദിനം എത്തുന്നത് വരെ ഇനി കാത്തിരിക്കേണ്ടെന്നാണ് ഡല്‍ഹിയിലെ 'ഇല്ലാക്കല്യാണ' പാര്‍ട്ടികള്‍ സൂചിപ്പിക്കുന്നത്. ഒരു കല്യാണത്തിന്റെ അതേ അന്തരീക്ഷവും വൈബും ഒരുക്കുന്ന ഈ 'ഫേക് വെഡ്ഡിങ്' പാര്‍ട്ടിയില്‍ പക്ഷേ കല്യാണച്ചെക്കനോ പെണ്ണോ ഉണ്ടാകില്ല. 

വിവാഹത്തിനെന്ന പോലെ പരമ്പരാഗതമായ വേഷങ്ങള്‍ ധരിച്ചാണ് അതിഥികളെത്തുക. പാര്‍ട്ടി ഹാള്‍ വിവാഹവീട് പോലെ അലങ്കരിച്ചിട്ടുണ്ടാകും. ധോല്‍ മുഴക്കത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി മുഴുവന്‍ മതിമറന്ന് നൃത്തം ചെയ്ത് അതിഥികള്‍ക്ക് ഈ ഇല്ലാക്കല്യാണം ആഘോഷമാക്കാം. 

സോഷ്യല്‍ മീഡിയാ പ്രൊഫഷണലായ അവന്തികാ ജെയിൻ ഇത്തരത്തിലുള്ള ഒരു ഫേക് വെഡ്ഡിങ് പാര്‍ട്ടിയുടെ പരസ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വിവാഹത്തിന്റെ തീമിലുള്ള പാര്‍ട്ടി കോളേജില്‍ പഠിക്കുന്ന കാലത്ത് തന്റെയും സുഹൃത്തുക്കളുടേയും സ്വപ്‌നമായിരുന്നുവെന്ന് അവന്തിക പറയുന്നു. അന്നത്തെ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള മികച്ച അവസരമാണ് ഈ പാര്‍ട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫേക് വെഡ്ഡിങ് പാർട്ടിയിൽ പങ്കെടുത്ത അനുഭവവും അവന്തിക പങ്കുവെച്ചു. 

ഒരാള്‍ക്ക് 550 രൂപ എന്ന നിരക്കില്‍ തങ്ങള്‍ പാര്‍ട്ടിക്കായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ 25-നായിരുന്നു പാര്‍ട്ടി. നൂറുകണക്കിന് യുവാക്കളാണ് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തിയത്. റൂഫ് ടോപ്പിലൊരുക്കിയ പ്രീമിയം റെസ്റ്ററന്റ് ഉള്‍പ്പെടെ ആകര്‍ഷകമായ പാര്‍ട്ടിയായിരുന്നു അതെന്ന് അവന്തിക പറയുന്നു. 

ഡല്‍ഹിയിലെ സാധാരണ ഒരു വിവാഹവേദി എങ്ങനെയാണോ അതുപോലെയാണ് പാര്‍ട്ടി ഹാള്‍ ഒരുക്കിയിരുന്നത്. വെഡ്ഡിങ് പ്ലേ ലിസ്റ്റിലെ ഹിന്ദി, പഞ്ചാബി ഭാഷകളിലെ ആഘോഷപ്പാട്ടുകളാണ് പ്ലേ ചെയ്തത്. ജെന്‍ സി തലമുറയില്‍ പെട്ടവര്‍ മാത്രമല്ല, മുതിര്‍ന്നവരും പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. തങ്ങള്‍ മതിമറന്ന് ആഘോഷിച്ചുവെന്നാണ് അവന്തികയും സുഹൃത്തുക്കളും പറഞ്ഞത്. 

ഇത്തരം പാര്‍ട്ടികള്‍ക്കായി കല്യാണ സീസണ്‍ വരെ കാത്തിരിക്കേണ്ടതില്ല എന്നതാണ് ഫേക് വെഡ്ഡിങ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ഗുണം. നൈറ്റ് പാര്‍ട്ടികളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ഫേക് വെഡ്ഡിങ് പാര്‍ട്ടികള്‍ നമ്മുടെ നാട്ടിലും ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം.