സോഷ്യല്‍ മീഡിയയില്‍ വൈറലായ പല മേക്കോവര്‍ വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറായ കരണ്‍ എസ് ദിംഗ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നത്. ഇ-റിക്ഷാ ഡ്രൈവറെ സാധാരണ ലുക്കില്‍ നിന്ന് മാറ്റി ഒരു ഫാഷന്‍ മോഡലിനെപ്പോലെയാക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. 

To advertise here,

ഒരു ഓട്ടോ ഡ്രൈവറെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റുന്നു. ക്ലാസിക് ആര്‍മി സൈഡ്പാര്‍ട്ട് ഹെയര്‍സ്റ്റൈലാണ് കരണ്‍ പരീക്ഷിക്കുന്നത്. നീണ്ട താടി വെട്ടി ഒതുക്കുകയും മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനായി തൈരും കസൂരി മേത്തിയും ചേര്‍ന്ന മിശ്രിതം തേക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് മഡ് കളറിലുള്ള ഷര്‍ട്ടും വൈറ്റ് പാന്റ്‌സുമാണ് ഔട്ട്ഫിറ്റായി തിരഞ്ഞെടുക്കുന്നത്. ഇതിനൊപ്പം വാച്ചും ഷൂവും കൂടി ചേര്‍ന്നതോടെ ലുക്ക് പൂര്‍ണമാകുകയും ചെയ്തു.

ഈ ഞെട്ടിക്കുന്ന മേക്കോവറിലേക്ക് യുവാവിനെ എത്തിച്ചത് എങ്ങനെയാണെന്ന് ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ വീഡിയോയില്‍ കൃത്യമായി പറയുന്നുണ്ട്. എങ്ങനെയാണ് മുടി കട്ട് ചെയ്തിരിക്കുന്നത് എന്നത് മുതല്‍ വാച്ചിനെ കുറിച്ച് വരെ വിശദമായി കാണിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഒരു കോടി 66 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. 10 ലക്ഷം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.

ഒട്ടേറെപ്പേര്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറെ അഭിനന്ദിച്ച് കമന്റും ചെയ്തു. റിക്ഷാവാലയില്‍നിന്ന് ഹോളിവുഡ് നടനിലേക്ക്, ഒരു അന്താരാഷ്ട്ര മോഡലിനെപ്പോലെയുണ്ട്, ഇത് രണ്ടും രണ്ട് ആളുകളാണെന്നേ പറയൂ, പണമുണ്ടെങ്കില്‍ ലുക്ക് മാറും എന്നെല്ലാമാണ് കമന്റുകള്‍.