മിതമായി മേക്കപ്പ് ധരിച്ചെത്തുന്ന നടിമാരെ അത് നീക്കം ചെയ്യാനായി തിരിച്ചയക്കുന്ന ശീലം പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ഗുൽസാറിനുണ്ടായിരുന്നെന്ന് മകളും സംവിധായികയുമായ മേഘ്‌ന ഗുൽസാർ. മേഘ്‌ന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ദായ്‌റ'യുടെ മ്യൂസിക് ലോഞ്ചിൽ സംസാരിക്കവെയാണ് അവർ അനുഭവം പങ്കുവെച്ചത്.

To advertise here,

തന്റെ ചിത്രങ്ങളിൽ അഭിനേതാക്കൾ അമിതമായി മേക്കപ്പ് ഇട്ടാൽ അത് കുറച്ച് വരാൻ അദ്ദേഹം ആവശ്യപ്പെടുമായിരുന്നുവെന്ന് മേഘ്‌ന പറഞ്ഞു. നടിമാർ മേക്കപ്പ് കഴുകിക്കളയുന്ന തരത്തിലുള്ള രംഗങ്ങൾ പോലും ഗുൽസാർ തിരക്കഥയിൽ എഴുതിച്ചേർക്കുമായിരുന്നുവെന്നും മേഘ്‌ന കൂട്ടിച്ചേർത്തു. മുതിർന്ന നടി ഷർമിള ടാഗോറിനും കാര്യം അറിയാമെന്ന് മേഘ്‌ന ഓർത്തെടുത്തു.

ഇക്കാര്യം ഗുൽസാർ ശരിവെച്ചു. അങ്ങനെ പറയുമ്പോൾത്തന്നെ അബദ്ധം മനസ്സിലാക്കുന്ന അഭിനേതാക്കൾ, മേക്കപ്പ് ശരിയാക്കാൻ അഞ്ചോ പത്തോ മിനിറ്റ് സമയം ചോദിച്ച് പോകാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഷോട്ടുകൾ നന്നായാൽ അഭിനേതാക്കൾക്കും സാങ്കേതികപ്രവർത്തകർക്കും താൻ മിഠായി സമ്മാനമായി നൽകാറുണ്ടായിരുന്നെന്നും ഗുൽസാർ കൂട്ടിച്ചേർത്തു.

കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പോലീസ് വേഷത്തിൽ എത്തുന്ന 'ദായ്‌റ' അടുത്ത ആഴ്ച തിയേറ്ററുകളിലെത്തും. യഷ് കേസ്വാനി, സീമ അഗർവാൾ എന്നിവർക്കൊപ്പം ഗുൽസാറും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയായിട്ടുണ്ട്. 'സച്ച് കാ ദായ്‌റ' എന്ന ഗാനത്തിന്റെ വരികൾ എഴുതിയതും അദ്ദേഹമാണ്.