മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി ദുർഗ കൃഷ്ണ. ഗർഭകാലം സന്തോഷത്തോടൊപ്പം താൻ നേരിട്ട പ്രതിസന്ധികളേക്കുറിച്ചും അക്കാലത്ത് പിന്തുണയായി കൂടെനിന്ന കുടുംബത്തേക്കുറിച്ചും ദുർഗ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ഒട്ടും തയ്യാറെടുക്കാതെയാണ് താൻ അമ്മയായതെന്നും ഗർഭകാലത്ത് കോവിഡും രക്തത്തിൽ അണുബാധയും ഉൾപ്പെടെ വന്നതിനേക്കുറിച്ചും ദുർഗ പറയുന്നുണ്ട്. തനിക്ക് സന്തോഷം പകർന്നതിനൊപ്പം അതിജീവിക്കാൻ പഠിപ്പിച്ചതും മകളാണെന്ന് ദുർഗ കുറിക്കുന്നുണ്ട്.

To advertise here,

2025 മാർച്ച് 25 ആണ് എല്ലാത്തിന്റെയും തുടക്കമന്ന് പറഞ്ഞാണ് ദുർഗ കുറിപ്പ് ആരംഭിക്കുന്നത്. പ്രെഗ്നൻസി കിറ്റിലെ രണ്ട് ചുവന്ന വരകൾ തന്റെ ലോകം എന്നെന്നേക്കുമായി മാറ്റിമറിച്ചു. സത്യം പറഞ്ഞാൽ, താനപ്പോൾ തയ്യാറായിരുന്നില്ല. സന്തോഷത്തിനും ആശയക്കുഴപ്പത്തിനും ഒപ്പം താനിതിന് തയ്യാറാണോ എന്ന ചോദ്യവുമൊക്കെ ഉള്ളിലുണ്ടായിരുന്നു.

ആദ്യമൂന്നുമാസങ്ങളിൽ കുടുംബം തനിക്ക് പൂർണമായും വിശ്രമം നിർദേശിച്ചിരുന്നുവെന്നും ദുർഗ ഓർക്കുന്നു. വീടിന്റെ നാലുചുവരുകൾക്കുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. മൂന്നാംമാസത്തെ ചെക്കപ്പിനുശേഷം പനിയും ജലദോഷവും പിടിപ്പെട്ടു. തുടർന്നുനടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. വീണ്ടും കർശനമായ ക്വാറന്റൈൻ ജീവിതത്തിലേക്ക് തിരികെപോയി.

കോവിഡിനുശേഷമാണ് യഥാർഥ ദുരിതം ആരംഭിച്ചതെന്നും ദുർഗ പറയുന്നുണ്ട്. ശരീരം മുഴുവൻ പറഞ്ഞറിയിക്കാനാവാത്ത വേദന വന്നു. സഹിക്കാനാവാത്ത വേദനയായിരുന്നു. പിന്നീടാണ് തന്റെ രക്തത്തിൽ ഒരണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. ഗർഭിണിയായിരുന്നതിനാൽ പലമരുന്നുകളും കഴിക്കാൻ പറ്റുമായിരുന്നില്ല. ഇരിക്കാനോ, കിടന്നുറങ്ങാനോ കഴിയാതെ ദിവസങ്ങളോളം കരഞ്ഞുതീർത്തിട്ടുണ്ട്. ശാരീരിക വേദന തനിക്ക് കൈകാര്യം ചെയ്യാനാവുന്നതിലും അപ്പുറമായിരുന്നതിനാൽ ചുറ്റുമുള്ള ഓരോരുത്തരോടും ദേഷ്യവും നിരാശയുമൊക്കെ തോന്നി. ആ വേദന ഇനിയും തരല്ലേ ദൈവമേ, ഇനിയെനിക്കത് സഹിക്കാനാവില്ല എന്ന ഭയത്തോടെയും പ്രാർഥനയോടെയുമാണ് കഴിഞ്ഞിരുന്നത്.

അഞ്ചുമാസത്തിനുശേഷം താൻ ആ മാനസികനിലയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ സ്വയം പരിശ്രമിച്ചു. പക്ഷേ നിരന്തരം വന്നിരുന്ന വേദനയും ശരീരത്തിലെ വീക്കവുമൊക്കെ നൽകിയ ഭയം വിട്ടുപോയിരുന്നില്ല.- ദുർഗ പറയുന്നു.

നോർമൽ ഡെലിവറിയാണ് താൻ ആഗ്രഹിച്ചിരുന്നതെങ്കിലും സിസേറിയനാണ് ഉണ്ടായതെന്നും ദുർഗ പറയുന്നുണ്ട്. മണിക്കൂറുകളോളം നീണ്ട പ്രസവവേദനയ്ക്കും പരമാവധി ശ്രമിച്ചതിനുമൊടുവിൽ സി-സെക്ഷനിലേക്ക് തന്നെ പോയി. പ്രസവവേദനയും സർജറിയുടെ വേദനയും അനുഭവിച്ചു. സർജറിക്കുശേഷമുള്ള ദിവസങ്ങൾ മറ്റൊരു യുദ്ധംപോലെയായിരുന്നു, ബെഡിൽ നിന്ന് എഴുന്നേൽക്കുക, വാഷ്റൂമിലേക്ക് പോവുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും ബാലികേറാമലയായിരുന്നു. ഈ കാലത്തിലെല്ലാം സദാ പിന്തുണയായി നിന്ന ഭർത്താവിനും കുടുംബത്തിനും ഡോക്ടർമാർക്കും നന്ദി പറയുന്നുണ്ട് ദുർഗ.

ഇന്ന് കണ്ണാടിയിൽ നോക്കുമ്പോൾ വ്യത്യസ്തയായൊരു സ്ത്രീയേയാണ് താൻ കാണുന്നത്. തന്റെ ഈ പതിപ്പിനെ സ്നേഹിക്കാൻ പഠിക്കുകയാണ്. ഈ യാത്രയുടെ പാടുകൾ വഹിക്കുന്ന ശരീരത്തേയും സ്നേഹിക്കാൻ പഠിക്കുന്നു. തന്നെ അമ്മയായി തിരഞ്ഞെടുത്തതിന് മകൾക്ക് നന്ദി അർപ്പിക്കുന്ന ദുർഗ മകൾ തനിക്ക് സന്തോഷം പകരുക മാത്രമല്ല മറിച്ച് എങ്ങനെ അതിജീവിക്കണം എന്നുകൂടി പഠിപ്പിച്ചുവെന്ന് കുറിക്കുന്നു.

2021-ലാണ് ദുർഗ കൃഷ്ണയും അർജുനും വിവാഹിതരാകുന്നത്. 2025-ൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. 2024-ൽ പുറത്തിറങ്ങിയ തങ്കമണി ആയിരുന്നു ദുർഗയുടെ അവസാനചിത്രം. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ വേഷമിട്ടിരുന്നു.