മാതൃത്വത്തിന്റെ തുടക്കം അപാരമായ ആനന്ദത്തോടൊപ്പം വലിയൊരു ഉത്തരവാദിത്തത്തിന്റെയും ശാരീരിക മാനസിക മാറ്റങ്ങളുടെയും കാലഘട്ടമാണ്. എന്നാൽ പല അമ്മമാർക്കും ഈ ദിനങ്ങൾ സങ്കീർണ്ണമായ മാനസികാവസ്ഥയുടെ നാളുകളായി മാറാറുണ്ട്. പ്രസവത്തിനു ശേഷമുണ്ടാകുന്ന കടുത്ത മാനസികസമ്മർദ്ദവും വിഷാദവും അഥവാ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഇന്ന് വർധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന് അമൃതധാരയായ മുലപ്പാൽ നൽകുന്നതിനെയും സാരമായി ബാധിക്കാറുണ്ട്.
എന്താണ് പ്രസവാനന്തര വിഷാദരോഗം (Postpartum Depression)?
പ്രസവത്തിനു തൊട്ടുപിന്നാലെ കാണപ്പെടുന്ന താത്കാലികമായ സങ്കടമോ ഉത്കണ്ഠയോ (ബേബി ബ്ലൂസ്) ഏതാനും ദിവസങ്ങൾക്കുള്ളിൽ താനേ മാറുന്നതാണ്. എന്നാൽ ഈ അസ്വസ്ഥതകൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയും, ദൈനംദിന കാര്യങ്ങളെയും കുഞ്ഞിന്റെ പരിചരണത്തെയും ബാധിക്കുന്ന രീതിയിലേക്ക് കഠിനമാകുമ്പോഴാണ് അതിനെ പ്രസവാനന്തര വിഷാദരോഗമായി കണക്കാക്കുന്നത്.
ഹോർമോണുകളിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ, ഉറക്കമില്ലായ്മ, ശാരീരിക ക്ഷീണം, കുടുംബത്തിൽ നിന്നുള്ള പിന്തുണയുടെ കുറവ് എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
പ്രസവാനന്തര വിഷാദവും മുലയൂട്ടലും: ആഘാതങ്ങൾ
മാനസികാരോഗ്യവും ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ മുലയൂട്ടലിനെ താഴെ പറയുന്ന രീതികളിൽ ബാധിക്കുന്നു:
- പാൽ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് : മുലപ്പാൽ ഉത്പാദനത്തിനും അതിന്റെ ഒഴുക്കിനും സഹായിക്കുന്നത് ഓക്സിറ്റോസിൻ, പ്രോലാക്റ്റിൻ എന്നീ ഹോർമോണുകളാണ്. അമ്മ കടുത്ത മാനസികസമ്മർദ്ദത്തിലൂടെയും ഉത്കണ്ഠയിലൂടെയും കടന്നുപോകുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ വർധിക്കുകയും ഓക്സിറ്റോസിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് പാലിന്റെ ഒഴുക്ക് കുറയ്ക്കാൻ കാരണമാകുന്നു.
- ശരിയായ ലാച്ചിങ് (Latching) തടസ്സപ്പെടൽ : വിഷാദരോഗം ബാധിച്ച അമ്മമാർക്ക് കുഞ്ഞിനെ ശാന്തമായി ചേർത്തുപിടിക്കാനോ, ശരിയായ രീതിയിൽ വായ ഉറപ്പിച്ച് പാൽ നൽകാനോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത് മുലയൂട്ടൽ പ്രക്രിയ കൂടുതൽ ശ്രമകരമാക്കുന്നു.
- അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം : മുലയൂട്ടൽ എന്നത് ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, അമ്മയും കുഞ്ഞും തമ്മിൽ വൈകാരികമായ ഒരു ബന്ധമുണ്ടാകുന്ന സമയം കൂടിയാണ്. വിഷാദം മൂലം കുഞ്ഞിനോട് അടുപ്പക്കുറവ് അനുഭവപ്പെടുന്നത് മുലയൂട്ടൽ നേരത്തെ അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.
തടസ്സങ്ങൾ മറികടക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിഷാദമോ ഉത്കണ്ഠയോ തോന്നിയാൽ അത് കുറ്റബോധത്തോടെ മറച്ചുവെക്കാതെ പങ്കാളിയോടോ ഡോക്ടറോടോ തുറന്നു സംസാരിക്കുക.
കുഞ്ഞിനെ ഉറക്കുന്നതിലും മറ്റ് പരിചരണങ്ങളിലും പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സഹായം ഉറപ്പാക്കുക. ഇത് അമ്മയ്ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാൻ സഹായിക്കും.
അമിതമായ ക്ഷീണമോ വിഷാദമോ കാരണം മുലയൂട്ടാൻ സാധിക്കാത്ത ഘട്ടങ്ങളിൽ, സ്തനങ്ങളിൽ പാൽ കെട്ടിക്കിടക്കാതിരിക്കാൻ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ പിഴിഞ്ഞുവെക്കാവുന്നതാണ്.
പ്രസവാനന്തര വിഷാദരോഗം എന്നത് ഒരു സ്ത്രീയുടെയും മാനസിക ബലഹീനതയോ പരാജയമോ അല്ല മറിച്ച് കൃത്യമായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും പൂർണ്ണമായി മാറ്റിയെടുക്കാവുന്ന ഒരു വൈദ്യശാസ്ത്രപരമായ അവസ്ഥ മാത്രമാണ്. ഈ ഘട്ടത്തിൽ താൻ തനിച്ചാണെന്നോ അല്ലെങ്കിൽ കുഞ്ഞിന് വേണ്ടത്ര പാൽ നൽകാൻ കഴിയുന്നില്ലെന്നോ ഓർത്ത് ഏതൊരു അമ്മയും കുറ്റബോധം തോന്നേണ്ടതില്ല. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും സഹാനുഭൂതിയും ഈ സമയത്ത് അവർക്ക് അത്യന്താപേക്ഷിതമാണ്.
ലക്ഷണങ്ങൾ തുടർച്ചയായി കാണപ്പെടുകയാണെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെയോ ഗൈനക്കോളജിസ്റ്റിന്റെയോ സഹായത്തോടെ ആവശ്യമായ കൗൺസിലിങ്ങോ ചികിത്സയോ തേടാൻ മടിക്കരുത്. മാനസികമായും ശാരീരികമായും സംതൃപ്തയും ആരോഗ്യവതിയുമായ ഒരു അമ്മയ്ക്ക് മാത്രമേ തന്റെ കുഞ്ഞിന് മികച്ച പരിചരണവും അമൃതധാരയായ മുലപ്പാലും നൽകാൻ സാധിക്കൂ. അതിനാൽ മറ്റെല്ലാ കാര്യങ്ങൾക്കും ഉപരിയായി സ്വന്തം ശാരീരിക മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ ഓരോ അമ്മയും ശ്രദ്ധിക്കേണ്ടതുണ്ട്.
കാസർഗോഡ് ആസ്റ്റർ മിംസിൽ ഒബ്സ്ടട്രിക്സ്& ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖിക.
Content Highlights: Postpartum depression affects new mothers' mental health and can significantly impact breastfeeding, reducing milk production and emotional bonding with the baby.
Published: 04 Oct 2026, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented