മാസംതോറും നിശ്ചിത തുക ശമ്പളമായി പോക്കറ്റിലെത്തുന്ന വൈറ്റ് കോളർ ജോലികളാണ് ഏറ്റവും മികച്ച ജീവിതമാർഗമെന്ന് കരുതുന്നവരുണ്ട്. എന്നാൽ, പലപ്പോഴും വിദ്യാഭ്യാസ യോഗ്യതയ്ക്കും കഴിവുകൾക്കും സന്നദ്ധതയ്ക്കും അനുയോജ്യമായ ജോലികൾ ലഭിക്കാറില്ല. ഉന്നതവിദ്യാഭ്യാസമുണ്ടെങ്കിലും ലഭിച്ച ജോലിയിൽ കാര്യമായ വരുമാനമുണ്ടാവണമെന്നില്ല. എന്നാൽ, സ്വന്തമായൊരു ചെറുകിട സംരംഭം തുടങ്ങിയാൽ അത്രത്തോളംതന്നെ വരുമാനം ലഭിക്കുമെന്നതാണ് യാഥാർഥ്യം.
ഇവിടെയിതാ, ഡ്രൈക്ലീനർ ജോലി ചെയ്യുന്ന ഒരാളുടെ വരുമാനമെത്രയെന്ന് പങ്കുവെച്ചിരിക്കുകയാണ് നളിനി ഉനഗർ എന്ന എക്സ് ഉപയോക്താവ്. സ്ഥാപനത്തിൽ ഉടമയും ഭാര്യയും രണ്ട് സഹായികളുമാണുള്ളത്. ഇവരുടെ പ്രതിമാസ വരുമാനം ഏകദേശം 2,83,500 രൂപയാണ്. വൈദ്യുതിക്ക് ഏകദേശം 6000 രൂപയും സഹായികൾക്ക് ശമ്പളമായി 40,000 രൂപയുമാണ് പ്രതിമാസ ചെലവായി വരുന്നത്. ഇവിടെ ലാഭം 2,37,500 രൂപയാണെന്ന് നളിനി തന്റെ പോസ്റ്റിൽ പറയുന്നു.
ഇന്നലെ ഞാൻ സ്ഥിരമായി പോകാറുള്ള എന്റെ വീടിനടുത്തുള്ള ഡ്രൈക്ലീനിങ് ഷോപ്പ് ഉടമയോട് സംസാരിക്കുകയായിരുന്നു. ഭാര്യയും ഭർത്താവും ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. ശമ്പളത്തിന് ജോലി ചെയ്യുന്ന രണ്ട് സഹായികളുമുണ്ട്. അവർ പ്രതിമാസം രണ്ട് ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്ന് കേട്ട് ഞാൻ ഞെട്ടി. പത്തു വർഷത്തിലേറെ അനുഭവപരിചയമുള്ള ഒരു സോഫ്റ്റ്‌വേർ എൻജിനീയർക്ക് ലഭിക്കുന്നതിന് തുല്യമായ തുകയാണിത് - നളിനി പറയുന്നു.
ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ വരവുകൾ എങ്ങനെയാണെന്നും നളിനി വിവരിച്ചു. ദിവസേന ഏകദേശം 350 തുണികൾ അവർ ഇസ്തിരിയിടും; ഓരോന്നിനും 10 രൂപ. ഇതുവഴി 3500 രൂപ കിട്ടും. 20 തുണികളോളം ഡ്രൈക്ലീൻ ചെയ്യാനുണ്ടാവും; ഓരോന്നിനും 350 രൂപ നിരക്കിൽ ദിവസം 7000 രൂപ ലഭിക്കും. അങ്ങനെ ദിവസം ഏകദേശം 10,500 രൂപ ലഭിക്കുന്നു. മാസം മൂന്ന് ദിവസം മാത്രമാണ് അവധിയുള്ളത്. 27 ദിവസംവെച്ച് കണക്കാക്കിയാൽ മാസം 2,83,500 രൂപ അവർക്ക് ലഭിക്കുന്നുണ്ട്. ഇതിൽ കറന്റ് ബില്ലും ശമ്പളവും കുറച്ച് 2,37,500 രൂപ അവരുടെ ലാഭമാണ്. ഇത് മുൻമാസത്തെ കണക്കുകളാണെന്നും ശരാശരി രണ്ട് ലക്ഷത്തിന് മുകളിൽ തുകയാണ് ലഭിക്കുന്നതെന്നും കടയുടമ പറഞ്ഞതായി നളിനി കൂട്ടിച്ചേർത്തു.
സ്വാഭാവികമായും സോഷ്യൽ മീഡിയ ഇതൊരു ചർച്ചയാക്കി. സാമൂഹിക പദവിയെക്കുറിച്ചുള്ള സങ്കല്പങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ഇത് വ്യക്തമാക്കുന്നതെന്ന് പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടി. സംരംഭക വിജയത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് മറ്റ് ചിലർ ഇതിനെ വിശേഷിപ്പിച്ചു.
നല്ല ശമ്പളം പ്രതീക്ഷിച്ച് നാം പലപ്പോഴും വൈറ്റ് കോളർ ജോലികൾക്ക് പിന്നാലെ പായാറുണ്ട്. എന്നാൽ, ചെറുതായാലും വലുതായാലും സ്വന്തമായി ഒരു ബിസിനസ്സ് പൂർണ താല്പര്യത്തോടെ നടത്തുകയാണെങ്കിൽ അത് അത്രതന്നെ പ്രതിഫലം നൽകുന്ന ഒന്നാണെന്നും ചിലപ്പോൾ അതിലപ്പുറമാണെന്നും ഇത്തരം വിവരങ്ങൾ തെളിയിക്കുന്നു. ഇത് പങ്കുവെച്ചതിന് നന്ദിയെന്ന് ഒരു എക്സ് ഉപയോക്താവ് കമന്റിൽ പറഞ്ഞു.
Content Highlights: Woman Reveals Huge Monthly Profits of a Local Dry Cleaning Business; Viral Post
Published: 10 Feb 2026, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented