യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും കാമുകി ബെറ്റിനാ ആന്‍ഡേഴ്‌സണും ഒന്നിച്ച് നൃത്തച്ചുവടുകള്‍ വെക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബോളിവുഡ് ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്തത്. ഇവരെക്കൊണ്ട് നൃത്തം ചെയ്യിച്ചതാകട്ടെ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും.

To advertise here,

ഇന്ത്യന്‍ വംശജനായ യുഎസ്സിലെ ശതകോടീശ്വരന്‍ രാജു മന്തേനയുടെ മകള്‍ നേത്രാ മന്തേനയുടെ മകളുടെ വിവാഹാഘോഷത്തിനിടെയാണ് സംഭവം. രാജസ്ഥാനിലെ ഉദയ്പുരിലായിരന്നു വിവാഹാഘോഷം നടന്നത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

സ്റ്റേജില്‍ ശാന്തമായി നൃത്തം ചെയ്യുകയായിരുന്ന ട്രംപ് ജൂനിയറിനേയും ബെറ്റിനയേയും രണ്‍വീര്‍ സിങ് രസകരമായി തടസപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് ഇരുവരോടും ബോളിവുഡ് ഗാനത്തിന് ചുവടുവെക്കാന്‍ താരം ആവശ്യപ്പെട്ടു. രണ്‍വീറിന്റെ ചിത്രമായ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയിലെ 'വാട്ട് ജുംകാ?' എന്ന ഗാനത്തിന് ചുവടുവെക്കാനാണ് രണ്‍വീര്‍ ഇരുവരോടും ആവശ്യപ്പെട്ടത്.

കരണ്‍ ജോഹറായിരുന്നു വിവാഹാഘോഷത്തിന്റെ അവതാരകന്‍. ജാന്‍വി കപൂര്‍, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, കൃതി സനോണ്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ വിവാഹത്തിന് എത്തിയിരുന്നു. ഇവരെല്ലാം വേദിയില്‍ ഗാനങ്ങളാലപിക്കുകയും ചുവടുകള്‍ വെക്കുകയും ചെയ്തുകൊണ്ട് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ഗള്ളി ബോയ് എന്ന ചിത്രത്തിലെ അപ്‌നാ ടൈം ആയേഗാ എന്ന ഗാനമാണ് രണ്‍വീര്‍ സിങ് പാടിയത്.