കഴിഞ്ഞ മെയിലാണ് നടിയും അവതാരകയുമായ ആര്യ വിവാഹിതയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത അറിയിച്ചത്. ഡിജെ ആയ സിബിന്‍ ബെഞ്ചമിനെയാണ് വിവാഹം ചെയ്യുന്നതെന്നും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണെന്നും ആര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ അടുത്തുതന്നെ വിവാഹം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുയാണ് സിബിന്‍. ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഇനി ചടങ്ങ് എവിടെ നടത്തണം എന്ന കാര്യം കൂടി തീരുമാനിക്കാനുണ്ടെന്നും 'ഒറിജിനല്‍സ്' എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിബിന്‍ പറഞ്ഞു.

To advertise here,

ആര്യയുടെ അമ്മയുടെ അടുത്ത് വിവാഹക്കാര്യം അവതരിപ്പിച്ചത് താന്‍ തന്നെയാണെന്നും സിബിന്‍ പറയുന്നു. 'ആര്യയുടെ അമ്മയും ഞാനും നല്ല ബോണ്ടാണ്. വിവാഹക്കാര്യം പറഞ്ഞത് ഞാന്‍ തന്നെയാണ്. അമ്മയ്ക്ക് ആദ്യം വിശ്വാസമായില്ല'-സിബിന്‍ പറയുന്നു. ആര്യയുടെ സഹോദരി അഞ്ജുവിന്റെ ഡയറിയില്‍ താനും ആര്യയും വിവാഹം ചെയ്യുന്നതിനെ കുറിച്ച് എഴുതി വെച്ചിരുന്നുവെന്നും സിബിന്‍ പറയുന്നു. അച്ഛനുള്ള കത്തായിട്ടായിരുന്നു അഞ്ജു അക്കാര്യം ഡയറിയില്‍ എഴുതിയിരുന്നതെന്നും സിബിന്‍ പറയുന്നു. തന്റെ വീട്ടുകാരോട് കോണ്‍ഫന്‍സ് കോളിലൂടെയാണ് വിവാഹക്കാര്യം പറഞ്ഞത്. കൂടെ ആര്യയുമുണ്ടായിരുന്നുവെന്നും സിബിന്‍ കൂട്ടിച്ചേര്‍ത്തു. 

തന്റെ മുന്‍ ഭാര്യയുടെ ആരോപണങ്ങളെ കുറിച്ചും മകനെ കുറിച്ചും സിബിന്‍ അഭിമുഖത്തില്‍ മനസ് തുറന്നു. മകന് താന്‍ ആരാണെന്ന് പോലും അറിയാത്ത സാഹചര്യമുണ്ടായിരുന്നെന്നും മകന് രണ്ട് വയസ് കഴിഞ്ഞ ദിവസമാണ് തന്റെ അടുത്ത് നിന്ന് കൊണ്ടുപോയതെന്നും സിബിന്‍ പറയുന്നു. തനിക്ക് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് മകനാണ്. അവന് വേണ്ടി എന്തും ചെയ്യും. അവന്റെ ചികിത്സയെ കുറിച്ചോ പഠിക്കുന്ന സ്‌കൂളിനെ കുറിച്ചോ തന്നോട് പറയുന്നില്ലെന്നും സിബിന്‍ പറയുന്നു. 

'ബാംഗ്ലൂരിലായിരുന്നു മകന്‍. പറ്റുമ്പോഴെല്ലാം കാണാന്‍ ഞാന്‍ പോവുമായിരുന്നു. അന്ന് സാമ്പത്തികശേഷി പോലും എനിക്ക് വലുതായില്ലാത്ത സമയമാണ്. പിന്നീട് മുന്‍ ഭാര്യയുമായുള്ള റിലേഷന്‍ഷിപ്പില്‍ പ്രശ്‌നങ്ങളായി. അതോടെ മകനെ എന്നെ കാണിക്കാതിരിക്കുന്ന സാഹചര്യം വന്ന് തുടങ്ങി. ഇതേ കുറിച്ച് സംസാരിക്കുമ്പോള്‍ ആധികാരികത വരണമെങ്കില്‍ പേഴ്‌സണല്‍ ചാറ്റുകളും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കാണിക്കേണ്ടി വരും. ഞാന്‍ കൂട്ടുകാരുമായി സംസാരിച്ച കോള്‍ റെക്കോര്‍ഡുകള്‍, ഞാന്‍ അവളുമായി സംസാരിച്ചതിന്റെ കോള്‍ റെക്കോര്‍ഡുകള്‍ എല്ലാം അവള്‍ ശേഖരിച്ച് വെച്ചിരുന്നു. പിന്നീട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലൂടെ പുറത്തും വിട്ടു. കോവിഡ് ശക്തമാകുന്നതിന് മുമ്പുള്ള മാര്‍ച്ച് മാസം വരെ എല്ലാ മാസവും മകന് വേണ്ടി ഞാന്‍ 25000 രൂപ അയച്ച് കൊടുക്കുമായിരുന്നു.

അവരുടെ ഫ്‌ളാറ്റിന്റ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചോ ടെറസിന് മുകളില്‍ വെച്ചോ ആണ് ഞാന്‍ മകനെ കണ്ടിരുന്നത്. ആ വീട്ടില്‍ പോയി അവിടെ ഇരുന്ന് മകനോടൊപ്പം ടൈം സ്‌പെന്റ് ചെയ്യാന്‍ സാഹചര്യം ഇല്ലായിരുന്നു. മകന്റെ കസ്റ്റോഡിയന്‍ഷിപ്പിന് വേണ്ടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു ഞാന്‍. അതുപോലെ മുന്‍ ഭാര്യ പറയുന്നു അവര്‍ക്ക് ഞാന്‍ ഡിവോഴ്‌സ് കൊടുക്കുന്നില്ലെന്ന്. പക്ഷെ 2021-ല്‍ ഡിവോഴ്‌സ് പെറ്റീഷന്‍ ആദ്യം ഫയല്‍ ചെയ്തത് ഞാനാണ്. മകനെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളിക്കാരിക്ക് ഞാന്‍ ദിവസവും നിരവധി മെസേജുകള്‍ അയക്കും. വിളിക്കും. പക്ഷെ പുള്ളിക്കാരി ഫോണ്‍ എടുക്കില്ല. 

പക്ഷെ കാശ് വരാന്‍ വൈകിയാല്‍ പുള്ളിക്കാരി വിളിക്കും, യുട്യൂബില്‍ കമന്റിടും. ഞാന്‍ കുറച്ച് മാസം മുമ്പ് മകനെ പോയി കണ്ടിരുന്നു. അടുത്ത നിമിഷം അവിടെ നടന്നതും ഞാനും മകനും സംസാരിച്ചത് അടക്കമുള്ള കാര്യങ്ങള്‍ വേറൊരാള്‍ യുട്യൂബ് ചാനലില്‍ വന്ന് ഇരുന്ന് പറയുന്നത് ഞാന്‍ കണ്ടു. അയാള്‍ എങ്ങനെ അവിടെ നടന്ന കാര്യങ്ങള്‍ അറിഞ്ഞു?

എന്റെ ഇമേജ് നശിപ്പിക്കണം എന്നതാണോ പുള്ളിക്കാരിയുടെ ഉദ്ദേശം എന്നൊന്നും എനിക്ക് മനസിലാവുന്നില്ല. കാശ് കൃത്യമായി ചെന്നില്ലെങ്കില്‍ വിളിക്കും. അല്ലാതെ മോനെ വീഡിയോ കോള്‍ ചെയ്യണമെന്ന് പറഞ്ഞാലൊന്നും പ്രതികരിക്കില്ല. കേസിന് പുള്ളിക്കാരി ഹാജരാകാറില്ല. പിന്നെ ലോകത്തില്ലാത്ത സെറ്റില്‍മെന്റ് ചോദിച്ചാല്‍ ഡിവോഴ്‌സ് കൊടുക്കാന്‍ പറ്റുമോ?. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ ഡിവോഴ്‌സായി. ആ സെറ്റില്‍മെന്റ് കഴിഞ്ഞശേഷമാണ് അടുത്തിടെ മകനെ ഞാന്‍ നോക്കുന്നില്ലെന്ന് പറഞ്ഞ് പുള്ളിക്കാരി എനിക്ക് എതിരെ ആരോപണം ഉന്നയിച്ചത്.

പുള്ളിക്കാരിയുടെ എക്സ്പെക്റ്റേഷന് പറ്റിയ ഭര്‍ത്താവല്ല ഞാന്‍. അല്ലാതെ അവര്‍ക്ക് കുറ്റങ്ങളോ കുറവോ ഇല്ല. പലപ്പോഴും മകനെ കാണാന്‍ പറ്റാതെ തിരിച്ച് വന്നിട്ടുണ്ട്. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല ലൈഫ്. ഇതൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ദൈവം ആഗ്രഹിച്ചതുപോലെയാണ് എന്റെ ലൈഫ്.

വിവാഹം കഴിച്ച് നല്ലൊരു കുടുംബമായി ജീവിക്കുക എന്നതായിരുന്നു സ്‌കൂള്‍ കാലം മുതല്‍ എന്റെ സ്വപ്‌നം. 23-ാം വയസിലായിരുന്നു വിവാഹം. മുന്‍ഭാര്യ എനിക്കൊപ്പം ആയിരുന്ന സമയത്ത് വീട്ടിലെ മേശയിലെ ഗ്ലാസ് പൊട്ടി എന്റെ കൈ മുറിഞ്ഞു. അന്ന് നിലത്ത് വീണ ചോരയുടെ ഫോട്ടോ പുള്ളിക്കാരി എടുത്തിരുന്നു. പിന്നീട് ഞാന്‍ ബിഗ് ബോസില്‍ പോയി വന്നശേഷം ആ ഫോട്ടോ പുള്ളിക്കാരി ഞാന്‍ അവരെ കുത്തി എന്ന രീതിയിലാക്കി പ്രചരിപ്പിച്ചു'- സിബിന്‍ അഭിമുഖത്തില്‍ പറയുന്നു.