ഇന്ത്യയില്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരികളായെത്തിയ രണ്ട് യുവതികള്‍. അമേരിക്കയില്‍നിന്ന് ഡല്‍ഹി കാണാനെത്തിയ ഇവരുടെ വീഡിയോ അനുവാദം കൂടാതെ ഒരാള്‍ പകര്‍ത്തുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചു.

To advertise here,

ഡല്‍ഹിയിലെ ഹോട്ടലില്‍ ബിക്കിനി ധരിച്ച് സണ്‍ബാത്തിങ് നടത്തുന്നതിനിടയില്‍ ഒരാള്‍ ഹോട്ടല്‍ മുറിയുടെ കര്‍ട്ടന്‍ നീക്കി തങ്ങളുടെ വീഡിയോ എടുത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. മാതാപിതാക്കളോടൊപ്പം ലോകം ചുറ്റി സഞ്ചരിക്കുന്ന സഹോദരിമാരായ റോറിയും സേജുമാണ് മോശം അനുഭവം നേരിട്ടത്. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരാള്‍ ഗ്ലാസ് ജനാലയ്ക്ക് പിന്നില്‍നിന്ന് ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് യുവതികളുടെ വീഡിയോ പകര്‍ത്തുന്നത് കാണാം. യുവതികള്‍ അസ്വസ്ഥരാകുന്നതും അച്ഛനെ വിളിക്കുന്നതും വീഡിയോയിലുണ്ട്. 

കൂടെ പുരുഷന്‍മാരോ ബോഡിഗാര്‍ഡോ ഇല്ലാതെ ഇന്ത്യയിലേക്ക് വരരുതെന്നും നിങ്ങള്‍ സണ്‍ബാത്തിങ്ങിലാണെങ്കിലും മുഴുവന്‍ വസ്ത്രവും ധരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിങ്ങളുടെ വീഡിയോ എടുക്കുമെന്നും യുവതികള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ചിലര്‍ യുവതികളോട് മാപ്പ് പറഞ്ഞപ്പോള്‍ ഇങ്ങനെയുള്ള ആളുകളെ വെറുതെ വിടരുതെന്നും പോലീസിന് പരാതി നല്‍കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.