ക്രിക്കറ്റിനോടൊപ്പം തന്നെ കുടുംബ ജീവിതവും ഏറെ ആസ്വദിക്കുന്ന വ്യക്തിയാണ് ദിനേശ് കാര്‍ത്തിക്. ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ദിനേശ് കാര്‍ത്തിക് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

To advertise here,

ഇപ്പോഴിതാ ദീപികയുമായുള്ള ഒരു സംഭാഷണം ട്വീറ്റ് ചെയ്തിരിക്കുകയാണ് കാര്‍ത്തിക്. എല്ലാവരുടേയും കുടുംബ ജീവിതമായും ബന്ധപ്പെടുത്താവുന്ന ട്വീറ്റ് ആണിതെന്നും ദിനേശ് കാര്‍ത്തിക് പറയുന്നു. 

രണ്ട് സമയങ്ങളില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണമാണ് കാര്‍ത്തിക് ട്വീറ്റില്‍ പറയുന്നത്. രാവിലെ എഴുന്നേറ്റ് കോഫി ചോദിച്ചപ്പോള്‍ സ്വയം ഉണ്ടാക്കി കുടിച്ചാല്‍ മതി എന്ന് ദീപിക പറയുന്നതാണ് കാര്‍ത്തികിന്റെ ട്വീറ്റ്. 

'പുലര്‍ച്ചെ 4.25. ഉറക്കം എഴുന്നേറ്റ ഞാന്‍ വീണ്ടും കിടന്നു. ദീപിക എന്തോ പിറുപിറുത്തു. ഞാന്‍ പാതി ഉറക്കത്തില്‍ ഓ.കെ എന്ന് പറഞ്ഞു. 'ഞാന്‍ ചോദിച്ചതിന് മറുപടി തന്നില്ലല്ലോ' എന്ന് ദീപിക പറഞ്ഞു. മറുപടി പറയാതെ ഞാന്‍  ഉറങ്ങിപ്പോയി. രാവിലെ ഏഴു മണി. കോഫി വേണമെന്ന് ഞാന്‍ ദീപികയോട് പറഞ്ഞു. സ്വന്തമായി ഉണ്ടാക്കിയാല്‍ മതിയെന്നായിരുന്നു മറുപടി.'-കാര്‍ത്തിക് ട്വീറ്റില്‍ പറയുന്നു. തന്റെ അനുഭവം വേറെ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് കാര്‍ത്തിക് അവസാനം ചോദിക്കുന്നുണ്ട്. 

2015 ഓഗസ്റ്റിലാണ് ദീപികയും കാര്‍ത്തികും വിവാഹിതരായത്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും ഇരട്ട ആണ്‍കുഞ്ഞുങ്ങളുണ്ടായി. ഇപ്പോള്‍ ഒരു വയസ് പൂര്‍ത്തിയായ മക്കളുടെ പേര് കബീര്‍, സിയാന്‍ എന്നാണ്. അമ്മയായ ശേഷം സ്‌ക്വാഷില്‍ നിന്ന് ബ്രേക്ക് എടുത്ത ദീപിക തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.