ലോക കാപ്പി ദിനം

ഒരു കാപ്പി കുടിച്ചാൽ പകുതി പ്രശ്നത്തിനു പരിഹാരമായെന്നു പറയുന്നവരുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഊർജം ലഭിക്കാനുമൊക്കെ ഒരു കപ്പ് കാപ്പി മതി എന്നു പറയുന്നവരേറെയാണ്. അത്തരക്കാരുടെ ദിനമാണിന്ന്, ലോക കോഫി ദിനം. കോഫിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നിരന്തരം ചർച്ചകൾ ഉയരാറുണ്ട്. ഒരുദിവസം എത്ര അളവ് കാപ്പി കുടിക്കാമെന്നും കാപ്പിയുടെ ആരോഗ്യ ഗുണങ്ങളും പരിശോധിക്കാം.
ഹൃദയാരോഗ്യത്തിന് കാപ്പി ഗുണംചെയ്യുമെന്നും ദിവസവും രണ്ടുമുതൽ അഞ്ചു കപ്പുവരെ (എട്ട് ഔൺസ്) കാപ്പി കുടിക്കുന്നത് സുരക്ഷിതമാണെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്.എ.). സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തിൽ കണ്ടെത്തിയത്.
കാപ്പി കുടിക്കുന്നതിലൂടെ പാർക്കിൻസൺസ് ഡിസീസ്, ടൈപ് 2 ഡയബറ്റിസ്, അൽസ്ഹൈമേഴ്സ് ഡിസീസ്, വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗങ്ങൾ, കരളിലെ കാൻസർ, വൃക്കയിലെ കല്ല് തുടങ്ങിയവയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. ചിലരിൽ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗ സാധ്യത കുറയ്ക്കുന്നതിനും കാപ്പി സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കരളിന്റെ ആരോഗ്യത്തിന് കാപ്പി ഗുണംചെയ്യുമെന്നും പഠനങ്ങൾ പറയുന്നു. കാപ്പി കുടിക്കുന്നവരിൽ കരളിലെ എൻസൈമുകളുടെ അളവ് ആരോഗ്യകരമായ പരിധിക്കുള്ളിൽ ആയിരിക്കും. കോഫി ഉപഭോഗം അർബുദസാധ്യതയും വിട്ടുമാറാത്ത കരൾ രോഗങ്ങളും കുറയ്ക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ടൈപ്പ് 2 പ്രമേഹം
കോഫി കുടിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നുണ്ട്. കാപ്പിക്കുരുക്കളിൽ അടങ്ങിയ പോളിഫെനോളുകൾ എന്ന സംയുക്തങ്ങൾ വീക്കം കുറയ്ക്കും. ശരീരത്തിന്റെ ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
വൃക്കയുടെ ആരോഗ്യം
സ്ഥിരമായി കോഫി കുടിക്കുന്ന ആളുകളിൽ വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ വീക്കവും കോശങ്ങളുടെ കേടുപാടുകളും കുറയ്ക്കാൻ സഹായിക്കും.
കോഫിയും ഹൃദയാരോഗ്യവും
ദിവസവും ഒന്നോ രണ്ടോ കപ്പ് കോഫി കുടിക്കുന്നത് ഹൃദയസ്തംഭനം (ഹൃദയപേശികളുടെ ബലക്ഷയം), ഏട്രിയൽ ഫൈബ്രിലേഷൻ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം (കൊറോണറി ആർട്ടറി സ്ക്ലീറോസിസ്) എന്നിവ ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
പാർക്കിൻസൺസും ഡിമെൻഷ്യയും
കോഫി കുടിക്കുന്നത് പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങളുണ്ട്. മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കാനും മസ്തിഷ്കത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും. ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്ന ആളുകളിൽ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുന്നതായും ഇതിലൂടെ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
കാൻസറിനെ തടയാൻ
കോഫി കുടിക്കുന്നവരിൽ ചില അർബുദങ്ങൾ വരാനുള്ള സാധ്യതയും കുറവായിരിക്കാമെന്ന് ഗവേഷണങ്ങൾ പറയുന്നുണ്ട്. കരൾ കാൻസർ (ഹെപറ്റോസെല്ലുലാർ കാർസിനോമ), എൻഡോമെട്രിയൽ (ഗർഭാശയ) അർബുദങ്ങൾ, കൊളറെക്റ്റൽ കാൻസർ (വൻകുടൽ കാൻസർ),
പ്രോസ്റ്റേറ്റ് കാൻസർ, ചർമാർബുദം, തൊണ്ടയിലെ കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയുമെന്നാണ് കരുതുന്നത്.
ചുരുക്കത്തിൽ കോഫി കുടിക്കുന്നവരിൽ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം എന്നിവ ഉൾപ്പെടെയുള്ള പ്രധാന മരണകാരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നുണ്ട്.
അമിതമായാൽ...
അതേസമയം കഫീൻ ഉള്ളതുകൊണ്ട് അമിതമായാൽ ചില പ്രശ്നങ്ങളും കാപ്പിക്കുണ്ട്. കഫീൻ അധികമായാൽ ഉത്കണ്ഠ, തലവേദന ഹൃദയമിടിപ്പ് വർധിക്കുക തുടങ്ങിയവയ്ക്കു കാരണമാകും. നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യും. അമിതമായ ഉപയോഗം ഹൃദയത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തി ഹൃദയാഘാതത്തിനും കാരണമായേക്കാം. അഡ്രിനാലിൻ അമിതമായി ഉയരുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ഹൃദയപേശികളെ ചുരുക്കുകയും ചെയ്യും. രക്തസമ്മർദ്ദത്തിലെ പെട്ടെന്നുള്ള വർധനവ് രക്തം കട്ടപിടിക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനുമിടവരുത്തും.
കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ ഗർഭിണികൾ, ഹൃദ്രോഗം നേരത്തേയുള്ളവർ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിർദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ.
Content Highlights: Coffee consumption may reduce the risk of heart disease, with studies suggesting two to five cups daily can be beneficial for heart health.
Published: 01 Oct 2026, 01:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented