സുൽത്താൻ ബത്തേരി: വയനാട്ടിലെ കാപ്പി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉൽപ്പാദനത്തിനൊപ്പം സംസ്കരണം, മൂല്യവർധന, പാക്കേജിങ്, ബ്രാൻഡിങ്, വിപണനം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ പറഞ്ഞു. വയനാട്ടിലെ കാപ്പി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് മാതൃകാപരമായ മാർഗദർശനവും പരിഹാരവും ഉണ്ടാക്കിയെടുക്കണമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു റസീന അബ്ദുൽ ഖാദർ. കേരള സർക്കാർ, കോഫി ബോർഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനീസ് കൺസോർഷ്യം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
കോഫി ബോർഡ് കേരളം–തമിഴ്നാട് മേഖല ജോയിന്റ് ഡയറക്ടർ (എക്സ്റ്റൻഷൻ) ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.ജി. ഇന്ദ്രജിത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഷംസാദ്, സുൽത്താൻ ബത്തേരി കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ദേവസ്യ, മുൻ കോഫി ബോർഡ് അംഗങ്ങളായ അരിമുണ്ട സുരേഷ്, മനോജ് കുമാർ കെ.കെ., ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജിഷ കെ.എ., കേര പ്രോജക്റ്റ് സംസ്ഥാന പ്ലാന്റേഷൻ സ്പെഷ്യലിസ്റ് ആർ.എസ്. അഞ്ജിത്ത്., കേരള കോഫി ലിമിറ്റഡ് കൺസൾട്ടന്റ് ധർമ്മരാജ് നരേന്ദ്രനാഥ്, എഫ്.പി.ഒ.–എഫ്.പി.സി. കൺസോർഷ്യം പ്രതിനിധി പി.കെ. അച്യുതൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. പ്രകാശ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജിൽ, പുൽപ്പള്ളി വനമൂലിക പ്രൊജക്റ്റ് മാനേജർ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
സെമിനാറിന്റെ ഭാഗമായി കാപ്പിയുടെ ആരോഗ്യഗുണങ്ങൾ, കാപ്പിയിലെ മൂല്യവർധന, കേര പദ്ധതിയുടെ പ്രവർത്തനങ്ങൾ, കാപ്പി കൃഷിയിലെ ജലസേചന സംവിധാനങ്ങൾ, ഇന്ത്യൻ ഫിൽട്ടർ കാപ്പിയുടെ തയ്യാറാക്കൽ എന്നിവയെക്കുറിച്ച് സാങ്കേതിക സെഷനുകൾ നടന്നു. കോഫി ബോർഡ് ജൂനിയർ ലൈസൺ ഓഫീസർ പി. ടി. ജയൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജിഷ കെ. എ., കേര ഫീൽഡ് ഓഫീസർമാരായ ആഷിക്ക് അലി.കെ, അഥീന. ഒ.കെ., കോഫി ബോർഡ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർമാരായ എസ്. മിഥുൻലാൽ, ആർ.മീരാരാജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
കോഫി ബോർഡ് സുൽത്താൻ ബത്തേരി സീനിയർ ലൈസൺ ഓഫീസർ എസ്. സുരേന്ദ്രൻ സ്വാഗതവും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ. സി. മധു ബോപ്പയ്യ നന്ദിയും പറഞ്ഞു.
കാപ്പി കർഷകർ, കർഷക സംഘടനാ പ്രതിനിധികൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കൃഷി-വ്യവസായ മേഖലകളിലെ ഉദ്യോഗസ്ഥർ, കാപ്പി മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കാപ്പിയുടെ ഉൽപ്പാദനം മുതൽ മൂല്യവർധന, വിപണനം, സംരംഭകത്വം എന്നിവ വരെയുള്ള വിവിധ സാധ്യതകൾ ചർച്ച ചെയ്ത സെമിനാർ വയനാട്ടിലെ കാപ്പി മേഖലയെ കൂടുതൽ വിപണിസൗഹൃദവും വരുമാനദായകവുമായ മേഖലയാക്കി മാറ്റുന്നതിനുള്ള വിവിധ ഇടപെടലുകൾക്ക് വേദിയായി.
Published: 01 Oct 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented