ഒരു ദിവസം മൂന്നു മുതൽ അഞ്ചു കപ്പ് കാപ്പി വരെ കുടിക്കുന്നത് ആരോഗ്യകരമാണെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നത്. പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ചെറുക്കുന്നതിനും കാപ്പി ഗുണകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ആന്റിഓക്സിഡന്റുകളും കഫീനും ധാരാളം അടങ്ങിയ കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് ഹൈദരാബാദിൽ നിന്നുള്ള കാൻസർ സർജനായ ഡോ. അർജുൻ ശങ്കരൻ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താൻ ദിവസവും കാപ്പി കുടിക്കാറുണ്ടെന്നും അതിന്റെ ഗുണങ്ങളേക്കുറിച്ചും അർജുൻ പങ്കുവെച്ചിരിക്കുന്നത്. എല്ലാദിവസവും കാപ്പി കുടിക്കുന്നതിനുള്ള അഞ്ചു കാരണങ്ങൾ എന്നുപറഞ്ഞാണ് ഡോ.അർജുൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അർബുദസാധ്യത കുറയ്ക്കും, ഹൃദയത്തെയും കരളിനെയും കാക്കും; കാപ്പി കുടിച്ച് ആരോഗ്യം സംരക്ഷിക്കാം
കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയുമെന്ന് പോസ്റ്റിൽ പറയുന്നു. വിട്ടുമാറാത്ത വീക്കം (inflammation) കുറയ്ക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്തുകൊണ്ട് കാപ്പി കരളിലെ കോശങ്ങളെ സംരക്ഷിക്കും. കാപ്പി കുടിക്കുന്നതിലൂടെ കരൾ രോഗം മൂലം മരിക്കാനുള്ള സാധ്യത 49% കുറയുകയും ചെയ്യുമെന്ന് അദ്ദേഹം കുറിക്കുന്നു.
ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കൃത്യമായി നിയന്ത്രിക്കാനും സഹായിക്കുന്ന പോളിഫെനോളുകൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്. ഒരു കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 8% കുറയ്ക്കും, 2 കപ്പ് കുടിക്കുന്നത് സാധ്യത 15% ആയി കുറയ്ക്കും, 3 കപ്പ് കുടിക്കുന്നത് സാധ്യത 21% ആയി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നുണ്ട്. എന്നാൽ പഞ്ചസാര ചേർത്താൽ അതിന്റെ ഗുണം പകുതിയായി കുറയുമെന്നും ഡോക്ടർ പറയുന്നു.
കാപ്പി കുടിക്കുന്ന സ്ത്രീകൾക്ക് എൻഡോമെട്രിയൽ കാൻസർ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. കാപ്പിയിലെ ആന്റിഓക്സിഡന്റുകൾ ഡിഎൻഎ കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കും. കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ മിതമായതോ, ഉയർന്ന അളവിലോ കാപ്പി കുടിക്കുന്നത് എൻഡോമെട്രിയൽ കാൻസർ സാധ്യത 20% മുതൽ 29% വരെ കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
കാപ്പിയിലെ കഫീനും മറ്റ് ഘടകങ്ങളും പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കുമെന്നും ഡോക്ടർ പറയുന്നു. മസ്തിഷ്ക ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ന്യൂറോ പ്രൊട്ടക്ടീവ് ഗുണങ്ങൾ കഫീന് ഉണ്ട്. പതിവായി കാപ്പി കുടിക്കുന്നതിലൂടെ പാർക്കിൻസൺസ് സാധ്യത 37% കുറയ്ക്കാനാവും.
കൂടാതെ കാപ്പി കുടിക്കുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലമുള്ള മരണങ്ങൾ കുറയ്ക്കാനാവുമെന്നും ഡോ.അർജുൻ പറയുന്നു. കാപ്പിയിലെ പോളിഫെനോളുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്സ് ചെറുക്കുകയും വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം കാക്കുകയും ചെയ്യും. ഇതിലൂടെ ഹൃദയസ്തംഭനം, ഹൃദയമിടിപ്പിലെ വ്യതിയാനം എന്നിവ കുറയ്ക്കുകയും ഹൃദയാഘാത-പക്ഷാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും ഡോക്ടർ കുറിക്കുന്നു.
അതേസമയം താൻ അടുപ്പിൽ നിന്ന് നേരിട്ടെടുക്കുന്ന കാപ്പി അതേ ചൂടിൽ കുടിക്കാറില്ലെന്നും ഡോ.അർജുൻ പറയുന്നുണ്ട്. 65 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പാനീയങ്ങൾ അന്നനാളത്തിലെ (food-pipe) കാൻസർ സാധ്യത വർധിപ്പിച്ചേക്കാം. തിളച്ച കാപ്പി കുടിക്കുന്നതിന് മുൻപ് 10 മിനിറ്റ് കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു.
കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യം, പ്രമേഹത്തെ പ്രതിരോധിക്കുക, പാർക്കിൻസൺസ് സാധ്യത കുറയ്ക്കൽ, ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങൾ കുറയ്ക്കൽ, കരൾ, എൻഡോമെട്രിയൽ കാൻസർ സാധ്യത കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോ. അർജുൻ വ്യക്തമാക്കുന്നു. അതേസമയം ദിവസവും 2 മുതൽ 3 ചെറിയ കപ്പ് വരെ പഞ്ചസാര കുറച്ചോ ഇടാതെയോ കാപ്പി കുടിക്കുന്നതാണ് നല്ലതെന്നും ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കുടിക്കാതിരിക്കണമെന്നും ഗർഭിണിയാണെങ്കിൽ പരമാവധി 1 മുതൽ 2 ചെറിയ കപ്പ് കാപ്പിവരെ കുടിക്കാമെന്നും ഡോ.അർജുൻ കൂട്ടിച്ചേർക്കുന്നു.
അമിതമായാൽ...
അതേസമയം കഫീൻ ഉള്ളതുകൊണ്ട് അമിതമായാൽ ചില പ്രശ്നങ്ങളും കാപ്പിക്കുണ്ട്. കഫീൻ അധികമായാൽ ഉത്കണ്ഠ, തലവേദന ഹൃദയമിടിപ്പ് വർധിക്കുക തുടങ്ങിയവയ്ക്കു കാരണമാകും. നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യും. അമിതമായ ഉപയോഗം ഹൃദയത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തി ഹൃദയാഘാതത്തിനും കാരണമായേക്കാം. അഡ്രിനാലിൻ അമിതമായി ഉയരുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ഹൃദയപേശികളെ ചുരുക്കുകയും ചെയ്യും. രക്തസമ്മർദ്ദത്തിലെ പെട്ടെന്നുള്ള വർധനവ് രക്തം കട്ടപിടിക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനുമിടവരുത്തും.
കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ ഗർഭിണികൾ, ഹൃദ്രോഗം നേരത്തേയുള്ളവർ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിർദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ.
Content Highlights: Discover how drinking coffee daily can reduce risks of liver disease, diabetes, and heart issues, according to Dr. Arjun Shankaran.
Published: 22 Oct 2026, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented