
ബോളിവുഡ് താരം ദിയ മിര്‍സയും വ്യവസായിയായ വൈഭവ് രേഖിയും 2021-ലാണ് വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകള്‍ സമൈറ രേഖിയെ കുറിച്ചും തന്റെ രണ്ടാനച്ഛന്‍ അഹമ്മദ് മിര്‍സയെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ദിയ.
കുട്ടിക്കാലത്ത് വായിക്കുന്ന കഥകളിലെല്ലാം രണ്ടാച്ഛനേയും രണ്ടാനമ്മയേയും ദുഷ്ടന്‍മാരായാണ് ചിത്രീകരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവരെ കുറിച്ച് പേടിപ്പെടുത്തുന്ന തോന്നലുകളാണ് കുട്ടികളുടെ മനസിലുണ്ടാകുകയെന്നും ദിയ, പീപ്പിള്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സമൈറയും താനും മാനസികമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണെങ്കിലും അവളുടെ ഫോണില്‍ തന്റെ പേര് സേവ് ചെയ്തിരിക്കുന്നത് 'ദിയ ഇതുവരെ ദുഷ്ടയായ രണ്ടാനമ്മയല്ല' എന്ന പേരിലാണെന്നും ദിയ പറയുന്നു. അവളുമായുള്ള ബന്ധം ദൃഢമായശേഷം ആ പേരില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ദിയ പറയുന്നു. കുട്ടിക്കാലത്ത് താന്‍ ഇത്തരത്തിലുള്ള കഥകളൊന്നും വായിക്കാത്തതിനാല്‍ രണ്ടാനച്ഛന്റെ സ്‌നേഹത്തണലിലാണ് വളര്‍ന്നതെന്നും അദ്ദേഹത്തെ അബ്ബ എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം ഭീകരനാണെന്ന് ഒരിക്കല്‍പോലും തോന്നിയിട്ടില്ലെന്നും ദിയ പറയുന്നു.
'ദൈവത്തിന് നന്ദി, ഞാന്‍ കുട്ടിക്കാലത്ത് കെട്ടുകഥകള്‍ വായിച്ചില്ല. കാരണം അത് ഒട്ടേറെ മുന്‍വിധികളുണ്ടാക്കുന്നു. രണ്ടാനച്ഛനും രണ്ടാനമ്മയും എപ്പോഴും ദുഷ്ടന്‍മാരാണ് എന്ന മുന്‍വിധി. സമൈറയ്ക്കും അത്തരത്തിലുള്ള മുന്‍വിധികളുണ്ടായിരുന്നെന്ന് തോന്നുന്നു. അവള്‍ എന്റെ നമ്പര്‍ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് - 'ദിയ, ഇതുവരെ ദുഷ്ടയായ രണ്ടാനമ്മയല്ല' (Dia, not yet the evil stepmother) എന്നാണ്. അതാണല്ലോ കെട്ടുകഥകള്‍ ചെയ്യുന്നത്, അല്ലേ? എന്റെ പേരിന് താഴെയുള്ള ഈ വിവരണം അവള്‍ മാറ്റിയോ എന്ന് അറിയില്ല.'-ദിയ പറയുന്നു.
'എനിക്ക് നാലര വയസുള്ളപ്പോഴാണ് അമ്മ ദീപയും അച്ഛന്‍ ഫ്രാങ്ക് ഹാന്‍ഡ്രിച്ചും വിവാഹമോചനം നേടിയത്. ശേഷം അമ്മ അഹമ്മദ് മിര്‍സ എന്നയാളെ വിവാഹം ചെയ്തു. അപ്പോള്‍ എനിക്ക് ആറ് വയസായിരുന്നു പ്രായം. അന്ന് മുതല്‍ ഞാന്‍ അദ്ദേഹത്തെ അബ്ബ എന്ന് വിളിച്ചു തുടങ്ങി. നിറഞ്ഞ സ്‌നേഹത്തോടെ എന്റെ മനസ് അദ്ദേഹത്തെ സ്വീകരിച്ചു. താലോലിച്ചും കെട്ടിപ്പിടിച്ചും സ്‌നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നില്ല അബ്ബ. പക്ഷേ പതുക്കെ ഞാന്‍ അദ്ദേഹത്തെ സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരാളാക്കി മാറ്റി. 2003-ല്‍ ഷൂട്ടിങ്ങിനായി വിദേശത്ത് പോകുന്നതിന് മുമ്പാണ് അദ്ദേഹത്തെ ഏറ്റവുമൊടുവില്‍ കണ്ടത്. മരണത്തിന് മുമ്പുള്ള അവസാന കൂടിക്കാഴ്ച്ച അതായിരുന്നു. ഹൈദരാബാദിലെ വിമാനത്താവളത്തില്‍വെച്ച് ഗുഡ്‌ബൈ പറഞ്ഞ് അദ്ദേഹം നല്‍കിയ ഊഷ്മളമായ ആലിംഗനവും അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് വീണ കണ്ണുനീര്‍ തുള്ളികളും ഞാന്‍ ഒരിക്കലും മറക്കില്ല്.'-ദിയ കൂട്ടിച്ചേര്‍ത്തു.
2014-ല്‍ ദിയ ദീര്‍ഘകാലമായി ബിസിനസ് പങ്കാളിയായ സാഹില്‍ സംഘയെ വിവാഹം ചെയ്തു. എന്നാല്‍ അഞ്ചു വര്‍ഷത്തെ ആയുസ് മാത്രമേ ഈ ബന്ധത്തിനുണ്ടായുള്ളു. 2019-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം 2021 ഫെബ്രുവരിയിലാണ് ദിയയും വൈഭവും വിവാഹിതരായത്. ഇരുവര്‍ക്കും അവ്യാന്‍ ആസാദ് രേഖി എന്നൊരു മകനുണ്ട്.
Content Highlights: dia mirza reveals stepdaughter had her number saved as not yet evil stepmother
Published: 03 Jun 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented