
കഴിഞ്ഞ ജൂണിൽ അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി മൂല്യമുള്ള സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ അസംതൃപ്തി രേഖപ്പെടുത്തി ഡൽഹി ഹൈക്കോടതി. സഞ്ജയ് കപൂറിന്റെ ഭാര്യ പ്രിയ സച്ച്‌ദേവും അമ്മ റാണി കപൂറും തമ്മിലുള്ള തർക്കം 'സ്വകാര്യ കാര്യങ്ങൾ പരസ്യമായ വേദിയിലേക്ക് വലിച്ചിഴക്കുന്നത് പോലെയാണെന്ന്' കോടതി വിമർശിച്ചു.
'ദൈവം കുടുംബത്തിന് ധാരാളം സമ്പത്ത് നൽകി. അത് എല്ലാവർക്കും ഒരുപോലെ അനുഭവിക്കാൻ കഴിയണം'-കോാടതി പറഞ്ഞു. റാണി കപൂർ, പ്രിയ സച്ച്‌ദേവ്, സഞ്ജയ് കപൂറിന്റെ മുൻഭാര്യയും നടിയുമായ കരിഷ്മ കപൂർ, അവരുടെ മക്കളായ കിയാനും സമൈറ എന്നിവർ അനുരഞ്ജനത്തിന് ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്ഥാപിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ആർകെ ഫാമിലി ട്രസ്റ്റ് ലക്ഷ്യമിട്ട് റാണി കപൂർ ഫയൽ ചെയ്ത ഒരു സിവിൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സമ്പത്ത് നിയമവിരുദ്ധമായി സ്വന്തമാക്കാൻ പ്രിയ സച്ച്‌ദേവ് ഒരു വ്യാജ ട്രസ്റ്റുണ്ടാക്കി എന്നാണ് റാണിയുടെ ആരോപണം.
മകന്റെ മരണത്തിൽ ദുഃഖിതയായിരുന്നപ്പോൾ രേഖകളിൽ ഒപ്പിടാൻ നിർബന്ധിതയായെന്ന് റാണി കപൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ അറിവില്ലാതെ ആസ്തികളെല്ലാം ആ ട്രസ്റ്റിന്റെ ഭാഗമായെന്നും അത് നിയമവിരുദ്ധവും അസാധുവുമാണെന്ന ്പ്രഖ്യാപിച്ച് പിരിച്ചുവിടണമെന്നും റാണിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ട്രസ്റ്റുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളും വിശദമായ സ്റ്റേറ്റ്‌മെന്റും അവർ ആവശ്യപ്പെട്ടു.
53 വയസ്സുള്ള സഞ്ജയ് കപൂർ കഴിഞ്ഞ വർഷം ജൂൺ 12-ന് ലണ്ടനിൽ പോളോ കളിക്കുമ്പോഴാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. 2015 ജൂണിൽ മരിച്ച സോന ഗ്രൂപ്പിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ സുരീന്ദർ കപൂറിന്റെ ഭാര്യയായ താനാണ് സ്വത്തിന്റെ ഏക അവകാശിയെന്ന് റാണി ഹർജിയിൽ പറയുന്നു. 2016 ജനുവരിയിൽ സുരീന്ദറിന്റെ വിൽപത്രം സഞ്ജയ് കപൂർ എതിർപ്പിലാതെ അംഗീകരിച്ചതാണെന്നും റാണി ഹർജിയിൽ അവകാശപ്പെടുന്നു. 2017 സെപ്റ്റംബറിൽ തനിക്ക് സ്‌ട്രോക്ക് വന്നുവെന്നും അതിനുശേഷം മകനും ഭാര്യയുമായിരുന്നു തന്റെ ആശ്രയം. ഇത് തന്റെ സമ്മതമില്ലാതെ ആസ്തികൾ ആർകെ ഫാമിലി ട്രസ്റ്റിലേക്ക് വഴിതിരിച്ചുവിടാൻ ഉപയോഗിച്ചുവെന്നും റാണി ആരോപിക്കുന്നു.
പ്രിയ സച്ച്‌ദേവിനെതിരെ സഞ്ജയ് കപൂറിന്റെ മുൻഭാര്യ കരിഷ്മയുടെ മക്കളായ സമൈറയും കിയാനും നേരത്തെ കേസ് ഫയൽ ചെയ്തിരുന്നു. പ്രിയ വിൽപത്രം വ്യാജമായി നിർമിച്ചുവെന്ന് ആരോപിച്ചാണ് കേസ് നൽകിയത്. സഞ്ജയ് തന്റെ സ്വത്തിൽ അവർക്ക് വിഹിതം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അന്തിമ വിൽപത്രത്തിൽ അതില്ലെന്നും അവർ അവകാശപ്പെട്ടു.
Content Highlights: delhi high court on sunjay kapur inheritance row
Published: 10 Feb 2026, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented