
ന്യൂഡൽഹി: ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പി.ടി. ഉഷയെ നാമനിർദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ ആണ് പി.ടി. ഉഷയെ ഐ.ഒ.എ ജനറൽ അസംബ്ലിയിലേക്ക് പ്രതിനിധിയായി നാമനിർദേശം ചെയ്തത്.
കായിക മേഖലയിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്കുള്ള വിഭാഗത്തിൽ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പി.ടി. ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷൻ ഉഷയെ നാമനിർദേശം ചെയ്തത്. അസോസിയേഷൻ പ്രസിഡന്റ് ഗുർപ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഉഷയുടെ പേര് നാമനിർദേശം ചെയ്തത്.
ഇതിനെ ചോദ്യംചെയ്ത് കുൻസാങ് നാംഗ്യാൽ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗമായിരുന്നില്ലെന്നായിരുന്നു നാംഗ്യാൽ വിഭാഗത്തിന്റെ വാദം. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ചവരെയാണ് ഐ.ഒ.എ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഡൽഹി ഹൈക്കോടതിയുടെ അനുകൂല ഉത്തരവോടെ ഉഷയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തടസ്സം നീങ്ങി.
Published: 23 Nov 2026, 02:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented