
ലോകപ്രശസ്ത ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും മകൻ ബ്രൂക്ലിൻ ബെക്കാമും തമ്മിലുള്ള കുടുംബകലഹം പുതിയ തലത്തിലേക്ക് കടക്കുകയാണ്. മാതാപിതാക്കൾക്കെതിരെ ബ്രൂക്ലിൻ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് പിന്നാലെ, ‘കുട്ടികൾക്ക് തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്’ എന്ന പ്രതികരണവുമായി ഡേവിഡ് ബെക്കാം രംഗത്തെത്തി.
മാതാപിതാക്കളായ ഡേവിഡ് ബെക്കാമും വിക്ടോറിയയും തന്നെയും ഭാര്യ നിക്കോള പെൽറ്റ്‌സിനെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആറ് പേജുള്ള ഒരു കുറിപ്പാണ് ബ്രൂക്ലിൻ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ബ്രൂക്ലിൻ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ ഡേവിഡ് ബെക്കാം തയ്യാറായില്ല. എന്നാൽ, CNBC-യുടെ സ്‌ക്വാക്ക് ബോക്‌സ് എന്ന പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം മകനെ ഉദ്ദേശിച്ചുള്ള ചില കാര്യങ്ങൾ പങ്കുവെച്ചു.
‘കുട്ടികൾക്ക് തെറ്റുകൾ സംഭവിക്കാം. തെറ്റുകൾ വരുത്താൻ അവരെ അനുവദിക്കണം, എങ്കിൽ മാത്രമേ അവർക്ക് പഠിക്കാൻ സാധിക്കൂ’- ബെക്കാം പറഞ്ഞു. താൻ തന്റെ കുട്ടികളെ വളർത്തിയതും ഇതേ പാഠങ്ങൾ പഠിപ്പിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുണിസെഫ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ലോകത്തിലെ കുട്ടികൾക്കായി താൻ പ്രവർത്തിക്കാറുണ്ടെന്നും തന്റെ മക്കളെയും അതേ രീതിയിൽ ബോധവാന്മാരാക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ കാലങ്ങളായി മാധ്യമങ്ങളെ ഉപയോഗിച്ച് കുടുംബത്തെക്കുറിച്ച് വ്യാജമായ കഥകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ കാണിക്കുന്ന സ്നേഹപ്രകടനങ്ങൾ വെറും പ്രകടനപരത മാത്രമാണെന്നും ബ്രൂക്ലിൻ ആരോപിച്ചു. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി നിരപരാധികളെപ്പോലും ബലിയാടാക്കി മാധ്യമങ്ങളിൽ കള്ളങ്ങൾ പ്രചരിപ്പിക്കാൻ അവർ മടിക്കില്ലെന്നും സത്യം എന്നെങ്കിലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കൾ വിവാഹത്തിന് മുൻപ് മുതൽക്കേ തന്റെ ദാമ്പത്യം തകർക്കാൻ ശ്രമിക്കുന്നുവെന്ന ബ്രൂക്ലിന്റെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, മകൻ തെറ്റായ വഴിയിലാണെന്ന സൂചന നൽകിക്കൊണ്ടുള്ള പ്രതികരണമാണ് ഡേവിഡ് ബെക്കാമിന്റേത് എന്ന് സിഎൻബിസി അഭിമുഖം വ്യക്തമാക്കുന്നു.
Content Highlights: David Beckham Responds to Son Brooklyn's Accusations.
Published: 21 Jan 2026, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented