
പാലക്കാട്: “അച്ഛനും അമ്മയ്ക്കും ഞങ്ങളെ ഒരുപാട് ഇഷ്ടമാണ്. അമ്മയ്ക്കുപക്ഷേ, അച്ഛനെ വേണ്ടാ, ഞങ്ങളെ മതി. ഞങ്ങൾക്ക് അച്ഛനെയും അമ്മയെയും വേണം. അവർ ഒരുമിച്ചെത്തിയാലേ കൂടെപ്പോകൂ’’-ജില്ലാകളക്ടർ മാധവിക്കുട്ടിയെക്കണ്ട് ആ കുരുന്നുകൾ സങ്കടമറിയിച്ചു. പാലക്കാട് ആനക്കര സ്വദേശികളായ, പന്ത്രണ്ടും പത്തും എട്ടും വയസ്സുള്ള കുട്ടികളാണ് മുത്തച്ഛനോടൊപ്പമെത്തി ജില്ലാകളക്ടറോട് തങ്ങളുടെ സങ്കടാവസ്ഥ അറിയിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ എത്തിയ ഇവരോടൊപ്പം അച്ഛന്റെ സഹോദരിയുടെ മകളായ പന്ത്രണ്ടുവയസ്സുകാരിയുമുണ്ടായിരുന്നു. അവളാണ് ഇവരുടെ പ്രശ്നങ്ങൾ പറയാൻ മുന്നിട്ടിറങ്ങിയത്. കുട്ടികളുടെ അമ്മയും അച്ഛനും തമ്മിൽ സ്വരച്ചേർച്ചയില്ലാത്തതാണ് പ്രശ്നം. അമ്മ വിദേശത്ത് ജോലിചെയ്യുകയാണ്. വിഷുക്കാലത്ത് അച്ഛനും മക്കളും അമ്മയെ സന്ദർശിക്കാൻ രണ്ടുമാസത്തേക്ക് വിദേശത്തുപോയിരുന്നു. അവിടെ അമ്മ അവരെ ശ്രദ്ധിച്ചതുപോലുമില്ലെന്ന സങ്കടമാണവർക്ക്. നാട്ടിൽ തിരിച്ചെത്തിയ അച്ഛൻ മദ്യപിക്കാൻ തുടങ്ങി. മക്കൾ മൂന്നുപേരും ഒറ്റപ്പെട്ട അവസ്ഥയായി. ഇപ്പോൾ താമസം അച്ഛന്റെ കുടുംബവീട്ടിലാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിയ അമ്മ കുട്ടികളോട് ഒപ്പംവരാൻ ആവശ്യപ്പെട്ടു. അച്ഛനെയും കൊണ്ടുപോകുമെങ്കിൽ കൂടെവരാമെന്ന് കുട്ടികൾ പറഞ്ഞു. അതുനടക്കില്ലെന്നും കുട്ടികളെ കൊണ്ടുപോകുമെന്നും അമ്മ തീർത്തുപറഞ്ഞപ്പോഴാണ് അവർ കളക്ടറെ കാണാനെത്തിയത് എന്നുപറയുന്നു.
കുടുംബപ്രശ്നങ്ങൾ പോലീസ് കേസിലേക്കൊക്കെ വഴിവെച്ചിട്ടുണ്ട്. ഇതെല്ലാം കുട്ടികളെ മാനസികമായി വേട്ടയാടുകയാണ്. ഇവർ ശിശുക്ഷേമസമിതിയിൽ വിളിച്ച് പരാതി പറയുകയുമുണ്ടായി. തുടർന്നാണ് തിങ്കളാഴ്ച മുത്തച്ഛനെയും കൂട്ടി കളക്ടറേറ്റിലെത്തിയത്.
കളക്ടറുടെ നിർദേശപ്രകാരം വനിത-ശിശു വികസന വകുപ്പിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതർ കുട്ടികളുമായി സംസാരിച്ചു. സംരക്ഷണം നൽകാമെന്നും ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് തത്കാലം വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്.
Content Highlights: Three children seek District Collector's intervention in Palakkad., Parental marital discord causing severe mental trauma to children., Child Protection Unit initiated counseling and support., Children refuse to be separated from either parent.
Published: 12 May 2026, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented