
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് വീണ്ടും കുടുംബപ്രശ്നങ്ങൾ തലപൊക്കിയിരിക്കുകയാണ്. നിലവിലെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ വൻ വിവാദത്തിലേക്കാണ് വഴിതുറന്നത്. 2013-ൽ ഭാര്യ ഡോ. യാമിനി തങ്കച്ചി ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങളെത്തുടർന്ന് രാജിവയ്‌ക്കേണ്ടി വന്ന ചരിത്രമുള്ള ഗണേഷ് കുമാർ 13 വർഷങ്ങൾക്ക് ശേഷം ബിന്ദു മേനോനിലൂടെ ആരോപണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ രാഷ്ട്രീയമായി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
യാമിനി തങ്കച്ചിയും 2013-ലെ രാഷ്ട്രീയ ഭൂകമ്പവും
1994 മെയ് 20-നായിരുന്നു ഗണേഷ് കുമാറും ഡോ. യാമിനി തങ്കച്ചിയും തമ്മിലുള്ള വിവാഹം. 19 വർഷം നീണ്ടുനിന്ന ആ ബന്ധം തകർന്നത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഗണേഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു യുവതിയുടെ ഭർത്താവ് മന്ത്രിമന്ദിരത്തിലെത്തി അദ്ദേഹത്തെ മർദിച്ചുവെന്ന വാർത്തയിൽനിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. തുടർന്ന് യാമിനി നടത്തിയ വാർത്താസമ്മേളനം കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. കഴിഞ്ഞ 16 വർഷമായി താൻ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്നും ഗണേഷിന്റെ അവിഹിത ബന്ധങ്ങൾ ചോദ്യംചെയ്തതിനായിരുന്നു മർദനമെന്നും അവർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പരാതി നൽകിയിട്ടും തന്നെ വഞ്ചിക്കുകയാണ് ഉണ്ടായതെന്നും അവർ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. ഇതേത്തുടർന്ന് 2013 ഏപ്രിൽ 2-ന് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഒടുവിൽ തിരുവനന്തപുരം വഴുതക്കാട്ടെ വീടും രണ്ടേകാൽ കോടി രൂപയും മക്കൾക്കായി 75 ലക്ഷം രൂപയും നൽകിക്കൊണ്ടാണ് ഗണേഷ് യാമിനിയിൽ നിന്നും വിവാഹമോചനം നേടിയതെന്നാണ് റിപ്പോർട്ടുകൾ.
സോളാർ കുരുക്ക്
പിന്നീട് സോളാർ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ഗണേഷ് കുമാറിന്റെ രാഷ്ട്രീയജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. സോളാർ കേസിലെ പ്രതിയുമായി ഗണേഷ് കുമാറിനുണ്ടായിരുന്ന ബന്ധം അക്കാലത്ത് വലിയ വിവാദമായി പുറത്തുവന്നു. യാമിനിയുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ഗണേഷ്, പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ വരാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സോളാർ കേസിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. മന്ത്രിസഭയിലേക്കുള്ള മടക്കം പരാജയപ്പെട്ടതോടെയാണ് അദ്ദേഹം യു.ഡി.എഫുമായി അകലുന്നതും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിക്കുന്നതും.
രണ്ടാം എൽ.ഡി.എഫ് സർക്കാരിൽ അധികാര വിഭജനം നടന്നപ്പോൾ, മുൻഗണനാക്രമത്തിൽ ആന്റണി രാജുവിനും മുന്നേ മന്ത്രിസഭയിൽ എത്തേണ്ടിയിരുന്നത് കെ.ബി. ഗണേഷ് കുമാറായിരുന്നു. എന്നാൽ, ആ ഘട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനുള്ളിൽനിന്നുതന്നെ അസ്വസ്ഥതകൾ ഉയർന്നതോടെ വിവാദങ്ങൾ ഭരണത്തെ ബാധിക്കരുതെന്ന കരുതലോടുകൂടി, ഗണേഷിന്റെ ഊഴം രണ്ടാം ഘട്ടത്തിലേക്ക് മാറ്റി. ഗണേഷിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ഏത് ആരോപണവും ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു മരുന്നുകുണ്ടാകാമെന്ന് സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം നേതാക്കൾ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
എങ്കിലും, മുന്നണി മര്യാദയുടെയും നൽകിയ വാക്കിന്റെയും പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആ തീരുമാനത്തിൽ ഉറച്ചുനിന്നു. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തന്നെ ഇത്തരമൊരു തിരിച്ചടി ഉണ്ടാകുമെന്ന് സി.പി.എം നേതൃത്വംപോലും കണക്കുകൂട്ടിയിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകൾ മുന്നണിയുടെ പ്രതിച്ഛായയെയും തിരഞ്ഞെടുപ്പ് ഫലത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ ഇടതുപക്ഷം.
ബിന്ദു മേനോനുമായുള്ള വിവാഹം
യാമിനിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2014 ജനുവരി 24-നാണ് ഗണേഷ് കുമാർ ബിന്ദു മേനോനെ വിവാഹംകഴിക്കുന്നത്. ഏഷ്യാനെറ്റിലെ മാർക്കറ്റിങ് വിഭാഗം ഉദ്യോഗസ്ഥയായിരുന്നു ബിന്ദു. കൊട്ടാരക്കരയിലെ തറവാട്ടുവീട്ടിൽവച്ചുനടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഗണേഷിന് അന്ന് 47 വയസ്സാണ്. രാഷ്ട്രീയ ജീവിതത്തിൽ തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരുന്ന ഗണേഷിനെ സംബന്ധിച്ച് ബിന്ദുവുമായുള്ള വിവാഹം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ വലിയൊരു ആശ്വാസമായി അന്ന് വിലയിരുത്തപ്പെട്ടിരുന്നു.
എന്നാൽ ഇന്ന് ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളിലൂടെ ഗണേഷ് കുമാർ വീണ്ടും വിവാദത്തിലായി. വാളകത്തെ കുടുംബവീട്ടിൽ അറിയിപ്പില്ലാതെ എത്തിയ താൻ കണ്ട കാഴ്ചകൾ പറയാൻപോലും വയ്യാത്തതാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ബിന്ദു മേനോൻ, ഇക്കാര്യം ആദ്യം അറിയിച്ചത് തന്റെ സഹോദരഭാര്യയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയെ ആയിരുന്നു. ബിന്ദു തന്നെ വിളിച്ച കാര്യം ശ്രീലേഖ സ്ഥിരീകരിച്ചിട്ടുണ്ട്. കൗൺസിലർ എന്ന നിലയ്ക്കല്ല, മറിച്ച് തന്റെ ഭർത്താവിന്റെ സഹോദരി എന്ന നിലയിലാണ് ബിന്ദുവിനോട് സംസാരിച്ചതെന്നും പോലീസിന്റെ സഹായം തേടാൻ നിർദേശിച്ചത് താനാണെന്നും ശ്രീലേഖ വ്യക്തമാക്കി. മന്ത്രിയെ മറ്റൊരാളോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും അതിന്റെ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നുമാണ് ബിന്ദു അവകാശപ്പെടുന്നത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് തന്നെ തടഞ്ഞുവെച്ചുവെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു ആരോപിക്കുന്നു.
എന്നാൽ 'എനിക്ക് അയ്യായിരം പ്രണയങ്ങളുണ്ടാകാം, അത് വ്യക്തിപരമായ കാര്യമാണ്' എന്നാണ് ഈ വിവാദങ്ങളോട് ഗണേഷ് കുമാർ പ്രതികരിച്ചത്. എങ്കിലും, ഒരു മന്ത്രിയെന്ന നിലയിൽ ഈ ആരോപണങ്ങൾ അദ്ദേഹത്തെയും ഇടതുപക്ഷ സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തുടനീളം ഗണേഷിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ബി.ജെ.പി.യും യു.ഡി.എഫും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. സ്വന്തം കുടുംബത്തിൽനിന്നുള്ള എതിർപ്പുകൾ ഗണേഷിന്റെ രാഷ്ട്രീയ ജീവിതത്തെ വീണ്ടും തകർക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. 2013-ൽ യാമിനി തങ്കച്ചി കാരണം മന്ത്രിസ്ഥാനം നഷ്ടമായെങ്കിൽ, 2026-ൽ ബിന്ദു മേനോൻ കാരണവും അദ്ദേഹത്തിന് തിരിച്ചടി നേരിടേണ്ടി വരുന്ന സാഹചര്യമാണ്.
തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ഗണേഷ് അവകാശപ്പെടുമ്പോഴും, വ്യക്തിജീവിതത്തിലെ പാളിച്ചകൾ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളെപ്പോലും നിഴലിലാക്കുന്നു. കെ.എസ്.ആർ.ടി.സി.യെ കരകയറ്റിയ മിടുക്കനായ മന്ത്രി എന്ന പ്രതിച്ഛായയുണ്ടെങ്കിലും, ആവർത്തിക്കുന്ന കുടുംബപ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടേയിരിക്കുന്നു.
അന്ന് യുഡിഎഫ്, ഇന്ന് എൽഡിഎഫ്
ഗണേഷ്‌കുമാറിനെ സംബന്ധിച്ച ചരിത്രം ആവർത്തിക്കുമ്പോൾ അതതുകാലത്തെ മുന്നണികളുടെ നിലപാടുകൾ കൂടി എടുത്തുപറയേണ്ടതുണ്ട്. അന്ന് യു.ഡി.എഫിനായിരുന്നു പ്രതിസന്ധിയെങ്കിൽ ഇന്ന് അതേ പ്രതിസന്ധി നേരിടുന്നത് എൽ.ഡി.എഫാണ്. ഉമ്മൻ ചാണ്ടി സർക്കാരിൽ വനം-സിനിമ മന്ത്രിയായിരിക്കേയാണ് യാമിനിയുടെ ഗാർഹിക പീഡന പരാതി വന്നത്. അവസരം മുതലെടുത്ത് അന്ന് പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ നിയമസഭയിൽ പ്ലക്കാർഡുകളുമായി എത്തിയ എൽ.ഡി.എഫ് അംഗങ്ങൾ സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ഗണേഷിന്റെയും മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെടുകയും ചെയ്തു. രാജിവയ്ക്കുംവരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ തുടർന്നു.
അതേ ഗണേഷ് കുമാർ ഇന്ന് പുതിയ ആരോപണം വരുമ്പോൾ എൽ.ഡി.എഫ്. സർക്കാരിൽ മന്ത്രിയാണ്. ഗണേഷിന്റെ രാജിക്ക് അന്ന് മുറവിളി കൂട്ടിയ എൽ.ഡി.എഫ്., ഇന്ന് അദ്ദേഹത്തെ സംരക്ഷിക്കമോ വേണ്ടയോ എന്നറിയാതെ കുഴങ്ങുകയാണ്.
Published: 10 Mar 2026, 11:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented