ജയ്പുർ: കുടുംബവഴക്കിനെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രികകൊണ്ട് മുറിച്ചു, അതിനുശേഷം അറുത്ത ഭാഗവുമായി സ്ഥലം വിടുകയും ചെയ്തു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. മരുമകൻ സോഹൻലാലിനെതിരെ പരാതി നൽകാൻ ഭാര്യ കെയ്‌ലി ദേവി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ മരുമകൻ ആക്രമിച്ചുവെന്ന് അമ്മായിയച്ഛൻ ബാബുലാൽ ഖിചാഡ് പരാതി നൽകി.

To advertise here,

ആറ് കൊല്ലം മുൻപായിരുന്നു സോഹൻലാലും സരിതയുമായുള്ള വിവാഹം. ഏകദേശം ഒരു വർഷത്തോളമായി ദമ്പതിമാർക്കിടയിൽ കുടുംബപ്രശ്നങ്ങളുണ്ട്. സരിത ഭർത്താവിൽ നിന്ന് അകന്നു താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമൂഹതലത്തിൽ പഞ്ചായത്ത് യോഗങ്ങളും നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ വലിയ തർക്കമുണ്ടായി. സാഹചര്യം വഷളായതിനെത്തുടർന്ന്, മരുമകനെതിരെ പരാതി നൽകാൻ സർവാന പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കെയ്‌ലി ദേവി തീരുമാനിച്ചു. വൈകുന്നേരം 5 മണിയോടെ, അവർ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ, സോഹൻലാൽ അവരെ ആക്രമിക്കുകയും കത്രികകൊണ്ട് മൂക്ക് അരിയുകയും ചെയ്തതായാണ് പരാതിയിൽ.

സംഭവത്തെത്തുടർന്ന്, കെയ്‌ലി ദേവിയെ ആദ്യം സാൻചോറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സയ്ക്കായി മെഹ്സാനയിലെ ആശുപത്രിയിലേക്ക് മാറ്റി.

തന്റെ അമ്മായിയമ്മയെയാണ് കുടുംബവഴക്കുകൾക്ക് കാരണം എന്ന് വിശ്വസിച്ചിരുന്നതെന്നും ഭാര്യയെ തനിക്കെതിരെ തിരിയാനായി അമ്മായിയമ്മ പ്രേരിപ്പിച്ചതായും സോഹൻലാൽ നേരത്തെ ആരോപിച്ചിരുന്നെന്നും സർവാന സർക്കിൾ ഇൻസ്പെക്ടർ മോഹൻലാൽ കുമാവത് പറഞ്ഞു. പോലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.