ഡോക്ടറുടെ നിർദേശമില്ലാതെ വൈറ്റമിൻ ഡി സപ്ലിമെന്റ് കഴിച്ച യുവതിയുടെ വൃക്കകൾ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. യുവതി നിലവിൽ ഡയാലിസിസിന്റെ വക്കിലാണ്. 34 വയസ്സുള്ള ഒരു സ്ത്രീയുടെ അനുഭവം പങ്കുവച്ചുകൊണ്ട് ന്യൂട്രീഷണൽ എൻഡക്രൈനോളജിസ്റ്റ് ഡോ.ശാന്തിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവച്ചത്.

To advertise here,

ക്ഷീണം, മുടികൊഴിച്ചിൽ, ശരീരവേദന, വിഷാദം എന്നിവ അനുഭവപ്പെട്ട യുവതി വൈറ്റമിൻ ഡിയുടെ കുറവായിരിക്കും തന്റെ പ്രശ്‌നമെന്ന നിഗമനത്തിൽ ഡോക്ടറെ സമീപിക്കാതെ അമിത അളവിൽ വൈറ്റമിൻ ഡി സപ്ലിമെന്റ് കഴിച്ചു. രക്തപരിശോധനയോ, വൈദ്യപരിശോധനയോ ഇല്ലാതെ മാസങ്ങളോളമാണ് യുവതി സപ്ലിമെന്റ് കഴിച്ചത്. ഇതേതുടർന്ന് യുവതിക്ക് ഛർദി, തളർച്ച, മലബന്ധം, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക എന്നിവ അനുഭവപ്പെട്ടുതുടങ്ങി.

ഡോക്ടറെ സമീപിച്ചതിനുശേഷം പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് അമിതമായി ഉയർന്നതായി കണ്ടെത്തിയത്. ഒപ്പം കാത്സ്യത്തിന്റെ അളവും അപകടരമായ രീതിയിൽ ഉയർന്നിരുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും അവയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്തു.

  • വൈറ്റമിൻ ഡി അമിതമായാൽ കുടലിൽ നിന്ന് കാത്സ്യം ആഗിരണം ചെയ്യുന്നത് വർധിക്കും. ഇത് വൃക്കകളിൽ അടിഞ്ഞുകൂടി അവയുടെ ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
  • സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ അമിതമായ അളവിൽ വൈറ്റമിൻ ഡി ശരീരത്തിൽ എത്തുന്നത് അപൂർവമാണ്. അശാസ്ത്രീയമായ സപ്ലിമെന്റ് ഉപയോഗമാണ് പ്രധാന വില്ലൻ
  • സപ്ലിമെന്റുകൾ ആരംഭിക്കുന്നതിന് മുൻപ് വൈറ്റമിൻ ഡി, കാത്സ്യം, വൃക്കകളുടെ പ്രവർത്തനം എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
  • ഉയർന്ന അളവിലുള്ള ഡോസുകൾ ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ
  • ചികിത്സ ആരംഭിച്ച് 8 മുതൽ 12 ആഴ്ചകൾക്ക് ശേഷം വീണ്ടും പരിശോധനകൾ നടത്തി അളവ് സാധാരണ നിലയിലായോ എന്ന് ഉറപ്പുവരുത്തണം. തുടർന്ന് ആവശ്യമെങ്കിൽ മാത്രം സപ്ലിമെന്റുകൾ കഴിച്ചാൽ മതി.

വൈറ്റമിൻ ഡി കുറവ് പരിഹരിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നത് ജീവനുതന്നെ ഭീഷണിയായേക്കാം എന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു