നമ്മൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഒട്ടും വിശ്രമമില്ലാതെ ജോലിചെയ്യുന്ന നമ്മുടെ ശരീരത്തിലെ 'സൂപ്പർ ഹീറോ' ആരാണ്? അത് നമ്മുടെ ഹൃദയം തന്നെയാണ്! ഈ കുഞ്ഞൻ ഹൃദയത്തിന്റെ കഠിനാധ്വാനംകൊണ്ടാണ് നമ്മൾ ജീവനോടെയിരിക്കുന്നത്.
ഇന്ന് ലോകത്ത് വളരെയധികം ആളുകൾ മരിക്കുന്നത് ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ (Cardiovascular Diseases) കൊണ്ടും സ്‌ട്രോക് (പക്ഷാഘാതം) മൂലവുമാണ്. ഇതിനെതിരേ ലോകമെമ്പാടുമുള്ള ജനങ്ങളെ ബോധവത്കരിക്കാൻ World Heart Federation (WHF) എന്ന ആഗോളസംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു. ആഗോളതലത്തിലുള്ള ഈ കാംപെയ്നുകളുടെ ഭാഗമായി 'Don't Miss a Beat' (ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത്) എന്ന സന്ദേശമാണ് പ്രധാനമായും മുൻപോട്ടുവയ്ക്കുന്നത്.
ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ
- ഹൃദ്രോഗങ്ങളെക്കുറിച്ചും സ്‌ട്രോക്കിനെക്കുറിച്ചും ആളുകളിൽ അറിവുണ്ടാക്കുക
- നല്ല ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഹൃദയാരോഗ്യം സംരക്ഷിക്കാൻ പ്രേരിപ്പിക്കുക
- കൃത്യമായ മുൻകരുതലുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഹൃദയാഘാതം മൂലമുള്ള അകാലമരണങ്ങൾ ഇല്ലാതാക്കുക
എന്റെ ഹൃദയമേ…
ഒരു മനുഷ്യന്റെ ഹൃദയത്തിന് അയാളുടെ ഒരു മുഷ്ടി ചുരുട്ടിയതിന്റെ അത്രയുമാണ് വലുപ്പമുണ്ടാവുക
ഹൃദയം ഒരു പമ്പുപോലെയാണ് പ്രവർത്തിക്കുന്നത്. ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജനും പോഷകങ്ങളും അടങ്ങിയ രക്തം എത്തിക്കുന്നു
മനുഷ്യഹൃദയത്തിന് നാലറകളുണ്ട്. മുകളിലെ രണ്ടറകളെ ഓറിക്കിളുകൾ (Atria) എന്നും താഴത്തെ രണ്ടറകളെ വെൻട്രിക്കിളുകൾ (Ventricles) എന്നും വിളിക്കുന്നു
ഹൃദയം രക്തം പമ്പുചെയ്യുമ്പോൾ രക്തക്കുഴലുകളിൽ സമ്മർദമുണ്ടാകുന്നു. ഇത് അമിതമാകുന്നതാണ് 'ഹൈപ്പർടെൻഷൻ' അഥവാ High BP
കൊടൂരവില്ലൻ സ്‌ട്രോക്ക്
ഹൃദയത്തിൽനിന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാം.
ഹൃദയം 'ഹാപ്പി'യായിരിക്കാൻ…
ഹൃദയത്തെ മിടുക്കനാക്കാൻ കുട്ടിക്കാലംമുതലേ നമ്മൾ ചില നല്ല ശീലങ്ങൾ വളർത്തിയെടുക്കണം:
നോ നോ ജങ്ക് ഫുഡ്: അമിതമായി ഉപ്പും മധുരവും കൊഴുപ്പും അടങ്ങിയ ബർഗർ, പിസ, പായ്ക്കറ്റ് ചിപ്‌സുകൾ, കോളകൾ എന്നിവ ഒഴിവാക്കുക.
ഇലക്കറികളും പഴവർഗങ്ങളും: വിറ്റാമിനുകളും നാരുകളും അടങ്ങിയ പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഓടിക്കോ ചാടിക്കോ: ദിവസവും കുറഞ്ഞത് 30 മുതൽ 60 വരെ മിനിറ്റ് ഓടിക്കളിക്കുകയോ നീന്തുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുക. കംപ്യൂട്ടറിനും മൊബൈലിനും മുന്നിലിരിക്കുന്ന സമയം കുറയ്ക്കാം.
ലഹരിവിരുദ്ധസന്ദേശം: മുതിർന്നവർ പുകവലിക്കുന്നതും മദ്യപിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം തകർക്കുമെന്നും അകാലമരണത്തിന് കാരണമാകുമെന്നും അവരെ സ്‌നേഹത്തോടെ ഓർമ്മിപ്പിക്കുക.
നമുക്കും നമ്മുടെ വീട്ടിലുള്ളവർക്കും ഹെൽത്തി ഹാർട്ട് ഉറപ്പാക്കാൻ ഈ ഹൃദയദിനത്തിൽ ഒരു പ്രതിജ്ഞയെടുത്താലോ?
Content Highlights: Significance of World Heart Day on September 29 and the 'Don't Miss a Beat' campaign.
Published: 25 Sept 2026, 01:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented