വൈവാഹികബന്ധങ്ങളിലെ തുല്യത എന്ന സങ്കല്‍പ്പത്തിന് വളരെയേറെ പ്രാധാന്യമാണ് ഇന്നത്തെ കാലത്തുള്ളത്. എല്ലാ കാര്യങ്ങളിലും ജീവിതപങ്കാളികള്‍ തുല്യരായിരിക്കണം എന്ന് വിശ്വസിക്കുമ്പോഴും ഓരോ കാര്യത്തിനും പണം ചെലവാക്കുന്നത് ആരെങ്കിലും ഒരാളായിരിക്കും. എന്നാല്‍ തുല്യത എന്ന വാക്ക് അര്‍ഥപൂര്‍ണമാകണമെങ്കില്‍ ചെലവുകളും തുല്യമായി വഹിക്കേണ്ടതാണെന്നാണ് ഡല്‍ഹിയിലെ ഈ ദമ്പതികള്‍ പറയുന്നത്. 

To advertise here,

റിലേഷന്‍ഷിപ്പ് അഡൈ്വസിങ് സ്ഥാപനമായ ദി ഡേറ്റ് ക്രൂവിന്റെ സ്ഥാപകന്‍ ആയുഷ്മാന്‍ കപൂറാണ് ലിങ്ക്ഡ് ഇന്‍ പോസറ്റിലൂടെ ഈ ദമ്പതികളുടെ കഥ പങ്കുവെച്ചത്. ഇവരുടെ രീതി തന്നെ അമ്പരപ്പിച്ചുവെന്നും വിവാഹമെന്നാല്‍ വൈകാരികമായ പിന്തുണ നല്‍കല്‍ മാത്രമല്ല, മറിച്ച് സാമ്പത്തികമായ ക്രമീകരണം കൂടിയാണെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്നാണ് ദമ്പതികളെ കുറിച്ച് ആയുഷ്മാന്‍ പറയുന്നത്. വാർഷികവരുമാനം 60 ലക്ഷം രൂപയുള്ള ദമ്പതികൾ ചെലവുകളെല്ലാം തുല്യമായി വഹിക്കുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

'ഗുഡ്ഗാവില്‍ ജീവിക്കുന്ന ദമ്പതികള്‍. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നു. രണ്ടുപേരും 30 ലക്ഷത്തിലേറെ സമ്പാദിക്കുന്നു. എന്നാല്‍ ഇപ്പോഴും അവര്‍ സ്പ്ലിറ്റ്‌വൈസോ ഗൂഗിള്‍ ഷീറ്റോ ഉപയോഗിച്ച് ഓരോ ചെലവുകളും പങ്കുവെക്കും: വീട്ടുവാടക, പലചരക്ക് സാധനങ്ങള്‍, ഇന്ധനം, സ്വിഗ്ഗി, വൈദ്യുതി... എല്ലാം. എല്ലാം രേഖപ്പെടുത്തപ്പെടും. എല്ലാം തുല്യമായി വഹിക്കും. ഒന്നിച്ച് താമസിക്കുന്നവരെ പോലെ, ഓരോരുത്തരും അവരുടെ പങ്ക് നല്‍കും.' -ആയുഷ്മാന്‍ കപൂര്‍ കുറിച്ചു. 

'ഇതെന്നെ അമ്പരപ്പിക്കുന്നതാണ്. എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. നിങ്ങള്‍ ഒരാളെ വിവാഹം കഴിക്കുമ്പോള്‍ അടിസ്ഥാനപരമായി നിങ്ങള്‍ മറ്റൊരാളുമായി ചേര്‍ന്നൊരു കമ്പനി സ്ഥാപിക്കുകയാണ്. അതാണ് നിങ്ങളുടെ ജീവിതം. അങ്ങനെയെങ്കില്‍ രണ്ട് സ്ഥാപകര്‍ക്കും വ്യത്യസ്തമായ ലക്ഷ്യങ്ങളും വ്യത്യസ്തമായ ചെലവുകളും വ്യത്യസ്തമായ മുന്‍ഗണനകളുമാണ് ഉള്ളതെങ്കില്‍ എന്തൊക്കെ കുഴപ്പങ്ങളാണ് ഉണ്ടാകുക? ആ കമ്പനി ഏതെങ്കിലും കാലത്ത് വിജയിക്കുമോ?' -ആയുഷ്മാന്‍ തുടര്‍ന്നു. 

'ഈ കമ്പനി കെട്ടിപ്പടുക്കാന്‍ ഇനി പറയുന്നവ നിങ്ങള്‍ക്ക് ആവശ്യമാണ്. 

1. ഒരു വര്‍ഷത്തേക്കുള്ള പൊതുവായ കാഴ്ചപ്പാടും ലക്ഷ്യങ്ങളും: കാറോ വീടോ വാങ്ങുക, മാതാപിതാക്കള്‍ക്ക് വലിയ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുക, സ്വപ്‌നയാത്ര സാധ്യമാക്കുക, നിക്ഷേപത്തിലെ നാഴികക്കല്ല് നേടുക, തുടങ്ങിയവ. 
2. ചുമതലകളിലെ വ്യക്തത: സാമ്പത്തികകാര്യം, അടുക്കള, ലോജിസ്റ്റിക്‌സ്, വീടിന്റെ അറ്റകുറ്റപ്പണി, വൈകാരികമായ അധ്വാനം തുടങ്ങിയ കാര്യങ്ങളില്‍ ഓരോന്നും ആരാണ് ചെയ്യുന്നത് എന്നതില്‍ വ്യക്തത വേണം.
3. രണ്ടുപേരും ഒന്നിച്ച് മാറ്റിവെക്കുന്ന പണവും സംയുക്തമായ സാമ്പത്തിക ആസൂത്രണവും. 
4. കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്തുക. 

നിങ്ങളുടെ ജീവിതത്തെ സംയുക്ത സംരംഭമായി കാണാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക ശീലങ്ങള്‍ മാറേണ്ടതുണ്ട്.' -ആയുഷ്മാന്‍ പറഞ്ഞു. 

'നിങ്ങള്‍ ഒരുമിച്ച് ആസൂത്രണം ചെയ്യുന്നു, നിങ്ങള്‍ ഒരുമിച്ച് നിക്ഷേപിക്കുന്നു, നിങ്ങള്‍ പരസ്പരം സ്വപ്‌നങ്ങള്‍ മനസിലാക്കുന്നു, അതെങ്ങനെ സാധ്യമാക്കാമെന്ന് കണ്ടെത്തുന്നു. വിവാഹം കേവലം വൈകാരികമായ പിന്തുണ മാത്രമല്ല, സാമ്പത്തികമായ ക്രമീകരണം കൂടിയാണ്.'

'നിങ്ങള്‍ വീട് പങ്കിടുക മാത്രമല്ല, ജീവിതം കെട്ടിപ്പടുക്കുക കൂടിയാണ് ചെയ്യുന്നത്. ഈ കാലഘട്ടത്തില്‍ പണമില്ലാതെ ജീവിതം കെട്ടിപ്പടുക്കുക സാധ്യമല്ല. അത്തരം സംഭാഷണം നിങ്ങള്‍ക്കിടയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെങ്കില്‍ ഈ വാരാന്ത്യത്തില്‍ തന്നെ അത് ചെയ്യുക. വിവാഹജീവിതം ഒരു കമ്പനിയെന്ന പോലെ ആസൂത്രണം ചെയ്യുക. കാരണം, നിങ്ങള്‍ ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് ഇത്.' -ആയുഷ്മാന്‍ പറഞ്ഞുനിര്‍ത്തി. 

ആയുഷ്മാന്‍ കപൂറിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഒട്ടേറെ പേര്‍ പോസ്റ്റിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.