കഴിഞ്ഞ ദിവസങ്ങളിൽ ടെക് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാർത്തകളിലൊന്നായിരുന്നു ജനപ്രിയ ഡിസൈനിങ് പ്ലാറ്റ്‌ഫോമായ കാൻവയിലെ പിരിച്ചുവിടൽ. ആകെയുള്ള ജീവനക്കാരുടെ 22 ശതമാനം പേരെ (1,271 പേർ) കമ്പനി ഒഴിവാക്കിയെങ്കിലും അത് അറിയിച്ച രീതിയും വിടവാങ്ങൽ പാക്കേജുമാണ് ഇപ്പോൾ കയ്യടി നേടുന്നത്. കമ്പനിയുടെ വളർച്ചാ നിരക്കിലുണ്ടായ ഇടിവാണ് ഇത്തരമൊരു കഠിനമായ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കാൻവ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ മെലാനി പെർകിൻസ് ജീവനക്കാർക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

To advertise here,

കഴിഞ്ഞ 13 വർഷത്തിനിടെ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി കാൻവ വളർന്നുവെങ്കിലും സമീപകാലത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് കമ്പനിയുടെ വളർച്ചയിൽ കുറവുണ്ടായിട്ടുണ്ട്. പുതിയ AI സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഉയർന്ന ചെലവുകളും ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ എഐ ടൂളുകളിൽ നിന്നുള്ള കടുത്ത മത്സരവും കമ്പനിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി.

‘കാൻവയിൽ ജോലി ചെയ്തു എന്ന് പറയാൻ സാധിക്കാത്തതിലാണ് വിഷമം’

പിരിച്ചുവിടപ്പെട്ടവരുടെ അനുഭവങ്ങളും പ്രതികരണങ്ങളുമാണ് ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ നേടുന്നത്. കാൻവയിലെ മുൻ ജീവനക്കാരിയായ ശ്രദ്ധ ഖുലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇതിന് ഉദാഹരണമാണ്.

"കാൻവയിൽ നിന്ന് എന്നെ പിരിച്ചുവിടുമെന്ന് ഒരിക്കലും കരുതിയതല്ല. ഇത്തരമൊരു അനുഭവം ആദ്യമാണ്. മാനസികമായി ഉൾക്കൊള്ളാൻ ഇനിയും സമയമെടുക്കും. പക്ഷേ, ജോലി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സ്ഥാപനമാണ് കാൻവ. എന്റെ മറ്റേണിറ്റി അവധി സമയത്തും ദുബായിലേക്ക് താൽക്കാലികമായി മാറിയപ്പോഴുമെല്ലാം കമ്പനി നൽകിയ പിന്തുണ വളരെ വലുതായിരുന്നു. കാൻവയിലാണ് ജോലി ചെയ്യുന്നത് എന്ന് ആളുകളോട് പറയാൻ സാധിക്കില്ലെന്നതാണ് എന്റെ ഏറ്റവും വലിയ വിഷമം. എങ്കിലും ഈ ഘട്ടത്തിൽ ജീവനക്കാരെ കമ്പനി ചേർത്തുപിടിച്ച രീതി ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു" - എന്നായിരുന്നു ശ്രദ്ധയുടെ കുറിപ്പ്.

ജീവനക്കാരെ കേവലം റീസോഴ്സുകളായി കാണാതെ മനുഷ്യരായി പരിഗണിക്കാൻ മറ്റ് കമ്പനികളും കാൻവയെ കണ്ടു പഠിക്കണമെന്ന് പ്രഥം കോഹ്‌ലി എന്ന എഐ എൻജിനീയറും ലിങ്ക്ഡിനിൽ കുറിച്ചു. 

എന്താണ് പ്രത്യേക വിടവാങ്ങൽ പാക്കേജ്?

പിരിഞ്ഞുപോകുന്ന ജീവനക്കാർക്കായി കാൻവ നൽകിയ പ്രധാന പിന്തുണകൾ താഴെ പറയുന്നവയാണ്:

  • 6 മാസത്തെ ശമ്പളവും സേവനാനുകൂല്യങ്ങളും: ലോകത്തിന്റെ ഏത് ഭാഗത്തുള്ള ജീവനക്കാരാണെങ്കിലും കുറഞ്ഞത് ആറ് മാസത്തെ ശമ്പളം ആനുകൂല്യമായി നൽകും.

  • കമ്പനി ലാപ്‌ടോപ്പുകൾ സ്വന്തമാക്കാം: കമ്പനി ആവശ്യങ്ങൾക്കായി നൽകിയിരുന്ന മാക് ബുക്കുകൾ തിരിച്ചെടുക്കാതെ, ജീവനക്കാർക്ക് സ്വന്തമായി ഉപയോഗിക്കാൻ വിട്ടുനൽകി.

  • കരിയർ പിന്തുണ: ഒരു വർഷത്തെ ലിങ്ക്ഡ്ഇൻ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, കരിയർ കോച്ചിങ്, റെസ്യുമെ തയാറാക്കാനുള്ള സഹായം, ഇന്റർവ്യൂ പരിശീലനം എന്നിവ ഉറപ്പാക്കും. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക അലുമ്‌നി ഡയറക്ടറിയും ഒരുക്കുന്നുണ്ട്.

  • ആരോഗ്യ ഇൻഷുറൻസ് തുടരും: ഇൻഷുറൻസ് സൗകര്യമുള്ള രാജ്യങ്ങളിൽ ജീവനക്കാർക്ക് 12 മാസംവരെ ആരോഗ്യ പരിരക്ഷ തുടർന്നും ലഭിക്കും. കൂടാതെ 'കാൻവ കെയർ' സേവനങ്ങൾ ഒരു വർഷത്തേക്ക് ലഭ്യമാകും.

  • സ്റ്റോക്ക് ഓപ്ഷനുകളിൽ ഇളവ്: ഒരു വർഷത്തിൽ താഴെമാത്രം സർവീസുള്ള ജീവനക്കാർക്ക് സാധാരണയുള്ള 'വെസ്റ്റിങ് ക്ലിഫ്' ഒഴിവാക്കി അവരുടെ ഇക്വിറ്റി നിലനിർത്താൻ അനുവാദം നൽകി.

  • സ്വന്തം സംരംഭങ്ങൾക്ക് 10,000 ഡോളർ ഗ്രാൻ്റ്: സ്വന്തമായി പുതിയ ബിസിനസ്സോ സാമൂഹിക പദ്ധതികളോ തുടങ്ങാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് കാൻവ കളക്ടീവ് ഫണ്ടിൽ നിന്ന് 10,000 യുഎസ് ഡോളർ (ഏകദേശം 8.5 ലക്ഷം രൂപ) ഗ്രാന്റായി നൽകും.

വൻതോതിലുള്ള പിരിച്ചുവിടലുകൾ സാധാരണ സംഭവമായി മാറിയ ടെക് ലോകത്ത്, ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാൻ ഇത്രയധികം ആനുകൂല്യങ്ങൾ നൽകിയതാണ് കാൻവ സിഇഒ മെലാനി പെർകിൻസിനെയും കമ്പനിയെയും വേറിട്ടുനിർത്തുന്നത്.