പോളണ്ടിലെ വർക്ക് ലൈഫ് ബാലൻസിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവാവ്. ശമ്പളത്തിനപ്പുറം കോർപറേറ്റ് ജോലിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളെ കുറിച്ചാണ് അനിരുദ്ധ് ശർമ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ജോലിക്കൊപ്പം കുടുംബജീവിതത്തിനും പ്രാധാന്യം നൽകുന്ന തരത്തിലാണ് സമയവും അവധിയും ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് ജോലി സമയമെന്നും അതിനാൽ വൈകുന്നേരം ധാരാളം ഒഴിവുസമയം ലഭിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

To advertise here,

ആഴ്ച്ചയിൽ രണ്ട് മുതൽ മൂന്ന് ദിവസരം വരെ വർക്ക് ഫ്രം ഹോം ചെയ്യാനുള്ള സൗകര്യം മിക്ക കമ്പനികളും നൽകുന്നുണ്ട്. വർക്ക് ലൈഫ് ബാലൻസ് നിലനിർത്താൻ ഇത് സഹായിക്കുന്നു. പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ ഇരട്ടി ശമ്പളം ലഭിക്കും. ഓവർടൈമിന് അടിസ്ഥാന ശമ്പളത്തിന്റെ ഒന്നര ഇരട്ടിയാണ് നൽകുകയെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. വർഷത്തിൽ 20 മുതൽ 26 ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഇതിൽ രണ്ടാഴ്ച നിർബന്ധമായും അവധി എടുക്കണമെന്ന നിബന്ധനയും ചില കമ്പനികളിലുണ്ട്.

ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള  നയങ്ങളെക്കുറിച്ചും അനിരുദ്ധ് ശർമ വീഡിയോയിൽ പറയുന്നുണ്ട്. അസുഖത്തെ തുടർന്ന് അവധി എടുക്കുകയാണെങ്കിൽ ശമ്പളത്തിന്റെ 80 ശതമാനം വരെ ലഭിക്കും. ചില കമ്പനികൾ 100 ശതമാനം ശമ്പളത്തോടെയുള്ള അവധിയും നൽകുന്നുണ്ടെന്നും അനിരുദ്ധ് വ്യക്തമാക്കുന്നു. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും കമ്പനികൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ജിമ്മും സ്വിമ്മിങ് പൂളും ഉപയോഗിക്കാൻ മൾട്ടിസ്‌പോർട് കാർഡുണ്ട്. കൂടാതെ ട്രക്കിങ്, ടീം ഔട്ടിങ്, വെൽനസ് പ്രോഗ്രാമുകൾ എന്നിവയും കമ്പനി സംഘടിപ്പിക്കുന്നു.

മാതാപിതാക്കളായിക്കഴിഞ്ഞാൽ പാരന്റൽ ലീവും പല കമ്പനികളും നൽകുന്നുണ്ട്. 52 ആഴ്ച്ച വരെ നീളുന്ന അവധിയാണ് ഇത്തരത്തിൽ ലഭിക്കുക. അവധിയെടുക്കുമ്പോൾ മാനേജരെ മുൻകൂട്ടി അറിയിച്ചാൽ മാത്രം മതി. പ്രത്യേക അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. പൊതു അവധി ദിവസങ്ങൾക്ക് മുമ്പ് ഒരു ഹാഫ് ഡേ അവധിയും ചില കമ്പനികൾ അനുവദിക്കാറുണ്ടെന്നും അനിരുദ്ധ് വീഡിയോയിൽ പറയുന്നു.

'പോളണ്ടിലെ കോർപറേറ്റ് കമ്പനികളിലെ ജോലിയുടെ ആനുകൂല്യങ്ങൾ' എന്ന ക്യാപ്ഷനോടെയാണ് അനിരുദ്ധ് വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പോളണ്ടിലെ വർക്ക് ലൈഫ് ബാലൻസിനെ അനുകൂലിച്ച് കമന്റ് ചെയ്തത്. ഇന്ത്യയിലെ ഓഫീസുകളിൽ നിന്ന് വ്യത്യസ്തമാണ് ഇതെന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് വളരെ നല്ല കാര്യമാണെന്നും ചിലർ കുറിച്ചു.