ലോകപ്രശസ്തനായ യുഎസ് ഗായകനും റാപ്പറുമാണ് ഏക്കോണ്‍. ഷാരൂഖ് ഖാന്‍ നായകനായി 2011-ല്‍ പുറത്തിറങ്ങിയ റാ.വണ്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ചമ്മക് ചലോ, ക്രിമിനല്‍ എന്നീ രണ്ട് ഹിന്ദി ഗാനങ്ങളിലൂടെ ഇന്ത്യക്കാര്‍ക്കും സുപരിചിതനാണ് ആഫ്രിക്കൻ വംശജനായ ഏക്കോണ്‍. അദ്ദേഹത്തിന്റെ 29-ാം വിവാഹവാര്‍ഷികമാണ് സെപ്റ്റംബര്‍ 15-ന്. എന്നാല്‍ വിവാഹവാര്‍ഷികത്തിന് തൊട്ടുമുമ്പായി ഏക്കോണില്‍ നിന്ന് വിവാഹമോചനം നേടാനൊരുങ്ങുകയാണ് ഭാര്യ ടൊമീകാ തിയാം. 

To advertise here,

പരിഹരിക്കാന്‍ കഴിയാത്ത അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് വിവാഹമോചനം തേടുന്നതെന്നാണ് ടൊമീക ഹര്‍ജിയില്‍ പറയുന്നതെന്ന് പീപ്പിള്‍സ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏക്കോണിനും ടൊമീകയ്ക്കും 17-കാരിയായ ജേണി എന്ന മകളാണുള്ളത്. മകള്‍ക്കുമേല്‍ രണ്ടുപേര്‍ക്കും നിയമപരമായി തുല്യാവകാശം വേണമെന്നും അതേസമയം മകളെ തന്റെയൊപ്പം വിടണമെന്നും ടൊമീക ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏക്കോണിന് മകളെ വന്ന് കാണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 

തനിക്ക് ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട ടൊമീക ഏക്കോണിന് ഒരുതരത്തിലുള്ള സാമ്പത്തികസഹായവും നല്‍കരുതെന്നും കോടതിയോട് അഭ്യര്‍ഥിച്ചു. എപ്പോള്‍ മുതലാണ് തങ്ങള്‍ വേര്‍പിരിഞ്ഞത് എന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല. വ്യാഴാഴ്ചയാണ് ടൊമീക തിയാം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ജീവനാംശം നിര്‍ണയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഈ തിയതിക്ക് വലിയ പ്രാധാന്യമാണ് വിവാഹമോചന ഹര്‍ജികളില്‍ ഉള്ളത്. 

ഒരേസമയം ഒന്നിലേറെ ജീവിതപങ്കാളികളുള്ളതിനെ താന്‍ അനുകൂലിക്കുന്നു എന്ന് ഏക്കോണ്‍ നേരത്തേ പറഞ്ഞിരുന്നു. 'പോളിഗമി (ഒരേസമയം ഒന്നിലേറെ പങ്കാളികള്‍ ഉള്ളത്) സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നാണ് 'സ്മാക്ക് ദാറ്റ്' ഗായകനായ അദ്ദേഹം അന്ന് പറഞ്ഞത്. 

'എന്നെ സംബന്ധിച്ച് അത് വളരെ സാധാരണമായ ഒരു കാര്യമാണ്. കാരണം അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പാശ്ചാത്യലോകത്തേക്ക് പോയെങ്കിലും ഞങ്ങള്‍ ആഫ്രിക്കന്‍ സംസ്‌കാരം വിട്ട് പുറത്ത് പോയിട്ടില്ല. പടിഞ്ഞാറന്‍ ലോകം ഉണ്ടാക്കിയ നിയമങ്ങള്‍ നോക്കൂ. പ്രകൃതിയെ തീരെ പരിഗണിക്കാതെയാണ് അവര്‍ നിയമങ്ങളുണ്ടാക്കിയത്.' -ഇതാണ് 2022-ലെ അഭിമുഖത്തില്‍ ഏക്കോണ്‍ പറഞ്ഞത്. 

തനിക്ക് ഒമ്പത് കുട്ടികളുണ്ടെന്നും ഏക്കോണ്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഏക്കോണിന്റെ നാല് ഭാര്യമാരില്‍ ഒരാളാണ് താനെന്ന് ഗായിക എമിറര്‍ (Amirror) 2023-ല്‍ പറഞ്ഞിരുന്നു. തനിക്ക് എത്ര ഭാര്യമാരുണ്ടെന്ന് ഏക്കോണ്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.