ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റായിപ്പോകുമെന്നും അത്തരത്തിലൊരു തീരുമാനമായിരുന്നു വിവാഹമെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിട്ടും ഒരുപാട് തവണ തിരുത്താന്‍ നോക്കിയെന്നും എന്നാല്‍ അതെല്ലാം പരാജയപ്പെട്ടുവെന്നും സീമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇനിയും മാതൃകാദമ്പതികളായി അഭിനയിക്കാന്‍ കഴിയില്ലെന്നും ജീവിതത്തില്‍ സമാധാനത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് അറിയിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിക്കുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനുശേഷമാണ് വീണ്ടും ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറിപ്പ് സീമ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മുമ്പൊരിക്കല്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. അന്ന് ആ പിന്മാറ്റം സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമായിരുന്നു. ആ വ്യക്തിയില്‍നിന്ന് അത്തരത്തിലൊരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ല എന്ന് വാക്ക് തന്നതിനെ തുടര്‍ന്നാണ് ആ പോസ്റ്റ് പിന്‍വലിച്ചത്.'-സീമ വിനീത് പുതിയ കുറിപ്പില്‍ പറയുന്നു.
'ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇട വരരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത് പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താത്പര്യവും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ നമുക്ക് അനുയോജ്യം ആവണമെന്നില്ല. അങ്ങനെ ഒരു അവസരത്തില്‍ എടുത്ത തീരുമാനം ആയിരുന്നു വിവാഹം. ജീവിതത്തില്‍ ഒരു കൂട്ട് വേണം ആരേലും ഒപ്പം വേണം എന്നും ആലോചിച്ചു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകള്‍ക്കുശേഷമാണ് തിരിച്ചറിയുന്നത്. ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവരാണ് ഞങ്ങള്‍. പക്ഷേ ഈ ഒരു യോജിപ്പില്ലായ്മയില്‍നിന്ന് പുറത്തുകടക്കാന്‍ ഭയമായിരുന്നു. മറ്റുള്ളവര്‍ എന്തു പറയും, എങ്ങനെ ഫേസ് ചെയ്യും. പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ടുപോകും. ജീവിതത്തില്‍ നേടിയതൊന്നും എളുപ്പമായിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തില്‍ വളര്‍ന്ന വ്യക്തിയാണ് ഞാന്‍.
ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്‌പെക്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്ക് കടന്നപ്പോള്‍ കിട്ടിയില്ല എന്ന് മാത്രമല്ല, വ്യക്തിഹത്യയും ജെന്റര്‍ അധിക്ഷേപ വാക്കുകളും, ഞാന്‍ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള അധിക്ഷേപ വാക്കുകളുമാണ് കിട്ടിക്കൊണ്ടിരുന്നത്. ഒരുപാട് തവണ പറഞ്ഞുകൊടുത്തു. തിരുത്താന്‍ ശ്രമിച്ചു. നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അഭിനയിച്ച് മാതൃകാ ദമ്പതികളായി. നമുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക, നമ്മളേയും നമ്മുടെ തൊഴിലിനേയും നമ്മുടെ വളര്‍ച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുക, ഒരു ദിവസം സന്തോഷത്തോടെ പെരുമാറും, പെട്ടെന്ന് പേടിപ്പെടുത്ത രീതിയിലേക്ക് സ്വഭാവം മാറും. പലപ്പോഴും പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ നിശബ്ദത പാലിച്ചു. മനസമാധാനത്തോടെ നന്നായി ഉറങ്ങിയിട്ട് മാസങ്ങളായി. എന്റെ ദിനചര്യകളും ജോലിയും ശരീരവും മനസുമെല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ ഒന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. മനസമാധാനം. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതത്തില്‍ ഓരോന്നും നേടിയെടുത്തത്. അന്നൊന്നും ആരും കൂടെ ഉണ്ടായിട്ടുമില്ല. ഇപ്പോഴും എപ്പോഴും ഞാന്‍ ഞാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ മനസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനേയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. സാഹചര്യവും അവസ്ഥയും മനസിലാക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.'-സീമ വിനീത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Content Highlights: celebrity makeup artist seema vineeths facebook post about marriage
Published: 19 Mar 2025, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented