താരദമ്പതിമാരായ ഡേവിഡ് ബെക്കാമിനും വിക്ടോറിയ ബെക്കാമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മകൻ ബ്രൂക്ക്‌ലിൻ രംഗത്ത്. മാതാപിതാക്കളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും തന്റെ വിവാഹജീവിതം തകർക്കാൻ ഇരുവരും ശ്രമിച്ചുവെന്നും ബ്രൂക്ക്‌ലിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കുറച്ച് ദിവസങ്ങളായി ബെക്കാം കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബ്രൂക്ക്‌ലിൻ മാതാപിതാക്കളേയും സഹോദരങ്ങളേയും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബ്രൂക്ക്‌ലിൻ രംഗത്തെത്തിയത്.

To advertise here,

'ബ്രാൻഡ് ബെക്കാം' എന്ന കുടുംബനാടകം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും താൻ ഇതാദ്യമായി ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുകയാണെന്നും ബ്രൂക്ക്‌ലിൻ കുറിച്ചു. നടി നിക്കോള പെൽറ്റ്‌സുമായുള്ള തന്റെ വിവാഹത്തിനുശേഷമാണ് അസ്വാരസ്യങ്ങൾ തുടങ്ങിയതെന്നും നിക്കോളയെ പല അവസരങ്ങളിലും അവഗണിക്കുന്ന രീതിയിലാണ് ബെക്കാമും വിക്ടോറിയയും പെരുമാറിയതെന്നും ബ്രൂക്ക്‌ലിൻ പറയുന്നു. കുടുംബവുമായി ഇനി ഒരു ഒത്തുതീർപ്പിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ കുട്ടിക്കാലം മുതൽ മാതാപിതാക്കൾ കുടുംബത്തെ കുറിച്ച് മാധ്യമങ്ങൾക്കായി കഥകൾ സൃഷ്ടിച്ചു. ഉത്തമ കുടുംബമെന്ന രീതിയിൽ മാധ്യമങ്ങളിൽ അവതരിപ്പിച്ചു. ആത്മാർത്ഥയില്ലാത്ത ബന്ധങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കുടുംബത്തിൽ നിന്ന് അകന്നശേഷം ഞാൻ വർഷങ്ങളായി അനുഭവിച്ചിരുന്ന 'അമിതമായ ഉത്കണഠ' ഇല്ലാതായി.

2022-നിക്കോൾ പെൽറ്റ്‌സുമായുള്ള വിവാഹത്തിനുശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. മാതാപിതാക്കൾ തങ്ങളുടെ ബ്രാൻഡ് പേരുമായി ബന്ധപ്പെട്ട അവകാശങ്ങൾ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു. വിലപേശാൻ ശ്രമിച്ചു. എനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ കൂടി ബാധിക്കുന്ന കാര്യമാണിത്. നിക്കോളയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യാമെന്ന് പറഞ്ഞത് അമ്മയായിരുന്നു. എന്നാൽ അവസാന നിമിഷം അവർ അതിൽ നിന്ന് പിന്മാറി. ഇതോടെ വിവാഹത്തിനായി ഔട്ട്ഫിറ്റ് കണ്ടെത്താൻ നിക്കോള ഒരുപാട് പ്രയാസപ്പെട്ടു. വിവാഹദിനത്തിലും വേദനിപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചു. നിക്കോളയുമായുള്ള എന്റെ ആദ്യത്തെ റൊമാന്റിക് നൃത്തം അമ്മ വിക്ടോറിയ 'ഹൈജാക്ക്' ചെയ്തു. ഡാൻസിനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ അമ്മ കൂടെ വരികയും അതിഥികൾക്ക് മുന്നിൽ എന്നോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. ഞാൻ ആകെ അപമാനിതനായി.

വിവാഹത്തിനുശേഷവും നിക്കോള അപമാനം നേരിട്ടു. കുടുംബാംഗങ്ങൾ പലപ്പോഴും അവളെ അവഗണിച്ചു. എന്റെ മുൻ കാമുകിമാരെ അമ്മ എപ്പോഴും ഞങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചിട്ടു. എന്റേയും നിക്കോളയുടേയും ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കാനായിരുന്നു അത്. എല്ലാവരും കരുതുന്നതുപോലെ ബെക്കാമിന്റെ 50-ാം പിറന്നാളിൽനിന്ന് വിട്ടുനിൽക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. ആഘോഷത്തിനായി ലണ്ടനിലേക്ക് പോയതാണ്. എന്നാൽ എന്നേയും നിക്കോളിനേയും കാണാൻ ബെക്കാം വിസമ്മതിച്ചു. ഒരാഴ്ച്ചയോളം ഹോട്ടൽ മുറിയിൽ തങ്ങി. ക്യാമറകളുടെ മുന്നിൽ 50-ാം പിറന്നാളാഘോഷത്തിന് കാണാം എന്ന് പറഞ്ഞു. അപ്പോഴും നിക്കോളയെ ഒഴിവാക്കണമെന്ന് പറഞ്ഞു. അതിന് ഞാൻ ഒരുക്കമായിരുന്നില്ല. അതിനാൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തില്ല.'-ബ്രൂക്ക്‌ലിൻ കുറിച്ചു.

ഇക്കാലമത്രയും മാതാപിതാക്കളായിരുന്നു തങ്ങളുടെ കുടുംബചിത്രമെന്നും അവരുടെ വ്യാഖ്യാനങ്ങളിലൂടെയാണ് പൊതുസമൂഹത്തിന് മുന്നിൽ തങ്ങളെ അവതരിപ്പിച്ചിരുന്നതെന്നും ബ്രൂക്ക്‌ലിൻ പറയുന്നു. നുണക്കഥകളുടെ കുത്തൊഴുക്കായിരുന്നു അവിടെ നടന്നിരുന്നത്. ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ മാതാപിതാക്കളാണ് ബ്ലോക്ക് ചെയ്തത്. എന്നാൽ അവർ പ്രചരിപ്പിച്ചത് താൻ അവരെ ബ്ലോക്ക് ചെയ്തു എന്നാണെന്നും ബ്രൂക്ക്‌ലിൻ പറയുന്നു. തന്റെ സഹോദരങ്ങളെ ഉപയോഗിച്ചും സോഷ്യൽ മീഡിയ വഴി തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.