ദാമ്പത്യജീവിതത്തിലെ മോശം അനുഭവങ്ങളെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറന്ന് ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം. സോഷ്യൽ മീഡിയയിലും വാർത്തകളിലും തന്നെ കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ അതിരുകടന്നതിനാലാണ് പ്രതികരിക്കുന്നതെന്നും തന്റെ അവസ്ഥയെ എല്ലാവരും പരിഹാസത്തോടെയാണ് കാണുന്നതെന്നും മേരി കോം വ്യക്തമാക്കി. പിടിഐയോട് സംസാരിക്കുകയാരുന്നു അവർ.

To advertise here,

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് മേരി കോം വിവാഹമോചിതയായെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. മേരി കോമിന് മറ്റൊരാളുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് മേരി കോം ഇപ്പോൾ നൽകിയിരിക്കുന്നത്.

'ഞാൻ എന്താണ് അനുഭവിച്ചതെന്ന് അറിയാത്ത ആളുകൾ എന്ന അത്യാഗ്രഹിയെന്ന് വിളിക്കുന്നു. ഞാനിപ്പോൾ വിവാഹമോചിതയാണ്. ഭർത്താവായിരുന്ന ഓൺലറുമായുള്ള ദാമ്പത്യജീവിതം അവസാനിപ്പിച്ചു. ഇതെല്ലാം സംഭവിച്ചത് രണ്ട് വർഷം മുമ്പാണ്. ഞാൻ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ എല്ലാ കാര്യങ്ങളും ശരിയായി നടന്നിരുന്നു. എന്റെ സാമ്പത്തിക കാര്യങ്ങലൊന്നും ഞാനല്ല നോക്കിയിരുന്നത്. പക്ഷേ 2022 കോമൺവെൽത്ത് ഗെയിംസിന് മുമ്പ് എനിക്ക് പരിക്കേറ്റതോടെ എന്റെ ജീവിതം വലിയൊരു കള്ളമാണെന്ന് എനിക്ക് മനസിലായി.

മാസങ്ങളോളം ഞാൻ കിടപ്പിലായിരുന്നു. അതിനുശേഷം എനിക്ക് വാക്കർ ആവശ്യമായി വന്നു. അപ്പോഴാണ് അത്രയുംകാലം ഒരുമിച്ച് ജീവിച്ചിരുന്ന മനുഷ്യൻ ഞാൻ വിശ്വസിച്ചിരുന്നതുപോലെയല്ലെന്ന് മനസിലായത്. ലോകത്തിന് മുമ്പിൽ ഒരു കാഴ്ചവസ്തുവാകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിനാൽ ഞങ്ങൾക്കിടയിൽതന്നെ അത് പരിഹരിക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ അതൊന്നും വിജയിച്ചില്ല. ഇതോടെ 2023-ൽ വിവാഹമോചനം നേടി.

ഈ വിവാഹബന്ധം തുടരാനാകില്ലെന്നും എന്റേയും അദ്ദേഹത്തിന്റേയും കുടുംബത്തെ ഞാൻ അറിയിച്ചു. അവർ അത് മനസ്സിലാക്കി. വിവാഹമോചനം രഹസ്യമായിവെയ്ക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി എന്നെ അപകീർത്തിപ്പെടുത്താൻ ഒരു കൂട്ടായ ശ്രമം നടക്കുന്നുണ്ട്. പ്രതികരിക്കുന്നില്ലെന്ന് ഞാൻ കരുതിയതാണ്. എന്നാൽ എന്റെ നിശബ്ദത മുതലെടുത്ത അവർ കൂടുതൽ ആക്രമണം നടത്തി.'-മേരി കോം പറയുന്നു.

കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്നും സ്വന്തം വരുമാനം കൊണ്ട് വാങ്ങിയ ഭൂമി നഷ്ടപ്പെട്ടെന്നും മേരി കോം ആരോപിച്ചു. മണിപ്പൂരിലുള്ള സ്വത്തിൻമേലും ഭൂമിയിലുമായി വായ്പകൾ എടുത്തിരുന്നെന്നും അവ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ഗ്രൂപ്പുകൾ അത് പിടിച്ചെടുത്തെന്നും അവർ അവകാശപ്പെട്ടു.

'അയാൾ കുറേ വായ്പകളെടുത്തിട്ടുണ്ട്. എന്റെ സ്വത്ത് പണയം വെച്ചു. അത് അദ്ദേഹത്തിന്റെ പേരിലാക്ക് മാറ്റി. ചുരാചന്ദ്പുരിലെ നാട്ടുകാരിൽനിന്ന് അദ്ദേഹം പണം കടം വാങ്ങി. അത് തിരിച്ചുപിടിക്കാൻ അവർ പ്രാദേശിക ഗ്രൂപ്പുകൾ വഴി ഭൂമി പിടിച്ചെടുത്തു. അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചത് ഞാനാണ്. എന്നെ വില്ലനായി ചിത്രീകരിക്കാൻ ടാബ്ലോയിഡുകൾ മത്സരിക്കുന്നു. എന്റെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു.

ഇതെല്ലാം കണ്ട് ഞാൻ ആകെ തകർന്നുപോയി. ഞാൻ സ്വന്തമാക്കിയ നേട്ടങ്ങളുടെ അർത്ഥമെന്തെന്ന് സ്വയം ചോദിച്ചു. പക്ഷേ എനിക്ക് സങ്കടപ്പെടാൻപോലും കഴിയില്ല. എന്റെ നാല് കുട്ടികളെ നോക്കണം. എന്നെ ആശ്രയിക്കുന്ന മാതാപിതാക്കളേയും. പോലീസിനെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനിയെങ്കിലും എന്നെ വെറുതെ വിടണം.'-മേരി കോം വ്യക്തമാക്കി.

തന്റെ കുട്ടികൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും പരസ്യചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും അവർ പറയുന്നു. 'എന്റെ മക്കൾക്കായി ഞാൻ കഠിനധ്വാനം ചെയ്യുന്നു. ഞാൻ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ദൈവത്തിന് അറിയാം. പക്ഷേ കുട്ടികളുള്ളപ്പോൾ എനിക്ക് തളരാനാകില്ല. നമ്മൾ സ്വയം മുന്നോട്ട് പോകണം. ഞാൻ ഇപ്പോൾ പോരാടുകയാണ്. എന്റെ ജീവിതം ഒരു നീണ്ട ബോക്‌സിങ് മത്സരമാണെന്ന് തോന്നുന്നു. ദൈവം എന്റെ കൂടെയുണ്ട്. അതെനിക്ക് ശക്തി പകരും'-മേരി കോം പറയുന്നു.

നിലവിൽ ഫരീദാബാദിലാണ് മേരി കോം താമസിക്കുന്നത്. ഇരട്ടകൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മേരി കോമിനുള്ളത്.