ഇന്ത്യന്‍ യുവാക്കള്‍ വിദേശികളായ സ്ത്രീകളെ വിവാഹം ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ഇവരില്‍ പലരും ഭര്‍തൃ വീട്ടുകാരുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാറുണ്ട്. വ്യത്യസ്ത സംസ്‌കാരവും ഭാഷയുമെല്ലാം ആയതിനാല്‍ ഇരുവീട്ടുകാര്‍ക്കുമിടയിലെ ബന്ധം ചിലപ്പോള്‍ വഷളാകുകയും ചെയ്യും. 

To advertise here,

എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരവും ഭര്‍തൃവീട്ടുകാര്‍ക്കുമൊപ്പമുള്ള താമസം ഏറെ ഇഷ്ടമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു റഷ്യന്‍ യുവതി. മറ്റുള്ളവര്‍ 'ക്രിഞ്ച്' എന്ന് വിളിക്കുന്ന ഇന്ത്യന്‍ ശീലങ്ങള്‍ തന്റെ ജീവിതത്തില്‍ ഗുണം മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യൂലിയ അസ്ലമോവ എന്ന യുവതി പറയുന്നു. ആദ്യം വിചിത്രമെന്ന് തോന്നിയെങ്കിലും പതുക്കെ ആ ശീലങ്ങള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായെന്നും യൂലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഭര്‍തൃവീട്ടുകാരോടൊപ്പം താമസിക്കാന്‍ അവസരം ലഭിക്കുന്നത് അനുഗ്രഹമായാണ് കരുതുന്നത്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പങ്കിടാന്‍ വേറേയും ആളുകളുള്ളതുകൊണ്ട് ഏറെ ആശ്വാസം തോന്നുന്നുവെന്നും യുവതി കുറിച്ചു. സ്പൂണ്‍ ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഏറെ ആസ്വദിക്കുന്നുവെന്നും അത് ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ ഏറെ സഹായിക്കുന്നുണ്ടെന്നും യൂലിയ പറയുന്നു. എന്തെങ്കിലും കാര്യത്തിന് ആളുകള്‍ ഇരുപത് മിനിറ്റെല്ലാം വൈകി വരുന്നത് ഇപ്പോള്‍ സാധാരണ കാര്യമായി മാറിയെന്നും താന്‍ അത് അനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. 

ഇപ്പോള്‍ 'ഹിംഗ്ലീഷി'ലാണ് സംസാരിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ഒഴുക്കോടെ ഹിന്ദി പഠിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഒന്നിലധികം ഭാഷ സംസാരിക്കാന്‍ കഴിയുന്നത് വളരെ നല്ല ഗുണമാണ്. വീട്ടില്‍ സഹായത്തിന് ഒന്നിലധികം ആളുകളുള്ളത് ജോലികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സഹായിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സ്‌നേഹത്തിന് ഇന്ത്യക്കാര്‍ നല്‍കുന്ന പ്രാധാന്യം മനസ് കീഴടക്കി. ഇന്ത്യന്‍ സിനിമയിലും സാഹിത്യത്തിലും എല്ലാം സ്‌നേഹത്തിന്റെ മൂല്യത്തെ പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ സൃഷ്ടികളുണ്ട്. എന്തിനേയും വൈകാരികമായ സ്വീകരിക്കുന്ന ഇന്ത്യന്‍ ജീവിത രീതിയും ഇഷ്ടപ്പെട്ടു. എന്നാല്‍ അതൊരു ഡ്രാമയായി മാറുന്നത് സഹിക്കാനാകില്ലെന്നും യുവതി പറയുന്നു.

ഇഷ്ടപ്പെട്ട ഇന്ത്യന്‍ ശീലങ്ങളിലൊന്ന് പാലും സുഗന്ധദ്രവ്യങ്ങളും കൊണ്ടുണ്ടാക്കുന്ന മസാല ചായ കുടിക്കുന്നതാണ്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരസ്പര ധാരണയോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ജീവിതം വളരെ എളുപ്പമാണെന്നും യുവതി പറയുന്നു. 

ബെംഗളൂരു സ്വദേശിയായ അനിലാണ് യൂലിയയുടെ ഭര്‍ത്താവ്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യൂലിയയും അനിലും വിവാഹിതരായത്. അന്ന് ജോലി രാജിവെച്ച് റഷ്യയും വിട്ട് അനിലിനൊപ്പം ജീവിക്കാനെടുത്ത തീരുമാനം ശരിയായിരുന്നുവെന്നും യൂലിയ നേരത്തെ പങ്കുവെച്ച പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.