തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനും ജീവിതപങ്കാളി ഷൂറാ ഖാനും. തങ്ങള്‍ വലിയ സന്തോഷത്തിലും ആവേശത്തിലുമാണെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ബാസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഷൂറ ഗര്‍ഭിണിയാണെന്ന് നേരത്തേ തന്നെ അഭ്യൂഹമുണ്ടായിരുന്നു. 

To advertise here,

'അതെ, ശരിയാണ്. ഞാന്‍ ഇക്കാര്യം നിഷേധിക്കുന്നില്ല. എന്റെ കുടുംബത്തിന് ഇതേക്കുറിച്ചറിയാം. ഇത് വളരെ പ്രകടമായ ഒന്നാണ്. ഞങ്ങളുടെ രണ്ടുപേരുടേയും ജീവിതത്തിലെ ആവേശകരമായ സമയമാണ് ഇത്. ഞങ്ങള്‍ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. പുതിയൊരു ജീവനെ ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍.' -അര്‍ബാസ് മനസ് തുറന്നു. 

കുറച്ചുകാലത്തിനുശേഷം വീണ്ടും അച്ഛനാകാന്‍ പോകുന്നതിനാല്‍ പുതിയൊരു അനുഭവമാണ് ഇതെന്നും അര്‍ബാസ് കൂട്ടിച്ചേര്‍ത്തു. തനിക്ക് അല്‍പ്പം പരിഭ്രാന്തിയുണ്ട്. ഏതൊരാള്‍ക്കും ഉണ്ടാകുന്നതാണ് അത്. പുതിയൊരു തരം സന്തോഷവും ഉത്തരവാദിത്തവും നല്‍കുന്നതാണ് ഇത്. ഇത് താന്‍ ഏറെ ആസ്വദിക്കുന്നുവെന്നും താരം പറഞ്ഞു. 

2023 ഡിസംബറിലാണ് അര്‍ബാസ് ഖാനും ഷൂറയും വിവാഹിതരാകുന്നത്. അര്‍ബാസിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹവേളയില്‍ അര്‍ബാസിന് 56 വയസും ഷൂറയ്ക്ക് 31 വയസുമായിരുന്നു പ്രായം. പ്രായവ്യത്യാസം കൂടുതലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിനാണ് വിജയസാധ്യത കൂടുതലെന്ന് അന്ന് അര്‍ബാസ് പറഞ്ഞിരുന്നു. 

നടി മലൈക അറോറയായിരുന്നു അര്‍ബാസ് ഖാന്റെ ആദ്യഭാര്യ. 1998-ലായിരുന്നു ഇരുവരുടേയും വിവാഹം. 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. അര്‍ബാസിനും മലൈകയ്ക്കും അര്‍ഹാന്‍ എന്നൊരു മകനുണ്ട്. അര്‍ബാസിന്റേയും ഷൂറയുടേയും വിവാഹത്തിന് അര്‍ഹാനും സാക്ഷിയായിരുന്നു.