പ്രേമം എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്കിലെ തിരക്കുള്ള നടിയാണ്. തമിഴിലും സാന്നിധ്യം അറിയിച്ചെങ്കിലും ടോളിവുഡാണ് അനുപമയ്ക്ക് വലിയ അവസരങ്ങള്‍ നല്‍കിയത്. 

To advertise here,

എങ്കിലും ആദ്യം അഭിനയിച്ച പ്രേമം എന്ന ചിത്രത്തോടും മലയാള സിനിമയോടും തന്നെയാണ് അനുപമയ്ക്ക് ഒരിത്തിരി ഇഷ്ടം കൂടുതല്‍. അടുത്തിടെ വോഗ് ഇന്ത്യയുടെ കവര്‍ ഗേളായി വന്ന അനുപമ അവര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ബന്ധങ്ങളെ കുറിച്ചും തന്റെ മറ്റ് ഇഷ്ടങ്ങളെ കുറിച്ചും നടി അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുന്നുണ്ട്. 'ഞാന്‍ നിന്നെ എന്നും സ്‌നേഹിക്കും' എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ നുണയെന്നും അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും അനുപമ പറയുന്നു.  ടോക്‌സിക് റിലേഷന്‍ഷിപ്പിലുള്ള ഒരാള്‍ക്ക് കൊടുക്കുന്ന ഉപദേശം എന്താണ് ചോദിച്ചപ്പോള്‍ 'ഓടിക്കോ' എന്നായിരുന്നു അനുപമയുടെ ഉത്തരം. 

അനുപമയുടെ ഇഷ്ടപ്പെട്ട പാട്ട് പ്രേമത്തിലെ 'ആലുവാപ്പുഴയുടെ തീരത്താ'ണ്. സന്തോഷം വരുമ്പോഴെല്ലാം ഈ പാട്ടാണ് കേള്‍ക്കാന്‍ ഇഷ്ടമെന്നും അനുപമ പറയുന്നു. മാനസികമായി തളര്‍ന്നിരിക്കുന്ന സമയത്താണെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രം പ്രേമമായിരിക്കും. അഭിനയിച്ച സിനിമകളിലെ തന്റെ ഇന്‍ട്രൊഡക്ഷന്‍ സീനും പാട്ടുകളും ഒരുപാട് ആസ്വദിക്കാറുണ്ടെന്നും അതുപോലെ പ്രേമത്തിലെ മലര്‍ മിസ്സിന്റെ ഇന്‍ഡ്രൊക്ഷന്‍ സീന്‍ ഒരുപാട് ഇഷ്ടമാണെന്നും അനുപമ പറയുന്നു. 

അമ്മയുടെ ചോറും ചമ്മന്തിയുമാണ് അനുപമയുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. വെള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ഏറ്റവും പ്രിയപ്പെട്ട ഔട്ട്ഫിറ്റെന്നും അഭിമുഖത്തില്‍ അനുപമ പറയുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭൂമിയിലെ അവസാനദിവസം എന്താണ് ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടപ്പെട്ട അത്രയും അളവില്‍ കഴിക്കുമെന്നായിരുന്നു അനുപമയുടെ മറുപടി.