കേരളാ സാരിയില്‍ ബുര്‍ജ് ഖലീഫയില്‍ ചെന്ന് തന്റെ പിറന്നാള്‍ മധുരം നുണഞ്ഞ അനിമോള്‍ എന്ന അമ്പതുകാരിയുടെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരിക്കുന്നത്. അസാധാരണമായ ജീവിതവഴികളിലൂടെ പ്രതിസന്ധികളോരോന്നായി മറികടന്ന് ജീവിതം സ്വയം കെട്ടിപ്പടുത്ത അനി മോള്‍ ബുര്‍ജ് ഖലീഫയില്‍നിന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്; 

To advertise here,

'ഇത് വെറും ഒരു എഫ്ബി പോസ്റ്റോ, ഒരു പിറന്നാള്‍ക്കഥയോ അല്ല... ജീവിതം തന്ന കയ്‌പ്പൊക്കെയും കുടിച്ചുകൊണ്ട്  അമ്മ നഷ്ട്ടപ്പെട്ട ഒരു 13 വയസ്സുകാരി തോറ്റു പിന്മാറാന്‍ മനസ്സില്ലാതെ അതിജീവനത്തിന്റെ അതിരുകള്‍ താണ്ടി ഒരു സ്വപ്നം സാക്ഷാല്‍കരിച്ചതിന്റെ നേര്‍ചിത്രമാണ്...' 

എറണാകുളം സ്വദേശിയാണ് അനിമോള്‍. ദരിദ്രമായ കുടുംബാന്തരീക്ഷമായിരുന്നു അവളുടേത്. ബാല്യത്തില്‍ ജീവിതമെന്നാല്‍ ഒരു കഠിനയാത്രയായിരുന്നു. അതിന്റെ പാതിവഴിയില്‍വെച്ച് അമ്മ സ്വയം ജീവനൊടുക്കി. മനസ്സിനേറ്റ മുറിവ് തുന്നിക്കൂട്ടിക്കൊണ്ട് മുന്നോട്ട് നീങ്ങിയ അനിമോള്‍ ഉയര്‍ന്നമാര്‍ക്കോടെ പത്താംക്ലാസ് ജയിച്ചെങ്കിലും പിന്നീട് വീട്ടുജോലിക്ക് പോകാന്‍ നിര്‍ബന്ധിതയായി. തയ്യലിനും പോയിരുന്നു. അങ്ങനെ 21-ാം വയസ്സില്‍ ഹൈദരാബാദിലെത്തി. അവിടെ ഭാഷയറിയാതെ, ഭക്ഷണമില്ലാതെ ഏറെ വലഞ്ഞു, പട്ടിണികിടന്നു. 

ഇന്ന് ഹൈദരാബാദിലെ പള്‍സ് ഹാര്‍ട്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഫിനാന്‍സ് ഓഡിറ്റിങ് ഹെഡ്ഡാണ് അനിമോള്‍. സ്വയംവെട്ടിയ വഴിയിലൂടെ ജീവിതത്തില്‍ വെളിച്ചം കടന്നുവന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞു. അന്ന് ഭാഷയറിയാതെ നഗരത്തില്‍ വിഷമിച്ചവള്‍ക്ക് ഇന്ന് 
അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാം.

കയ്‌പ്പേറിയ അനുഭവങ്ങളോരോന്നും ഉണ്ടായപ്പോള്‍ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തയുണ്ടായിരുന്നെങ്കിലും അമ്മയുടെ വഴി അനിമോള്‍ തിരഞ്ഞെടുത്തില്ല. പത്ത് രൂപ കൂലിയുണ്ടായിരുന്ന അമ്മയുടെ ദുരിതങ്ങളും നിസ്സഹായതയും കണ്ട കുഞ്ഞുമനസ്സിന് സ്‌കൂളിലെ വിനോദയാത്രപോലും വിദൂരസ്വപ്‌നമായിരുന്നു. ആ കുട്ടിയാണ് ബുര്‍ജ് ഖലീഫയില്‍ ചെന്ന് പിറന്നാള്‍ കെയ്ക്ക് കഴിച്ച്, ആനന്ദിച്ച് സ്വപ്‌നസാക്ഷാത്കാരം നിറവേറ്റിയ ഈ അമ്പതുകാരി. 

ബുര്‍ജ് ഖലീഫയുടെ  148-ാം നിലയില്‍ നിന്നുള്ള ആ കാഴ്ചകളിലൂടെ ജീവിതത്തോട് ഒരുപാട് സന്തോഷത്തോടെ ഞാന്‍ പറഞ്ഞു: 'നീ എത്ര തല്ലിക്കൊഴിക്കാന്‍ ശ്രമിച്ചിട്ടും ഞാന്‍ തകര്‍ന്നില്ല... ഇതാണ് നിനക്കുള്ള എന്റെ മറുപടി', അനിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഒറ്റപ്പെടലില്‍ തള്ളിനീക്കിയ എത്രയോ പിറന്നാളുകള്‍ അനിമോളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ലോകത്തിന്റെ നെറുകയിലെന്ന പോലെ ബുര്‍ജ് ഖലീഫയില്‍നിന്നപ്പോള്‍ ആ വേദനനിറഞ്ഞ പിറന്നാള്‍ ദിനങ്ങളെ താന്‍ ഓര്‍ത്തുപോയെന്നും അനിമോള്‍ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.