വിവാഹവും അതിനെത്തുടര്‍ന്ന് ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളും വീണ്ടും തുറന്നുപറഞ്ഞ് ഗായിക അമൃത സുരേഷ്. താന്‍ കാരണം കുടുംബം മൊത്തം പഴികേട്ടുവെന്ന് അമൃത പറയുന്നു. വളര്‍ത്തുദോഷമാണെന്ന് പറഞ്ഞു. വിവാഹത്തെത്തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു തീര്‍ത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃതം ഗമയ യൂട്യൂബ് ചാനലില്‍ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്‌ളോഗില്‍ സംസാരിക്കുകയായിരുന്നു അവര്‍.

To advertise here,

'എന്റെ ജീവിതത്തിലെ സംഭവങ്ങള്‍ കാരണം ഏറ്റവുംകൂടുതല്‍ പഴികേട്ടത് അച്ഛയും അമ്മയും ആണ്. വളര്‍ത്തുദോഷം, അവര്‍ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, മക്കളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു... ഞാന്‍ കാരണം എന്റെ മൊത്തം കുടുംബം 14 വര്‍ഷം പഴികേട്ടു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടും കാര്യമില്ല. ഞാന്‍ പറയാതിരുന്നതുകൊണ്ടും നിങ്ങള്‍ക്ക് കിട്ടിയ അറിവുകള്‍ കൊണ്ടും നിങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ്', ഇപ്പോള്‍ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം കുടുംബത്തിന് മൊത്തമുണ്ടെന്നും അവര്‍ പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമൃത സുരേഷ്.

'ഇപ്പോള്‍ എല്ലാവരും 'ഞങ്ങള്‍ കൂടെയുണ്ട്' എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ കാണാന്‍ അച്ഛ ഇല്ലാതെയായിപ്പോയി എന്നൊരു വിഷമമുണ്ട്. ചിലപ്പോൾ അച്ഛ ഇത് മുകളില്‍ ഇരുന്ന് കാണുന്നുണ്ടാവും. അച്ഛയുടെ അനുഗ്രഹം കൊണ്ടായിരിക്കും നിങ്ങള്‍ എല്ലാവരും ഞങ്ങളെ മനസിലാക്കിയതും', അവര്‍ പറഞ്ഞു.

'മനുഷ്യര്‍ തെറ്റുകള്‍ ചെയ്യും. അത് സ്വാഭാവികമാണ്. എല്ലാവരുടേയും ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടാവും, ചിലപ്പോൾ എന്റെയത്രേം മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ടാവില്ല. മാരിയേജ് ട്രോമ മറികടന്നോ എന്ന് ഇപ്പോഴും അറിയില്ല. കുറയൊക്കെ കരഞ്ഞുതീര്‍ത്തിട്ടുണ്ട്. മകള്‍ എന്നൊരാള്‍ ഉള്ളതുകൊണ്ടുതന്നെ ട്രോമറ്റൈസ്ഡ് ആയി ഇരിക്കാനുള്ള ഓപ്ഷന്‍ ഇല്ല. സിംഗിള്‍ മോം എന്നത് തന്നെയാണ് എന്നെ ആക്ടീവായി നിര്‍ത്തിയതും. പാപ്പു ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്ന് മൂലയില്‍ ആയിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാന്‍ പണിയെടുക്കണം, ഹാപ്പിയായിട്ട് ഇരിക്കണം, ഹെൽത്തിയായിട്ടിരിക്കണം... എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണം', അമൃത കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആദ്യ പങ്കാളി നടന്‍ ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയനുമായി ഇപ്പോഴും കോണ്‍ടാക്ടുണ്ടെന്നും അമൃത ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ആശുപത്രിയില്‍വെച്ചാണ് പരിചയപ്പെട്ടതെന്നും ആ ബന്ധം ഇപ്പോഴുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.