
അമിതാഭ് ബച്ചനും രേഖയും ഒന്നിച്ച് അഭിനയിച്ച സിനിമയില്‍നിന്നുള്ള രംഗം | Photo: youtube screengrab
ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച താരങ്ങളാണ് അമിതാഭ് ബച്ചനും രേഖയും. മുക്കദ്ദര്‍ കാ സിക്കന്ദര്‍', 'ദോ അന്‍ജാനേ', 'നമക് ഹറാം', 'മിസ്റ്റര്‍ നട്വര്‍ലാല്‍' തുടങ്ങിയ സിനിമകളില്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ അമിതാഭ് ബച്ചന്‍ പിന്നീട് നടി ജയയെ വിവാഹം ചെയ്തു. രേഖ ഇപ്പോഴും അവിവാഹിതയായി തുടരുകയും ചെയ്യുന്നു.
ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യാസര്‍ ഉസ്മാന്റെ 'രേഖ: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. നടി ഷബാന ആസ്മിയുടെ പിറന്നാള്‍ ആഘോഷത്തിനെത്തിയ അമിതാഭ് ബച്ചന്‍ അവിടെ രേഖയെ കണ്ടപ്പോള്‍ പെട്ടെന്ന് ടാക്‌സി വിളിച്ചുപോയ സംഭവം ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു കാലത്ത് ബച്ചന്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്ന അമര്‍ സിങ്ങിനെ ഉദ്ധരിച്ചാണ് ഇക്കാര്യം പറയുന്നത്.
'ഒരിക്കല്‍ ഷബാന ആസ്മി ഞങ്ങളെ അവരുടെ ജന്മദിനത്തിന് ക്ഷണിച്ചു. ഞാനും ജയയും അമിതാഭും ഒരുമിച്ച് അവരുടെ വീട്ടിലെത്തി. ഞങ്ങള്‍ കൃത്യസമയത്ത് എത്തി. തിരികെ പോകാന്‍ വൈകുമെന്നതിനാല്‍ ഡ്രൈവറോട് ഭക്ഷണം കഴിക്കാന്‍ അമിതാഭ് പറഞ്ഞു. അകത്ത് കടന്നപ്പോള്‍ രേഖ അവിടെയുണ്ടായിരുന്നു. രേഖയെ കണ്ടയുടന്‍ അമിത്ജി പുറത്തേക്ക് മടങ്ങി. ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയതുകൊണ്ട് ഞങ്ങള്‍ ഒരു ടാക്‌സി വിളിച്ച് തിടുക്കത്തില്‍ അതില്‍ കയറി വീട്ടിലേക്ക് മടങ്ങി. അന്ന് ഷബാനയ്ക്ക് ആശംസ നേരാന്‍ പോലും അമിതാഭ് അവിടെ നിന്നില്ല. അത്രയും തിടുക്കത്തിലാണ് പോയത്. ഇത് അമിതാഭും രേഖയും തമ്മില്‍ എന്തോ ഒരു ബന്ധം ഉണ്ടായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ഒരു ബന്ധവുമില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് കുറഞ്ഞപക്ഷം ശബാനാജിയെ വിഷ് ചെയ്യുകയും രേഖയുമായി സൗഹൃദ സംഭാഷണം നടത്തുകയും ചെയ്യാമായിരുന്നു.' പുസ്തകത്തില്‍ അമര്‍ സിങ്ങ് പറയുന്നു.
ഒരിക്കല്‍ ഹേമ മാലിനിയും രേഖയുടെ കാര്യം തന്നോട് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും അമര്‍ സിങ്ങ് പുസ്തകത്തില്‍ പറയുന്നുണ്ട്. 'ഒരിക്കല്‍, ഹേമാജി സഹതാപത്തോടെ രേഖയുടെ മാനസികാവസ്ഥയെ എന്നോട് സംസാരിച്ചു. 'നിങ്ങള്‍ അമിതാഭിനെ സഹോദരനായി കാണുന്നു. രേഖ എന്റെ സുഹൃത്താണ്. നിങ്ങള്‍ക്കെന്തെങ്കിലും ചെയ്തുകൂടേ?' എന്ന് അവര്‍ ചോദിച്ചു'- അദ്ദേഹം പറയുന്നു.
2024-ല്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലും രേഖ അമിതാഭിനോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. അമിതാഭ് അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പോയതിന്റെ അനുഭവം കപില്‍ പങ്കുവെയ്ക്കുന്നതിനിടെ അദ്ദേഹത്തെ തടസപ്പെടുത്തി ആ ഷോ വളരെ ശ്രദ്ധയോടെ താന്‍ കാണാറുണ്ടെന്നും അതില്‍ പറഞ്ഞ ഓരോ കാര്യവും തനിക്ക് ഓര്‍മയുണ്ടെന്നും രേഖ പറഞ്ഞിരുന്നു.
Content Highlights: amitabh bachchan left shabana azmis party when he saw rekha
Published: 17 Oct 2025, 05:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented