അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും വിവാഹബന്ധം വേര്‍പിരിയാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാകുകയാണ്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ  സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഒബാമ ദമ്പതിമാരുടെ വിവാഹമോചന വാർത്തകള്‍ വീണ്ടും ചര്‍ച്ചയായത്. അതിനിടെ മിഷേലിന് പിറന്നാൾ ആശംസനേർ‌ന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ബരാക് ഒബാമ.  

To advertise here,

'എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് പിറന്നാള്‍ ആശംസകള്‍.  നിന്നോടൊപ്പം ജീവിതത്തിലെ സാഹസികതകള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു' - ബാരക് ഒബാമ എക്‌സില്‍ കുറിച്ചു. മിഷേലുമൊത്തുള്ള ചിത്രവും ബരാക് ഒബാമ പങ്കുവെച്ചിട്ടുണ്ട്. ആശംസയ്ക്ക് മിഷേല്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. 

ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേല്‍ ഒബാമയുമൊത്തുള്ള ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജനുവരി ഒന്‍പതിന് നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങുകളിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഇപ്പാള്‍  സ്ഥാനാരോഹണത്തിനും വരുന്നില്ലെന്ന് പറഞ്ഞതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും സജീവമായത്. എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. കൃത്യമായ നിലപാട് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് മിഷേല്‍ ഈ പരിപാടികളില്‍ പങ്കെടുക്കാത്തതെന്ന് അവരോട് അടുപ്പമുള്ള ഒരു വ്യക്തി പ്രതികരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.