ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കുഞ്ഞ് ജനിച്ച ശേഷം ഉത്തരവാദിത്തങ്ങള്‍ എങ്ങനെ വിഭജിക്കണമെന്നതെല്ലാം തീരുമാനിച്ചിട്ടുണ്ടെന്ന് ആലിയ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രസവശേഷം എത്രയും പെട്ടെന്ന് ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കണമെന്ന് രണ്‍ബീര്‍ തന്നോട് ആവശ്യപ്പെട്ടതായും ആലിയ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആലിയ.

To advertise here,

'ഒരു കുഞ്ഞ് വരുന്നതോടെ ജീവിതം കുറച്ചുകൂടി പുതുമയുള്ളതാകും. രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്..'കുഞ്ഞുണ്ടായിക്കഴിയുന്ന മാസം മുതല്‍ നീ ജോലിയില്‍ പ്രവേശിക്കൂ. ഒരു മാസം നീ ജോലിക്ക് പോകുക. ആ സമയത്ത് ഞാന്‍ കുഞ്ഞിനെ നോക്കും. അതു കഴിഞ്ഞ് അടുത്ത മാസം ഞാന്‍ ജോലിക്ക് പോകാം. ആ കാലയളവില്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതി.' എനിക്ക് വളരെ സന്തോഷം നല്‍കുന്ന വാക്കുകളായിരുന്നു അത്. ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ രണ്‍ബീറും യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനി വലിയ ഉത്തരവാദിത്തമാണ് വരാന്‍ പോകുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് അര്‍ഥം എനിക്ക് ജോലിക്ക് പോകാം എന്നതാണ്. ഞാന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട ഒരു അവസ്ഥയില്ല.'-ആലിയ പറയുന്നു.

അമ്മ സോണി റാസ്ദാന്‍ തന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ആലിയ മനസുതുറന്നു. 'കുട്ടിയായിരുന്നപ്പോള്‍ അമ്മയില്‍ നിന്ന് പോക്കറ്റ്മണി കിട്ടാന്‍ പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് പണം ചിലവഴിച്ചിരുന്നത്. ഇപ്പോള്‍ എന്റെ പണമെല്ലാം കൈകാര്യം ചെയ്യുന്നത് അമ്മയാണ്. എന്റെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് എനിക്കറിയില്ല. എന്റെ അമ്മയാണ് അതെല്ലാം കൈകാര്യം ചെയ്യുന്നത്. പണവുമായി ബന്ധപ്പെട്ട എന്തു കാര്യമാണെങ്കിലും അമ്മയോട് ചോദിക്കണം. അമ്മ അത് ഭംഗിയായി ചെയ്യുമെന്ന് എനിക്കുറപ്പാണ്.' ആലിയ പറയുന്നു.