ഇരുപതു വര്‍ഷത്തെ സൗഹൃദമുണ്ടെങ്കിലും അഞ്ച് മാസമേ ആയുള്ളൂ പരസ്പരം പ്രണയം പറഞ്ഞുറപ്പിച്ചിട്ട്. അപ്പോഴാണ് പൊടുന്നനെ സുബി രാഹുലിനെ തനിച്ചാക്കി കടന്നുപോയത്. അന്തരിച്ച സിനിമ-ടെലിവിഷന്‍ താരം സുബി സുരേഷുമായുള്ള ഓര്‍മകളില്‍ വിതുമ്പി പ്രതിശ്രുത വരനായിരുന്ന കലാഭവന്‍ രാഹുല്‍. ഫെബ്രുവരി 14-ന് പ്രണയദിനത്തില്‍ ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നതാണ്. അതിനിടെ രണ്ട് വിദേശ പരിപാടികള്‍ വന്നു.

To advertise here,

പ്രണയദിനത്തില്‍ വിവാഹമെന്ന ആഗ്രഹം നടക്കാതെ പോയി. ഒപ്പം സുബിയുടെ രോഗാവസ്ഥയും കൂടുതല്‍ വഷളായി. തുടര്‍ന്നാണ് വിവാഹം മാര്‍ച്ചിലേക്ക് മാറ്റിയത്. രോഗാവസ്ഥയെ കുറിച്ച് സുബി എല്ലാ കാര്യങ്ങളും പങ്കുെവച്ചിരുന്നതായി രാഹുല്‍ പറഞ്ഞു. 

സ്വന്തം പ്രയാസങ്ങള്‍ വീട്ടുകാരെ പോലും അറിയിക്കാതിരിക്കാന്‍ സുബി ശ്രദ്ധിക്കുമായിരുന്നു. ഇരുപതു വര്‍ഷമായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കോളേജ് കാലം തൊട്ടേ പരസ്പരം അറിയാം. എന്നാല്‍, വിവാഹം കഴിക്കണമെന്ന ചിന്ത അപ്പോഴൊന്നും രണ്ടുപേര്‍ക്കും ഉണ്ടായിരുന്നില്ല - കലാഭവന്റെ പ്രോഗ്രാം ഡയറക്ടര്‍ കൂടിയായ രാഹുല്‍ പറഞ്ഞു. കലാഭവനിലെ അടുത്ത സുഹൃത്തുക്കളും ഭാരവാഹികളുമൊക്കെ രണ്ടുപേരും ഒരുമിച്ചു ജീവിക്കുന്നതു കാണാനുള്ള ആഗ്രഹത്തിലായിരുന്നു.

ഏതു പ്രതിസന്ധിയിലും ചിരിച്ച് ഉല്ലാസവതിയായിരിക്കുന്നതാണ് സുബിയുടെ പ്രകൃതം. എല്ലാത്തിനെയും അതിജീവിക്കാനാകുമെന്ന നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവുമാണ് സുബിയുടെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടിയതെന്നും രാഹുല്‍. ഇനി രാഹുലിന് ഹൃദയത്തില്‍ ചേര്‍ത്തുെവക്കാന്‍ സുബിയുടെ ഓര്‍മകള്‍ മാത്രം.