താൻ വീണ്ടും വിവാഹിതയാകുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി നടി മീന. വിവാഹത്തെ കുറിച്ചുള്ള ഇത്തരം വാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതെല്ലാം കാണുമ്പോൾ ഭയങ്കര ദേഷ്യമാണ് തോന്നാറുള്ളതെന്നും അവർ വ്യക്തമാക്കി. തനിക്കൊരു മകളുണ്ടെന്ന കാര്യം പലരും മറന്നുപോകുന്നുവെന്നും ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു.
'ഇപ്പോൾ എന്നെ കുറിച്ച് ഏറ്റവും കൂടുതൽ കേൾക്കുന്നത് രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ്. അതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെ ഒരാളുണ്ടെങ്കിൽ അതിനെ കുറിച്ച് എഴുതുന്നതും സംസാരിക്കുന്നതും തെറ്റല്ല. എന്നാൽ ഇതിപ്പോൾ വെറുതേ തോന്നുന്നതെല്ലാം എഴുതിപ്പിടിപ്പിക്കുകയാണ്. എനിക്കൊരു മകളുണ്ടെന്നും അവൾ ഇതെല്ലാം കാണുമെന്നും ഈ അഭ്യൂഹം പ്രചരിക്കുന്നവർ ഓർക്കുന്നില്ല.
ഞാൻ ഒരു സ്ത്രീയാണ്, സെലിബ്രിറ്റിയുമാണ്. ഞാൻ ഇപ്പോൾ സിംഗിളുമാണ്. ഈ കാരണങ്ങൾ കൊണ്ടാകാം എന്തും പറയാം എന്ന തോന്നൽ എഴുതുന്നവർക്കുണ്ടാകുന്നത്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. എന്നെ ശല്ല്യപ്പെടുത്തുന്നത് പോലെയാണിത്. എന്റെ സമയവും ആരോഗ്യവും നെഗറ്റീവായ കാര്യങ്ങൾക്ക് വേണ്ടി ചെലഴിക്കാൻ താത്പര്യമില്ലാത്തിനാലാണ് മിണ്ടാതിരിക്കുന്നത്. പക്ഷേ എപ്പോഴാണ് എന്റെ ക്ഷമ നശിക്കുന്നത് എന്ന് പറയാൻ പറ്റില്ല.
ഞാൻ വളരെ പോസിറ്റീവായിട്ടുള്ള വ്യക്തിയാണ്. എനിക്ക് സന്തോഷത്തോടെ ഇരിക്കാനും പോസിറ്റീവായ കാര്യങ്ങൾ പങ്കുവെയ്ക്കാനുമാണ് ഇഷ്ടം. അത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാൻ ജീവിക്കുന്നത്.'-മീന വ്യക്തമാക്കി.
Content Highlights: actress meena slams false second marriage reports
Published: 21 Feb 2026, 10:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented