നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളി വിവാഹിതനാകുന്നു. മോഡലും എഞ്ചിനീയറുമായ കല്ല്യാണി മേനോന്‍ ആണ് വധു. പത്തു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് മിഥുനും കല്ല്യാണിയും ഒന്നിക്കുന്നത്. 

To advertise here,

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ മിഥുനും മൃദുലയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങള്‍ക്കൊപ്പം മിഥുനും കല്ല്യാണിയും തമ്മിലുള്ള പ്രണയ കഥയും മൃദുല പോസ്റ്റ് ചെയ്തിട്ടുണ്ട്. 

മൃദുലയുടെ സുഹൃത്ത് മീനാക്ഷി മേനോന്റെ അനിയത്തിയാണ് കല്ല്യാണി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മൃദുലയും മീനാക്ഷിയും കമ്പൈന്‍ഡ് സ്റ്റഡി നടത്തുമായിരുന്നു. മിക്കവാറും മീനാക്ഷിയുടെ വീട്ടിലാകും ഈ ഒരുമിച്ചുള്ള പഠിത്തം. ഇതിലൂടെയാണ് മിഥുന്റേയും കല്ല്യാണിയുടേയും പ്രണയം പൂത്തുലഞ്ഞത്. 

'ഒരു വലിയ കഥ ചെറുതായി പറയാം. മീനാക്ഷിയുമായുള്ള എന്റെ കമ്പൈന്‍ഡ് സ്റ്റഡി ഗുണകരമായത് കല്ല്യാണിക്കും മിഥുനുമാണ്. അവളുടെ ചേച്ചിയോടൊപ്പം താന്‍ കമ്പൈന്‍ഡ് സ്റ്റഡി നടത്തുന്നത് വെറുത്തിരുന്ന ഒരു പെണ്‍കുട്ടിക്ക് ഇനി ഇപ്പോള്‍ എപ്പോഴും  എന്റെ മുഖം കാണുക എന്നല്ലാതെ അവള്‍ക്ക് വേറെ വഴികളില്ല. ഞങ്ങള്‍ എല്ലാവര്‍ക്കും ആശംസകള്‍.' മൃദുല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുന്‍ സിനിമയില്‍ അരങ്ങേറുന്നത്. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.