ഒരുമണിക്കൂറില്‍ 733 പുള്‍ അപ്പുകള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി പോലീസ് ഉദ്യോഗസ്ഥ. ഒരുദശകത്തോളം പഴക്കമുള്ള നിലവിലെ റെക്കോഡ് തകര്‍ത്താണ് ഇവര്‍ റെക്കോഡിലേക്ക് കൈപിടിച്ചുയര്‍ന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയായ ജേഡ് ഹെന്‍ഡേഴ്‌സണ്‍ ആണ് അതിശയിപ്പിക്കുന്ന ഈ റെക്കോഡ് സ്വന്തമാക്കിയതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അറിയിച്ചു.

To advertise here,

ഒരുമിനിറ്റില്‍ 12 പുള്‍ അപ്പുകള്‍ എന്ന കണക്കിലായിരുന്നു ജേഡിന്റെ പ്രകടനം. ഓസ്‌ട്രേലിയന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ വെച്ച് ഓഗസ്റ്റ് 22-നാണ് ജേഡ് തന്റെ റെക്കോഡ് പ്രകടനം നടത്തിയത്. 2016-ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെയുള്ള ഇവ ക്ലാര്‍ക്കിന്റെ 725 പുള്‍ അപ്പുകള്‍ എന്ന റെക്കോഡാണ് ജേഡ് പഴങ്കഥയാക്കിയത്. ജേഡിന്റെ റെക്കോഡ് പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തന്റെ റെക്കോഡ് നേട്ടം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ജേഡ് പ്രതികരിച്ചത്. തന്റെ നേട്ടം തങ്ങളുടെ അതിരുകള്‍ മറികടക്കാനും കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കാനും പ്രചോദിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. മറ്റാരും ചെയ്യാത്ത എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് താന്‍ പുള്‍ അപ്പ് റെക്കോഡിനായുള്ള പരിശീലനം ആംഭിച്ചതെന്നും ജേഡ് കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂര്‍ സമയം പുള്‍ അപ്പ് എടുത്തുകൊണ്ടുള്ള റെക്കോഡാണ് ജേഡ് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒലിവിയ വിന്‍സന്റെ 7079 പുള്‍ അപ്പുകള്‍ എന്നതാണ് 24 മണിക്കൂര്‍ സമയത്തിലെ നിലവിലെ റെക്കോഡ്. എന്നാല്‍ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് ഈ അവരെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. 12 മണിക്കൂറില്‍ 3500 പുള്‍ അപ്പുകള്‍ വരെ എടുത്തിരുന്നുവെന്നും ആ സമയത്ത് കൈക്ക് പരിക്കേറ്റുവെന്നും ജേഡ് പറഞ്ഞു.