പ്രണയകാലത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും. അന്നത്തെ പല സാഹസങ്ങളും ഓര്‍ത്ത് നമ്മള്‍ ഇപ്പോള്‍ ചിരിക്കാറുമുണ്ടാകും. അത്തരത്തില്‍  41 വര്‍ഷം മുമ്പ് എഴുതിയ ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ചര്‍ച്ചാവിഷയം. കത്ത് പങ്കുവെച്ച യുവാവിന്റെ അച്ഛനാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. അദ്ദേഹം 1984-ല്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ അച്ഛന് എഴുതിയതാണ് ഈ കത്ത്. 

To advertise here,

അന്ന് അദ്ദേഹത്തിന് 30 വയസായിരുന്നു പ്രായം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കോളേജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സമയത്ത് അവിടെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. ഇന്ന് അച്ഛന് 70 വയസും അമ്മയ്ക്ക് 65 വയസുമാണെന്നും യുവാവ് പറയുന്നു. അടുത്തിടെയാണ് അവര്‍ 40-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അച്ഛന്റെ വീട് ഡല്‍ഹിയിലാണെന്നും അമ്മ ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശിയാണെന്നും യുവാവ് റെഡ്ഡിറ്റിലെ പോസ്റ്റില്‍ പറയുന്നു. 


'നിങ്ങളുടെ മകളെ ഞാന്‍ വിവാഹം കഴിക്കട്ടെ' എന്നാണ് ഈ കത്തില്‍ അദ്ദേഹം തന്റെ കാമുകിയുടെ അച്ഛനോട് ചോദിക്കുന്നത്. 'ജയ് ജോഹര്‍' എന്ന ആശംസയോടെയാണ് കത്ത് തുടങ്ങുന്നത്്. അമ്മയുടെ മാതൃഭാഷയിലാണ് അച്ഛന്‍ കത്ത് എഴുതിയിരിക്കുന്നതെന്നും അമ്മയില്‍ നിന്നാണ് അച്ഛന്‍ ഇത് പഠിച്ചതെന്നും യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.

സര്‍ക്കാര്‍ ജോലിയുള്ളതിനാല്‍ തനിക്ക് സാമ്പത്തികമായി സ്ഥിരതയുണ്ടെന്നും വിവാഹത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു. കത്തില്‍ കാമുകയോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. 'ഈ കത്ത് വായിക്കുമ്പോള്‍ ദേഷ്യം വന്നേക്കാം. എന്നാല്‍ ഞാന്‍ നിങ്ങളുടെ മകളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നിങ്ങളുടെ അനുവാദമില്ലാതെ ഞങ്ങള്‍ ഒരു പടി പോലും മുന്നോട്ട് പോകില്ല. നിങ്ങളുടെ അനുഗ്രഹം കിട്ടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്റെ കൂടെ ജീവിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ മകള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാകില്ല. അങ്കിളിന്റേയും ആന്റിയുടേയും അനുഗ്രഹം വേണം.'-കത്തില്‍ പറയുന്നു.

അതിമനോഹരമായ ഈ കത്തിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. 'എന്തായിരുന്നു ഈ കത്തിനോട് നിങ്ങളുടെ മുത്തച്ഛന്റെ പ്രതികരണം' എന്നാണ് ഒരാള്‍ ചോദിച്ചത്. മുത്തച്ഛന്‍ അച്ഛന്റെ വീട്ടുകാരോട് സംസാരിച്ചുവെന്നും തൊട്ടടുത്ത വര്‍ഷം അവരുടെ വിവാഹം കഴിഞ്ഞുവെന്നും യുവാവ് പറയുന്നു.