ഇരുവർക്കുമെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

സ്റ്റാൻഡ് അപ്പ് കോമഡിയിൽ നടത്തിയ '370 രൂപയുടെ ബിരിയാണി' പരാമർശത്തിലെ വിവാദം സോഷ്യൽ മീഡിയയ്ക്ക് പുറത്തേക്ക്. വിഷയത്തിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ പ്രണീത് മോറെയ്ക്കും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഹിമാൻഷു ജാഗ്രയ്ക്കും ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു. ജൂൺ 22-ന് കമ്മിഷന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചുകൊണ്ടാണ് ഇരുവർക്കും നോട്ടീസ് അയച്ചത്.
ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നത് ഉൾപ്പെടെയുള്ള പോലീസ് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയാ രഹത്കർ ഹരിയാണ ഡയറക്ടർ ജനറലിന് കത്തയച്ചു. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കത്തിലൂടെ അവർ ആവശ്യപ്പെട്ടു. നേരത്തേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഹിമാൻഷു ജാഗ്രയെ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
അതേസമയം പ്രണിത് മോറെ, ഹിമാൻഷു ജാഗ്ര, ഡോ. സെജൻ പവാർ എന്നിവർക്കെതിരെ മഹാരാഷ്ട്ര പോലീസിന്റെ സൈബർ വിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിഎൻഎസ്, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം നോഡൽ സൈബർ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
370 രൂപയുടെ ബിരിയാണി
പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോയിലാണ് ഹിമാൻഷു ജാഗ്ര ഗുരുതരമായ പരാമർശം നടത്തിയത്. ഒരു പെൺകുട്ടിക്കൊപ്പം ഡേറ്റിങ്ങിന് പോയപ്പോൾ അവൾക്ക് 370 രൂപ ചെലവാക്കി ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും അതിന് പകരമായി ലൈംഗികത പ്രതീക്ഷിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പെൺകുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ട് പോലും നിർബന്ധിച്ച് അടുത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി. ചെലവാക്കിയ പണം പരമാവധി മുതലാക്കണമെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു ഇത്. ഇരുട്ട് നിറഞ്ഞ പാർക്കിൽ വെച്ച് അവളുടെ എതിർപ്പ് അവഗണിച്ച് ബലമായി ചുംബിച്ചു. കൂടാതെ അവളുടെ വസ്ത്രത്തിനുള്ളിലേക്ക് കൈ കടത്തിയെന്നും ഹിമാൻഷു തുറന്ന് പറഞ്ഞു. ഹിമാൻഷു പറഞ്ഞത് കേട്ട് സദസ്സിൽ നിന്ന് പൊട്ടിച്ചിരിയും കൈയടിയും ഉയരുകയും ചെയ്തിരുന്നു.
പെൺകുട്ടി വീട്ടിൽ വിടാനായി ആവശ്യപ്പെട്ടപ്പോൾ അവളെ വീട്ടിലാക്കി കൊടുത്തു. വീട്ടിലെത്തിയപ്പോൾ തന്റെ ഉദ്ദേശം പെൺകുട്ടിയോട് തുറന്നുപറഞ്ഞു. '370 രൂപ ഞാൻ ചെലവാക്കി. അത് ഞാൻ മുതലാക്കും എന്ന് ഞാൻ അവളോട് പറഞ്ഞു' എന്നാണ് ഷോയിൽ ഹിമാൻഷു ജാഗ്ര പറഞ്ഞു. യഥാർഥത്തിൽ ഈ ഭാഗമാണ് ആദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിമർശനമുയരുകയും ചെയ്തത്.
പുരുഷ മൃതദേഹങ്ങളെ അപമാനിച്ച സെജൻ
സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതാണ് വനിതാ ഡോക്ടറായ സെജൻ പവാറിനെതിരെ കേസെടുക്കാൻ കാരണം. ഏതാനും മാസം മുമ്പാണ് ഡോ. സെജൽ വിവാദപരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയായിരുന്നു. ഇതോടെയാണ് വനിതാ ഡോക്ടർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. തുടർന്ന് ഡോ. സെജൽ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനെ കുറിച്ചാണ് ഡോ. സെജൽ ഷോയിൽ സംസാരിച്ചത്. അത്തരത്തിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾ മൃതദേഹങ്ങളെ കുറിച്ച് തമാശകൾ പറയാറുണ്ടോ എന്ന പ്രണീത് മോറിന്റെ ചോദ്യത്തിന് മറുപടിയായാണ് വിവാദപരാമർശം ഉണ്ടായത്. പുരുഷമൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം തങ്ങൾ താരതമ്യം ചെയ്ത് തമാശ പറയാറുണ്ടെന്നായിരുന്നു സെജൽ പറഞ്ഞത്. മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നവർ ഇനി രണ്ടുവട്ടം ചിന്തിക്കുമെന്നാണ് പ്രണീത് ഇതിന് മറുപടിയായി പറഞ്ഞത്.
Content Highlights: The National Commission for Women issued notices to comedian Praneet More and Himanshu Jagra over a controversial viral video regarding a dating incident involving a 370 rupee biryani bill, ordering them to appear before the commission on June 22.
Published: 11 Jun 2026, 09:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented