ഹിന്ദിയെ 'ദേശീയ ഭാഷ' എന്ന് വിശേഷിപ്പിച്ചതിൽ പരസ്യമായി മാപ്പ് പറയുകയും വിഷയത്തിൽ വ്യക്തത വരുത്തുകയും ചെയ്ത് കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ. 'ഒറിജിനൽ മോൺസ്റ്റർ' എന്ന ചിത്രത്തിന്റെ ചടങ്ങിൽ സംസാരിക്കവേയാണ് താരം ഹിന്ദി ഭാഷയെക്കുറിച്ചുള്ള പരാമർശം നടത്തിയത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും ആശയക്കുഴപ്പം മൂലമാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയിലെ അനേകം ഭാഷകളിൽ ഒന്നു മാത്രമാണ് ഹിന്ദിയെന്നും, അതിനെ ദേശീയ ഭാഷ എന്ന് തെറ്റായി വിശേഷിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

തന്റെ ഭാഷയായ കന്നഡയ്ക്ക് തന്നെയാണ് എപ്പോഴും പ്രഥമ പരിഗണനയെന്ന് ശിവ രാജ്കുമാർ വ്യക്തമാക്കി. ഹിന്ദി സംസാരിക്കുന്നവർക്ക് അവരുടെ ഭാഷ എത്രത്തോളം പ്രധാനമാണോ, അത്രത്തോളം തന്നെ പ്രധാനമാണ് തങ്ങൾക്ക് കന്നഡ ഭാഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബദ്ധത്തിൽ സംഭവിച്ച പിഴവാണിതെന്നും, തനിക്ക് അതിൽ കാര്യമായി അറിവില്ലായിരുന്നുവെന്നും പറഞ്ഞ് അദ്ദേഹം തൻ്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു.

'ഒറിജിനൽ മോൺസ്റ്റർ' എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെയാണ് സംഭവം ഉണ്ടായത്. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഹിന്ദി സംഭാഷണങ്ങൾ പറയുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ഹിന്ദി തന്റെ രണ്ടാമത്തെ ഭാഷയാണെന്നും അത് എളുപ്പമുള്ള ദേശീയ ഭാഷയാണെന്നും തനിക്ക് സംസാരിക്കാൻ അറിയാമെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുകയുണ്ടായി.

താരത്തിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിലുടനീളമുള്ള ഹിന്ദിയുടെ വ്യാപകമായ ഉപയോഗമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നാണ് ആരാധകർ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞത്. ആർ. ചന്ദ്രു സംവിധാനം ചെയ്യുന്ന 'ഒറിജിനൽ മോൺസ്റ്റർ' 1990-കൾക്കും 2000-ത്തിനും ഇടയിലുള്ള പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രമാണ്. കന്നഡയിലും ഹിന്ദിയിലുമായി നിർമ്മിക്കുന്ന ഈ ചിത്രം ശിവ രാജ്കുമാറിന്റെ ഹിന്ദി സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ്.

ഒക്ടോബർ 2-ന് റിലീസ് ചെയ്യുന്ന 'ബെയിൽ' ആണ് ശിവ രാജ്കുമാറിന്റേതായി പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. കൂടാതെ 'ഡാഡ്', '666 ഓപ്പറേഷൻ ഡ്രീം തിയേറ്റർ' എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. ഇതുകൂടാതെ 'ജയിലർ 2', 'പികാസോ' എന്നീ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.