സ്റ്റാൻഡ് അപ്പ് കോമഡി ഷോയിലെ സ്ത്രീവിരുദ്ധ പരാമർശത്തിന് പിന്നാലെ യുവാവിന് ജോലി പോയ സംഭവത്തിന് പിന്നാലെ വീണ്ടും മറ്റൊരു സ്റ്റാൻഡ് അപ്പ് കോമഡി വിവാദം. യുവ വനിതാ ഡോക്ടറാണ് ഇത്തവണ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് നടത്തിയ പരാമർശം വിവാദമായതോടെ ഡോ. സെജൽ പവാർ പരസ്യമായി മാപ്പ് പറഞ്ഞു. പ്രണീത് മോറിന്റെ സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ തന്നെയാണ് ഈ സംഭവവും അരങ്ങേറിയത്.

To advertise here,

ഏതാനും മാസം മുമ്പാണ് ഡോ. സെജൽ സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ വിവാദപരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി. ഇതോടെയാണ് വനിതാ ഡോക്ടർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. തുടർന്നാണ് ഡോ. സെജലിന് മാപ്പ് പറയേണ്ടി വന്നത്. ഇൻസ്റ്റഗ്രാം ബയോയിലെ വിവരം പ്രകാരം സെജൽ മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡോക്ടറാണ്. മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ ഉൾപ്പെടെ ഇൻസ്റ്റഗ്രാമിലെ തന്റെ മുഴുവൻ പോസ്റ്റുകളും സെജൽ നീക്കം ചെയ്തു.

താൻ ഇത് ഒരിക്കലും ആവർത്തിക്കില്ല എന്ന് മാപ്പ് പറയുന്ന വീഡിയോയിൽ ഡോ. സെജൽ പറഞ്ഞു. 'മൂന്ന് മാസം മുമ്പ് ഒരു ഷോയിൽ ഞാൻ പറഞ്ഞൊരു കാര്യത്തിന്റെ ഒരു ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. വളരെ തെറ്റായൊരു കാര്യമാണ് ഞാൻ പറഞ്ഞത്. അതിൽ ഞാൻ വളരെ ഖേദിക്കുന്നു. ഞാൻ അത് മനഃപൂർവം പറഞ്ഞതല്ല. അത് എന്റെ ആദ്യ സ്റ്റാൻഡ് അപ്പ് കോമഡി ഷോയായിരുന്നു. മാസങ്ങൾക്ക് ശേഷം അതൊരു വിവാദമാകുമെന്ന് ഞാൻ കരുതിയില്ല. ഞാൻ ഒരിക്കലും സ്വയം ന്യായീകരിക്കുന്നില്ല. പരസ്യമായി മാപ്പ് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒപ്പം ഇത് ആവർത്തിക്കില്ലെന്ന ഉറപ്പും.' -ഡോ. സെജൽ പറഞ്ഞു.

താൻ നിഷ്‌കളങ്കമായാണ് ഷോയിൽ സംസാരിച്ചത്. താനും തന്റെ സഹപ്രവർത്തകരും മൃതദേഹങ്ങളെ ബഹുമാനിക്കുന്നു. എന്നാലും താൻ ഒരിക്കലും ആ 'തമാശ' പറയാൻ പാടില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ തന്റെ മാപ്പ് പ്രസ്താവനാ രൂപത്തിൽ ഡോ. സെജൽ പുറത്തുവിട്ടിട്ടുണ്ട്.

മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനെ കുറിച്ചാണ് ഡോ. സെജൽ ഷോയിൽ സംസാരിച്ചത്. അത്തരത്തിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾ മൃതദേഹങ്ങളെ കുറിച്ച് തമാശകൾ പറയാറുണ്ടോ എന്ന പ്രണീത് മോറിന്റെ ചോദ്യത്തിന് മറുപടിയായാണ് വിവാദപരാമർശം ഉണ്ടായത്. പുരുഷമൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം തങ്ങൾ താരതമ്യം ചെയ്ത് തമാശ പറയാറുണ്ടെന്നായിരുന്നു സെജൽ പറഞ്ഞത്. മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നവർ ഇനി രണ്ടുവട്ടം ചിന്തിക്കുമെന്നാണ് പ്രണീത് ഇതിന് മറുപടിയായി പറഞ്ഞത്.