എട്ട് മാസം കൊണ്ട് 31 കിലോ ശരീരഭാരം കുറച്ചതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടിയ യുവതിയുടെ കഥ പറയുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള കാര്‍ഡിയോളജിസ്റ്റ് ഡോ. കുമാര്‍ കെഞ്ചപ്പ. ചിട്ടയായ ജീവിതശൈലി മാറ്റങ്ങളിലൂടെയാണ് ബെംഗളുരു സ്വദേശിയായ അവര്‍ ഈ നേട്ടം കൈവരിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കലോറി കുറയ്ക്കല്‍, ദിവസേനയുള്ള വേഗത്തിലുള്ള നടത്തം, ശക്തി വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍, സമീകൃതാഹാരം എന്നിവ അവര്‍ ജീവിതത്തിന്റെ ഭാഗമാക്കി. കുറുക്കുവഴികളിലൂടെയല്ല, മറിച്ച് അച്ചടക്കമുള്ള ജീവിതശൈലിയിലൂടെയാണ് ആരോഗ്യപരമായ പുരോഗതി അവര്‍ കൈവരിച്ചത്.

To advertise here,

2024 ഡിസംബറിലാണ് യുവതി ഡോ. കെഞ്ചപ്പയെ ആദ്യമായി കാണാനെത്തിയത്. 96 കിലോഗ്രാം ഭാരമുണ്ടായിരുന്ന അവര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്ലീപ് അപ്നിയ, ക്ഷീണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ഡോക്ടര്‍ അവര്‍ക്കായി ലളിതവും എന്നാല്‍ വെല്ലുവിളി നിറഞ്ഞതുമായ ഒരു വെയ്റ്റ് ലോസ് പദ്ധതി തയ്യാറാക്കി. എട്ടുമാസക്കാലം കൊണ്ട് അവര്‍ 31 കിലോ ശരീരഭാരം കുറച്ച് 65 കിലോയിലെത്തി. ഇപ്പോള്‍ അവര്‍ക്ക് രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ ആവശ്യമില്ല, സ്ലീപ് അപ്നിയയ്ക്ക് BiPAP ആവശ്യമില്ല, മുമ്പുണ്ടായിരുന്ന എല്ലാ രോഗാവസ്ഥകളില്‍ നിന്നും അവര്‍ മുക്തയായി.

ശരീരഭാരം കുറയ്ക്കാന്‍ യുവതി ചെയ്ത കാര്യങ്ങള്‍

അവരുടെ ഈ മാറ്റത്തിന് പിന്നില്‍ ലളിതവും ചിട്ടയുള്ളതുമായ ശീലങ്ങളായിരുന്നു.

  • സമീകൃതാഹാരത്തിലൂടെ കലോറി കുറയ്ക്കുക.
  • വീട്ടില്‍ തന്നെ പേശീബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക.
  • ദിവസവും 6-7 കിലോമീറ്റര്‍ വേഗത്തില്‍ നടക്കുക.
  • ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക.
  • അത്താഴം നേരത്തെ കഴിക്കുക.
  • ശരീരഭാരത്തിനനുസരിച്ച് ഒരു കിലോഗ്രാമിന് ഒരു ഗ്രാം എന്ന കണക്കില്‍ പ്രോട്ടീന്‍ കഴിക്കുക.

കലോറി കുറഞ്ഞ ഭക്ഷണക്രമത്തിന്റെ ഗുണങ്ങള്‍

ഹെല്‍ത്ത്ലൈന്‍ പറയുന്നതനുസരിച്ച്, ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി കളയുക എന്നതാണ്. ഇത് ഭക്ഷണത്തില്‍ കലോറി കുറയ്ക്കുന്നതിലൂടെയോ, ശാരീരിക വ്യായാമം വര്‍ധിപ്പിക്കുന്നതിലൂടെയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ച് ചെയ്യുന്നതിലൂടെയോ സാധ്യമാക്കാം.

സമീകൃതമായ ഭക്ഷണക്രമം ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മധുരമുള്ള പാനീയങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് അധിക കലോറി കുറയ്ക്കാന്‍ സഹായിക്കും.

ശാരീരിക വ്യായാമം ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കുന്നു. മുതിര്‍ന്നവര്‍ ആഴ്ചയില്‍ 150-300 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമമോ അല്ലെങ്കില്‍ 75-150 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യണം. ഇതോടൊപ്പം ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളും ചെയ്യണം. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികള്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

 

ശ്രദ്ധിക്കുക: മരുന്നുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നത് ഡോക്ടറുടെ നിർദേശത്തോടെ മാത്രമേ പാടുള്ളൂ