ഇന്നും ഏറ്റവും കുറച്ചുമാത്രം തുറന്നു സംസാരിക്കപ്പെടുകയും എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ഒന്നാണ് സ്ത്രീ ലൈംഗികത. സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ പഠനം.

To advertise here,

ഏകദേശം ഇരുപത്തെട്ടായിരത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ സ്ത്രീകളുടെ ലൈംഗിക സംതൃപ്തി, രതിമൂർച്ഛ എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും സോളോസെക്‌സും പങ്കാളിയുമൊത്തുള്ള ലൈംഗിക അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും വിപ്ലവാത്മകമായ നിരീക്ഷണങ്ങളാണ് പങ്കുവയ്ക്കുന്നത്. 'ആർക്കൈവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ' എന്ന അന്താരാഷ്ട്ര ശാസ്ത്രീയ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, സോളോ സെക്‌സിലാണ് സ്ത്രീകൾ കൂടുതൽ ഓർഗാസം അനുഭവിക്കുന്നതെന്നും എന്നാൽ ലൈംഗിക സംതൃപ്തിക്ക് പങ്കാളിയുമൊത്തുള്ള നിമിഷങ്ങളിലെ ഓർഗാസമാണ് കൂടുതൽ നിർണ്ണായകം എന്നും ചൂണ്ടിക്കാണിക്കുന്നു. ഫ്‌ളോ ഹെൽത്ത് സ്ഥാപനത്തിലെ ഗവേഷകരായ യെല്ല ഹെവിങ്‌സ്-മാർട്ടിൻ , ആദം സി. കന്നിങ്ഹാം , ജോർദാൻ റുല്ലോ, കാരെൻ എൽ. ബ്ലെയർ, കാർലി പ്രെന്റിസ് എന്നിവരടങ്ങുന്ന സംഘമാണ് ആഴത്തിലുള്ള പഠനത്തിന് നേതൃത്വം നൽകിയത്.

സ്ത്രീകൾ ഉപയോഗിക്കുന്ന 'ഫ്‌ളോ' ആപ്പിലെ 18 വയസ്സിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഉപയോക്താക്കൾക്കാണ് ചോദ്യാവലി നൽകിയത്. ആകെ 70,424 പേർ സർവേയോട് പ്രതികരിച്ചു. ഇതിൽനിന്ന് വിശ്വാസയോഗ്യമായ 27,931 ഐഡികളിൽനിന്നുള്ള പൂർണ്ണ വിവരങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ആറു മാസക്കാലത്തെ ലൈംഗികാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പങ്കെടുക്കുത്തവർ വിവരങ്ങൾ നൽകിയത്. സർവേയിൽ പങ്കെടുത്ത 47 ശതമാനം സ്ത്രീകളും വ്യക്തമാക്കിയത്, പങ്കാളിയുമൊത്തുള്ള രതിയേക്കാൾ സോളോ സെക്‌സിൽ രതിമൂർച്ഛയുണ്ടാകുന്നുണ്ടെന്നാണ്. അതേസമയം 21 ശതമാനം പേർ പങ്കാളിയുമൊത്തുള്ളപ്പോഴാണ് കൂടുതൽ ഓർഗാസം ലഭിക്കുന്നതെന്ന് പറഞ്ഞപ്പോൾ, 27 ശതമാനം പേർക്ക് രണ്ടു രീതിയിലും വ്യത്യാസങ്ങൾ അനുഭവപ്പെട്ടില്ല. പങ്കാളിയെ പ്രീതിപ്പെടുത്താനോ അവരുടെ ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങാനോ ഉള്ള സമ്മർദ്ദമില്ലാത്ത അവസ്ഥ സ്വയംഭോഗ വേളകളിൽ സ്ത്രീക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. സ്വന്തം ശരീരത്തെക്കുറിച്ചുള്ള പൂർണമായ അറിവും അവരെ അതിന് സഹായിക്കുന്നുണ്ട്. പങ്കാളിയുടെ മുന്നിൽ സ്വന്തം ശരീരത്തിന്റെ അളവുകളെയോ ഭംഗിയെയോ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടേണ്ടതില്ലാത്ത അന്തരീക്ഷം സോളോ സെക്‌സിൽ ലഭിക്കുന്നു.

അതേസമയം പങ്കാളിയുമൊത്തുള്ള രതിയിൽ പലപ്പോഴും ഓർഗാസം ലഭിക്കാതെ പോകുന്നതിന് പ്രധാന കാരണങ്ങളായി സ്ത്രീകൾ ചൂണ്ടിക്കാണിച്ചത് പങ്കാളി വളരെ വേഗത്തിൽ രതിമൂർച്ഛയിലെത്തി ലൈംഗികബന്ധം അവസാനിപ്പിക്കുന്നതാണ്. പരസ്പരം വികാരങ്ങളും താല്പര്യങ്ങളും തുറന്നു സംസാരിക്കാനുള്ള വിമുഖത, ദൈനംദിന ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങൾ, ലൈംഗികബന്ധത്തിനിടെ അനുഭവപ്പെടുന്ന ശാരീരിക വേദന എന്നിവയും വിലങ്ങുതടി ആകാറുണ്ട്. 2024-ൽ നടന്ന മറ്റൊരു പഠനത്തിൽ 38 മുതൽ 92 ശതമാനം വരെ സ്ത്രീകൾ സോളോസെക്‌സിൽ സ്ഥിരമായി ഓർഗാസം കൈവരിക്കുമ്പോൾ പുരുഷ പങ്കാളിയുമൊത്തുള്ള ലൈംഗികബന്ധത്തിൽ വലിയൊരു വിഭാഗം സ്ത്രീകൾക്കും അത് സാധ്യമാകുന്നില്ല.

പഠനത്തിൽ പങ്കെടുത്തവരിൽ 56.2 ശതമാനം പേർ തങ്ങളുടെ ലൈംഗിക ജീവിതത്തിൽ തൃപ്തരാണെന്ന് വ്യക്തമാക്കിയപ്പോൾ 19.5 ശതമാനം പേർ അസംതൃപ്തി രേഖപ്പെടുത്തി. 36.9 ശതമാനം പേർ തങ്ങൾ എപ്പോഴും അല്ലെങ്കിൽ മിക്കപ്പോഴും ഓർഗാസം കൈവരിക്കാറുണ്ടെന്ന് രേഖപ്പെടുത്തി.

എന്നാൽ ഈ പഠനത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ, സ്വയംഭോഗത്തിലൂടെ സ്ത്രീകൾക്ക് കൂടുതൽ തവണ ഓർഗാസം ലഭിക്കുന്നുണ്ടെങ്കിലും, അവരുടെ ലൈംഗിക സംതൃപ്തിയെ നിർണ്ണയിക്കുന്നത് പങ്കാളിയുമൊത്തുള്ള ലൈംഗികത തന്നെയാണ്. അതായത്, സോളോസെക്‌സ് ഒരു സ്ത്രീയുടെ ശാരീരികമായ ആവശ്യ നിവൃത്തി മാത്രമായി മാറുകയും, പങ്കാളിയുമൊത്തുള്ള അനുഭവം അവർക്ക് മാനസികവും ആത്മബന്ധമുള്ളതുമായ സംതൃപ്തി നൽകുകയും ചെയ്യുന്നു. പങ്കാളിയുമൊത്തുള്ള നിമിഷങ്ങളിൽ പരസ്പരമുള്ള വൈകാരിക അടുപ്പം, പങ്കാളിയോടുള്ള ആകർഷണം, എന്നിവയാണ് സംതൃപ്തി നൽകുന്നത്.

പഠനം മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന കാര്യം ലൈംഗിക വൈവിധ്യത്തെക്കുറിച്ചാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പരീക്ഷിക്കുന്ന വൈവിധ്യമാർന്ന രീതികളെയാണ് ഇതിൽ പരിശോധിച്ചത്. പങ്കാളിയുമായി പരീക്ഷണങ്ങൾ നടത്തുന്നവരിൽ ലൈംഗിക സംതൃപ്തി വളരെ ഉയർന്ന നിലയിലാണെന്ന് കണ്ടെത്തി. അതുപോലെ സ്വയംഭോഗത്തിൽ കൂടുതൽ വൈവിധ്യങ്ങൾ പരീക്ഷിക്കുന്നത് സ്ത്രീകളുടെ ലൈംഗിക സംതൃപ്തി വർധിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, ചില സന്ദർഭങ്ങളിൽ അത് കുറഞ്ഞ സംതൃപ്തിയുടെ സൂചനയുമായി മാറാറുണ്ട്. പങ്കാളിയുമൊത്തുള്ള ലൈംഗിക ജീവിതം അസംതൃപ്തമാകുമ്പോൾ അതിന് പകരമായി സ്ത്രീകൾ വൈവിധ്യമാർന്ന രീതികൾ പരീക്ഷിക്കാൻ മുതിരുന്നതുകൊണ്ടാവാം ഇതെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.

സ്ത്രീകളുടെ ലൈംഗികത കേവലം ശരീരത്തിന്റെ മാത്രം വിഷയമല്ല, അത് പങ്കാളികൾ തമ്മിലുള്ള ശക്തമായ വൈകാരിക ബന്ധത്തിന്റെയും തുറന്ന ആശയവിനിമയത്തിന്റെയും ഫലമാണ്. തനിയെ ആയിരിക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്ന സമ്മർദ്ദമില്ലാത്ത അന്തരീക്ഷവും തങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യവും പങ്കാളിയുമൊത്തുള്ള ബന്ധത്തിലേക്കും കൊണ്ടുവരാൻ സാധിക്കണം. പങ്കാളികൾ തമ്മിൽ തങ്ങളുടെ ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിക്കരുത്.