പങ്കാളിക്ക് ശാരീരികബന്ധത്തിൽ താൽപര്യമില്ലെങ്കിലും ബന്ധം നിലനിർത്താനായി ചിലർ അതിന് തയ്യാറാകാറുണ്ട്. ഇത്തരത്തിലുള്ള ലൈംഗികബന്ധത്തെയാണ് 'ഡ്യൂട്ടി സെക്‌സ്' എന്ന് വിശേഷിപ്പിക്കുന്നത്. പങ്കാളിയുടെ സന്തോഷത്തിനുവേണ്ടിയോ വഴക്കുകൾ ഒഴിവാക്കാനോ ബന്ധം തകരാതിരിക്കാനോ വേണ്ടി സ്വന്തം താൽപര്യമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സാഹചര്യമാണിത്. എന്നാൽ ഇതിന് പിന്നിൽ മറ്റൊരു പ്രധാന കാരണമുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. പങ്കാളി മറ്റൊരാളിലേക്ക് ആകർഷിക്കപ്പെടുമോ, തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഭയമാണ് പലരെയും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എവല്യൂഷണറി സൈക്കോളജി എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് പഠനം വന്നത്. പരിണാമപരമായ കാഴ്ചപ്പാടിലൂടെ ഡ്യൂട്ടി സെക്‌സിന്റെ കാരണങ്ങളും പ്രാധാന്യവുമാണ് ഗവേഷകർ പരിശോധിച്ചത്.
ഭയപ്പെടുന്ന പ്രധാന കാരണമിതാണ്
18-നും 24-നും ഇടയിൽ പ്രായമുള്ള 252 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇതിൽ 176 സ്ത്രീകളും 76 പുരുഷന്മാരുമുണ്ടായിരുന്നു. പങ്കാളിയുമായുള്ള ബന്ധം സംരക്ഷിക്കാൻ സ്വന്തം താൽപര്യമില്ലാതെയും ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള പ്രവണത എത്രത്തോളമുണ്ടെന്ന് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. പങ്കാളി മറ്റൊരാളുമായി ബന്ധത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്ന് ഭയപ്പെടുന്നവരിൽ ഡ്യൂട്ടി സെക്‌സിനുള്ള പ്രവണത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. മറ്റു ഘടകങ്ങളെ അപേക്ഷിച്ച് പങ്കാളിയുടെ അവിശ്വസ്തതയെക്കുറിച്ചുള്ള ഭയമാണ് ഇതുമായി കൂടുതൽ ബന്ധപ്പെട്ടിരുന്നത്. പങ്കാളിയെ നഷ്ടപ്പെടുമെന്ന ആശങ്കയുള്ളപ്പോൾ ബന്ധം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചിലർ ലൈംഗികബന്ധത്തിന് തയ്യാറാകുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പങ്കാളി മറ്റൊരാളിലേക്ക് പോകാതിരിക്കാനുള്ള അബോധപൂർവമായ പ്രതികരണമായിരിക്കാം ഇതെന്നും പഠനം മുന്നോട്ടുവെക്കുന്നു.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ
പഠനത്തിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ സ്ത്രീകളും പുരുഷന്മാരും ഒരേ നിരക്കിൽ ഡ്യൂട്ടി സെക്‌സിൽ ഏർപ്പെടുന്നു എന്നതാണ്. പുരുഷന്മാർക്ക് ലൈംഗികതാൽപര്യം കൂടുതലാണെന്ന പൊതുവായ ധാരണയുണ്ടെങ്കിലും ഈ പഠനത്തിൽ അത്തരമൊരു വ്യത്യാസം കണ്ടെത്തിയില്ല. അതേസമയം, ബന്ധത്തിന്റെ ദൈർഘ്യം ഡ്യൂട്ടി സെക്‌സിന്റെ ആവൃത്തിയെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നും ഗവേഷകർ നിരീക്ഷിച്ചു. പുതിയ ബന്ധങ്ങളിലുള്ളവരിലും ദീർഘകാല ബന്ധങ്ങളിലുള്ളവരിലും ഈ പ്രവണത കാണപ്പെടാം.
പരിമിതികൾ
എല്ലാവരുടെയും അനുഭവങ്ങൾ ഒരുപോലെയല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ പങ്കെടുത്തവരുടെ എണ്ണം താരതമ്യേന കുറവാണ്. കൂടാതെ, ഭൂരിഭാഗവും ചെറുപ്പക്കാരും ബന്ധത്തിന്റെ ആദ്യഘട്ടത്തിലുള്ളവരുമായിരുന്നു. സ്വന്തം അനുഭവങ്ങളെക്കുറിച്ച് പങ്കെടുത്തവർ നൽകിയ വിവരങ്ങളെയാണ് പഠനം ആശ്രയിച്ചത്. അതുകൊണ്ട് ഈ കണ്ടെത്തലുകൾ എല്ലാ പ്രായത്തിലുമുള്ള ദമ്പതികൾക്കും ഒരുപോലെ ബാധകമാണെന്ന് പറയാനാകില്ല.
ബന്ധം നിലനിർത്താൻ സ്വന്തം താൽപര്യങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യം ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമാണോ എന്ന ചോദ്യവും ഈ പഠനം ഉയർത്തുന്നു. പങ്കാളിയെ നഷ്ടപ്പെടുമെന്ന ഭയം ലൈംഗികതീരുമാനങ്ങളെ സ്വാധീനിക്കാമെങ്കിലും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം എപ്പോഴും വ്യക്തിപരവും സ്വതന്ത്രവുമായിരിക്കണം. ബന്ധം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരാളുടെ താൽപര്യങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നതിലൂടെ നിറവേറ്റേണ്ടതല്ല.
Content Highlights: Duty sex occurs when individuals engage in intimacy without personal interest to maintain the relationship., New research shows fear of partner infidelity and abandonment is the primary driver for duty sex., Both men and women engage in duty sex at similar rates, according to the study., Relationship duration does not significantly impact the frequency of duty sex.
Published: 04 Nov 2026, 08:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented